മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷത്തിനു തുടക്കം
മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷത്തിനു തുടക്കം
Sunday, May 31, 2015 12:46 AM IST
വെള്ളരിക്കുണ്ട്(കാസര്‍ഗോഡ്): മലബാര്‍ കുടിയേറ്റം ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തനമായിരുന്നെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലെ കുഞ്ഞേട്ടന്‍ നഗറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുകയും എല്ലാവരിലും വിശ്വാസ ചൈതന്യം പകര്‍ന്നുകൊടുക്കുകയും ചെയ്തവരാണു കുടിയേറ്റ പിതാക്കന്മാര്‍. മിഷന്‍ലീഗാണു സഭയുടെ ഏറ്റവും വലിയ പ്രേഷിത സംഘടനയെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി.

ഉദ്ഘാടന സമ്മേളനത്തില്‍ മിഷന്‍ലീഗ് ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍ അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ മോണ്‍.ജോര്‍ജ് എളൂക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ജോസ് കാരിക്കുന്നേല്‍, ബെന്നി മുഞ്ഞനാട്ട്, ടൈറ്റസ് തോമസ്, ഫാ. ഫ്രാന്‍സിസ് മേച്ചിറാകത്ത്, ജയ്സണ്‍ മാര്‍ക്കോസ്, ഏലിക്കുട്ടി എടാട്ട്, ജോഷ് ജോ ഒഴുകയില്‍, സച്ചിന്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരിയും മിഷന്‍ലീഗ് ദേശീയ വൈസ് ഡയറക്ടറുമായ ഫാ.ആന്റണി തെക്കേമുറി സ്വാഗതവും ബിനോയി പള്ളിപ്പറമ്പില്‍ നന്ദിയും പറഞ്ഞു.


നേരത്തെ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂള്‍ ഗ്രൌണ്ടില്‍നിന്ന് ആരംഭിച്ച പ്രേഷിത റാലി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്യന്‍ മണ്ഡപത്തില്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രേഷിതറാലിക്ക് ആവേശം പകര്‍ന്നു ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ മുന്‍നിരയില്‍ അണിനിരന്നു. വാദ്യമേളങ്ങളുടെയും നിശ്ചല-ചലന ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന റാലി സെന്റ് ജൂഡ്സ് സ്കൂള്‍ ഗ്രൌണ്ടില്‍ എത്തിച്ചേര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.