വിദ്യാഭ്യാസ മേധാവിയുടെ അവധി വിജിലന്‍സ് കേസ് മൂലം
Sunday, May 31, 2015 12:40 AM IST
പ്രത്യേക ലേഖകന്‍

തൃശൂര്‍: പുതിയ അധ്യയന വര്‍ഷം നാളെ തുടങ്ങാനിരിക്കേ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് ദീര്‍ഘകാല അവധിയില്‍. സുപ്രധാന ദിനങ്ങളില്‍ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതനായ ഡയറക്ടര്‍ അഡീഷണല്‍ ഡയറക്ടര്‍ക്കു ചുമതല നല്‍കിയിരിക്കുകയാണ്.

കോളജ് വിദ്യാഭ്യാസ വകുപ്പില്‍ എല്‍ഡി ക്ളര്‍ക്കുമാര്‍ക്കു യുഡി ക്ളര്‍ക്കായി ക്രമവിരുദ്ധമായി സ്ഥാനക്കയറ്റം നല്‍കിയെന്ന് ആരോപിച്ചുള്ള വിജിലന്‍സ് കേസില്‍ പ്രതിയായ കോളജ് വിദ്യാഭ്യാസ മുന്‍ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ ഭട്ട് ഏഴാം തീയതിവരെയാണ് അവധി. വിജിലന്‍സ് പോലീസിന്റെ ഉപദേശപ്രകാരമാണത്രേ ഭട്ട് ഏതാനും ദിവസമായി അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.

2009ല്‍ കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിയമവിരുദ്ധമായി 78 എല്‍ഡി ക്ളര്‍ക്കുമാരെ യുഡി ക്ളര്‍ക്കുമാരായി സ്ഥാനക്കയറ്റം നല്‍കിയതിനെ ചോദ്യംചെയ്തു തിരുവനന്തപുരം വിജിലന്‍സ് കോടതിയിലുള്ള ഹര്‍ജിയില്‍ വിചാരണ പുരോഗമിക്കുന്നതിനിടയിലാണു ഭട്ടിനെ സര്‍വീല്‍നിന്നു മാറ്റിനിര്‍ത്തിയത്.

കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള ഓഫീസുകളില്‍ യുഡി ക്ളര്‍ക്കുമാരുടെ 198 ഒഴിവുകള്‍ ഉണ്ടായിരിക്കേ, 276 എല്‍ഡി ക്ളര്‍ക്കുമാര്‍ക്കു 2010 ജൂലൈ 12നു സ്ഥാനക്കയറ്റം നല്‍കിയെന്നാണു കേസിലെ പ്രധാന ആരോപണം. ചട്ടവിരുദ്ധമായി അധികമായി സൃഷ്ടിച്ച 78 തസ്തികകളിലേക്കു സ്ഥാനക്കയറ്റം നല്‍കിയതുമൂലം ശമ്പളഇനത്തില്‍ സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയെന്നു കേസില്‍ ആരോപിക്കുന്നു.


ഉദ്യോഗക്കയറ്റത്തിനു പരിഗണിക്കേണ്ടിയിരുന്ന സീനിയോറിറ്റി ലിസ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ ഇല്ലെന്നും 203 തസ്തികയില്‍ നിയമനം നടത്താന്‍ മാത്രമേ സര്‍ക്കാരിന്റെ അനുമതി ഉണ്ടായിരുന്നുള്ളൂവെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു കേസ് ഫയല്‍ ചെയ്തത്.

വിദ്യാഭ്യാസ വകുപ്പില്‍നിന്നു വിരമിച്ച തൃശൂര്‍ ജില്ലയിലെ നെല്ലായി വയലൂര്‍ സ്വദേശി പുത്തൂര്‍ക്കര കളരിക്കല്‍ പി. ഗോപാലകൃഷ്ണന്‍ ഫയല്‍ ചെയ്ത കേസാണിത്. സീനിയോരിറ്റി പട്ടികയോ മാനദണ്ഡമോ പാലിക്കാതെ നടത്തിയ ക്രമവിരുദ്ധമായ സ്ഥാനക്കയറ്റത്തിലൂടെ സ്ഥാനലബ്ധി നേടിയവര്‍ക്കു വീണ്ടും സ്ഥാനക്കയറ്റം ലഭിച്ചതായി ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹര്‍ജിയിലെ വാദങ്ങള്‍ കോടതി ശരിവച്ചാല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിയായിരുന്ന ഗോപാലകൃഷ്ണ ഭട്ട് അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിടും. കേസ് ജൂലൈ 17നു പരിഗണിക്കും.

അവിഹിതമായി സ്ഥാനക്കയറ്റം ലഭിച്ചതായി ആരോപിക്കപ്പെടുന്ന 78 പേരുടെ സ്ഥാനക്കയറ്റം റദ്ദാകുകയും കൂടുതലായി വാങ്ങിയ ശമ്പളം തിരിച്ചടയ്ക്കേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യും.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഒഴിവുകള്‍ നിലവില്‍ വന്ന തീയതികള്‍ അറിയില്ലെന്നും സീനിയോറിറ്റി ലിസ്റ് ഇല്ലെന്നും മറ്റും മറുപടി നല്‍കിയതു നിരുത്തരവാദപരവും ക്രമവിരുദ്ധവുമാണെന്നു സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഡോ.കുര്യാസ് കുമ്പളക്കുഴി നേരത്തെ വിലയിരുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.