ഫോര്‍ട്ട് കൊച്ചി കുരിശിങ്കല്‍ തറവാട് കത്തിനശിച്ചു
ഫോര്‍ട്ട് കൊച്ചി കുരിശിങ്കല്‍ തറവാട് കത്തിനശിച്ചു
Sunday, May 31, 2015 12:54 AM IST
മട്ടാഞ്ചേരി: സ്വാതന്ത്യ്രസമര സേനാനികളുടെ താവളമായിരുന്ന ഫോര്‍ട്ട് കൊച്ചി കെ.ബി. ജേക്കബ് റോഡിലെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കുരിശിങ്കല്‍ തറവാട് കത്തിനശിച്ചു. ഇന്നലെ രാവിലെ ഏഴോടെയാണ് അഗ്നിബാധ ഉണ്ടായത്. പ്രകാശ് ബെര്‍ളിയും സന്തോഷ് ബെര്‍ളിയും താമസിച്ചിരുന്ന കെട്ടിട സമുച്ചയമാണു പൂര്‍ണമായും അഗ്നിക്കിരയായത്. സംഭവസമയത്തു പ്രകാശ് ബെര്‍ളിയും ഭാര്യ പേളിയുമാണു വീട്ടിലുണ്ടായിരുന്നത്.

മുറ്റമടിക്കാനെത്തിയ ജീവനക്കാരിയാണു മുകള്‍നിലയില്‍ തീയാളുന്നതു കണ്ടത്. ഉടനെ പ്രകാശ് ബെര്‍ളിയെ വിളിച്ചുണര്‍ത്തി. ഇതിനിടെ, അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മട്ടാഞ്ചേരി, എറണാകുളം ക്ളബ് റോഡ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍നിന്നായി അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റെത്തി മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നി നിയന്ത്രണവിധേയമാക്കിയത്. ചരിത്രസ്മാരമാക്കേണ്ട ഭവനം പൂര്‍ണമായും കത്തിനശിച്ചു. അപൂര്‍വ രേഖകളും പ്രമാണങ്ങളും ആഭരണങ്ങളും വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി അഗ്നിശമന സേന അറിയിച്ചു. എകെജി, ഇഎംഎസ്, കെ. കേളപ്പന്‍, മുഹമ്മദ് ഇബ്രാഹിം എന്നീ നേതാക്കള്‍ സ്വാതന്ത്യ്രസമര കാലത്ത് ഇവിടെ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. കെ.ബി. ജേക്കബ് ഫോര്‍ട്ട് കൊച്ചി മുനിസിപ്പാലിറ്റിയിലെ ആദ്യ ചെയര്‍മാനായിരുന്നു. മഹാത്മാഗാന്ധി ഫോര്‍ട്ടുകൊച്ചി കടപ്പുറത്തു പ്രസംഗിക്കാനെത്തിയ വേളയില്‍ കുരിശിങ്കല്‍ തറവാട്ടില്‍ വിശ്രമിക്കാനെത്തിയതായി ചരിത്രരേഖകളില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.