കൊച്ചി മെട്രോ: 841 കോടിയുടെ ഫ്രഞ്ച് വായ്പയ്ക്കു ധാരണ
കൊച്ചി മെട്രോ: 841 കോടിയുടെ ഫ്രഞ്ച് വായ്പയ്ക്കു ധാരണ
Sunday, May 31, 2015 12:11 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ കാക്കനാട്ടേക്കു നീട്ടാനുള്ള പദ്ധതിക്കു ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡി സാമ്പത്തിക സഹായം നല്‍കും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഇതിനു തത്വത്തില്‍ ധാരണയായതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 2,017.46 കോടി രൂപയാണ് 11.2 കിലോമീറ്റര്‍ വരുന്ന കലൂര്‍-കാക്കനാട് പാതയ്ക്കു ചെലവ്. വിവിധ നികുതികള്‍ അടക്കമുള്ള തുകയാണിത്. നികുതി കൂട്ടാതെയുള്ള പണത്തിന്റെ പകുതി മാത്രമാണു വായ്പയായി ലഭിക്കുക. 841 കോടി രൂപ വിദേശ വായ്പയായി സമാഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മെട്രോ റെയില്‍ കാക്കനാട്ടേക്കു നീട്ടുന്നതിനു കഴിഞ്ഞ 20നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വിദേശ വായ്പ സ്വീകരിക്കാനുള്ള നടപടി ത്വരിതപ്പെടുത്തിയത്.

ആലുവ മുതല്‍ പേട്ട വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിന് 1,520 കോടി രൂപ എഎഫ്ഡി വായ്പ നല്‍കുന്നുണ്ട്. അവരുടെ സാങ്കേതിക സഹകരണവും പദ്ധതിക്കുണ്ട്. ഈ സാഹചര്യത്തില്‍ കാക്കനാട്ടേക്കുള്ള വികസനത്തിലും സഹകരിക്കാന്‍ അവര്‍ താത്പര്യം അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെയും മറ്റു വിവിധ മന്ത്രാലയങ്ങളുടെയും അനുമതി നേടാനുള്ള നടപടിക്രമങ്ങള്‍ മാത്രമേ ഇനി പൂര്‍ത്തിയാക്കാനുള്ളൂവെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു.


മെട്രോ കാക്കനാട്ടേക്കു നീട്ടുന്നതു സംബന്ധിച്ച ഉത്തരവ് ഇന്നലെയാണു കെഎംആര്‍എല്ലിനു ലഭിച്ചത്. തുടര്‍നടപടികള്‍ക്ക് അനുമതി തേടി ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനു കെഎംആര്‍എല്‍ കത്തെഴുതും. തുടര്‍ന്ന് നിര്‍മാണത്തിനുള്ള ജനറല്‍ കണ്‍സള്‍ട്ടന്റിനെ കണ്െടത്താനായി ആഗോള ടെന്‍ഡര്‍ വിളിക്കും. അതിനൊപ്പം തന്നെ സ്ഥലം ഏറ്റെടുക്കലും മറ്റും തുടങ്ങും. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ അനുബന്ധ നിര്‍മാണമായിട്ടാണു കാക്കനാട് ഇടനാഴിയുടെ പണികളും നടത്തുക.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയം സ്റേഷനില്‍നിന്നു തുടങ്ങുന്ന കാക്കനാട് മെട്രോ ഇടനാഴിയില്‍ പാലാരിവട്ടം ജംഗ്ഷന്‍, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജംഗ്ഷന്‍, കൊച്ചി സെസ്, ചിറ്റേത്തുകര, രാജഗിരി, ഇന്‍ഫോപാര്‍ക്ക് 1, ഇന്‍ഫോപാര്‍ക്ക് 2 എന്നിങ്ങനെ 11 സ്റേഷനുകള്‍ ഉണ്ടാകും.

കാക്കനാട് ഇടനാഴിക്കായി 8.65 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിനു മാത്രം 140.68 കോടി രൂപ ചെലവാകും. മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി 3.85 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് എക്കണോമിക് സര്‍വീസസ് (റൈറ്റ്സ്) ആണ് കാക്കനാട്ടേക്കു മെട്രോപാത നീട്ടാനുള്ള വിശദമായ പദ്ധതി രേഖ തയാറാക്കിയതും ഗതാഗത പഠനം നടത്തിയതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.