കസ്റംസിന്റേതായി വന്ന പത്രക്കുറിപ്പ് അനധികൃതമെന്ന് കമ്മീഷണര്‍
Sunday, May 31, 2015 12:41 AM IST
നെടുമ്പാശേരി: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം കസ്റംസ് ജോയിന്റ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുടെ പേരില്‍ നല്കിയ പത്രക്കുറിപ്പ് അനധികൃതമാണെന്നു കസ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍. സിയാല്‍ പിആര്‍ഒ വഴി നല്കിയ പ്രസ് റിലീസിലാണ് ഇക്കാര്യം പറയുന്നത്. കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് കസ്റംസുമായി നല്ല സഹകരണത്തിലാണെന്നു കമ്മീഷണര്‍ വ്യക്തമാക്കി. മറിച്ചുള്ള പ്രസ്താവന ശരിയല്ല. സിയാലുമായി കസ്റംസിനു മെച്ചപ്പെട്ട ബന്ധമാണുള്ളത്. സ്വര്‍ണക്കള്ളക്കടത്ത് തടയാന്‍ എല്ലാ സഹകരണവും സിയാലില്‍നിന്നു ലഭിക്കുന്നുണ്ട്.


കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ സിഐഎസ്എഫ് കസ്റംസിനു പ്രവേശനം നിഷേധിക്കുന്നതായിട്ടാണു കഴിഞ്ഞ ദിവസത്തെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്. കൊച്ചി വിമാനത്താവളത്തില്‍ വിവിധ ഏജന്‍സികളുമായി കസ്റംസിനുള്ള നല്ല ബന്ധം വികലമാക്കി കാണിക്കുന്ന വിധത്തിലാണു പ്രസ് റിലീസില്‍ പറഞ്ഞിരുന്നത്. അധികൃതരുടെ സമ്മതമോ അംഗീകാരമോ ഇതിനില്ലെന്നും കമ്മീഷണര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.