ആറന്മുള വിമാനത്താവളം: അന്വേഷണ ആവശ്യം അട്ടിമറിച്ചു
ആറന്മുള വിമാനത്താവളം: അന്വേഷണ ആവശ്യം അട്ടിമറിച്ചു
Wednesday, June 3, 2015 12:22 AM IST
സ്വന്തം ലേഖകന്‍

ആറന്മുള: ആറന്മുള വിമാനത്താവളത്തിനു ലഭിച്ച പ്രാഥമികാനുമതി മുതല്‍ നടപടിക്രമങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരിനു ലഭിച്ച ശിപാര്‍ശകള്‍ അട്ടിമറിക്കപ്പെട്ടു. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആറന്മുളയുമായി ബന്ധപ്പെട്ട ഫയലുകള്‍ വ്യവസായ വകുപ്പിന്റെ ശിപാര്‍ശയോടെ മന്ത്രിസഭയ്ക്കു നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണങ്ങള്‍ വേണ്െടന്ന നിലപാടിലാണ് മന്ത്രിസഭ എത്തിയതെന്നു പറയുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന പേരില്‍ വികസനപ്രക്രിയകള്‍ അട്ടിമറിക്കേണ്െടന്ന നിലപാടാണ് മുഖ്യമന്ത്രിയും സ്വീകരിച്ചത്.

വിമാനത്താവളത്തിനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന അനുമതി പിന്‍വലിക്കുകയും ആറന്മുളയില്‍ നികത്തിയ സ്ഥലത്തിന്റെ ഒരുഭാഗം ഹൈക്കോടതി നിര്‍ദേശപ്രകാരം പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്യുന്നതോടെ കെജിഎസ് ഗ്രൂപ്പിന്റെ നിലപാടുകളും നിര്‍ണായകമാകുകയാണ്. കോടിക്കണക്കിനു രൂപ ഇതിനോടകം ആറന്മുളയില്‍ മുതല്‍മുടക്കിയ കെജിഎസിന് പെട്ടെന്നൊരു മടക്കം സാധ്യമല്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കെജിഎസ് കത്തയച്ചിട്ടുണ്ട്. 2014ല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുകയും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയിലും മുന്‍ഗണനാപട്ടികയിലും സ്ഥാനംപിടിക്കുകയും ചെയ്ത പദ്ധതി യാഥാര്‍ഥ്യമാക്കാമെന്ന പ്രതീക്ഷ കെജിഎസ് ഇപ്പോഴും കൈവിട്ടിട്ടില്ല.

കെജിഎസ് ആറന്മുള വിട്ടാലും ഇല്ലെങ്കിലും അനുമതിയും വിമാനത്താവള വിരുദ്ധസമരവും സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാന്‍ കാരണമായേക്കും. ഇരുമുന്നണികളിലും ബിജെപിയിലും പദ്ധതിക്ക് അനുകൂലമായി ആദ്യഘട്ടത്തില്‍ നിലപാടു സ്വീകരിച്ചവരും പിന്നീട് എതിര്‍ത്തവരും നിരവധിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കെജിഎസ് ധവളപത്രമായി പുറത്തിറക്കുമെന്ന സൂചനയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.


എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിനു തത്വത്തില്‍ ലഭിച്ച അംഗീകാരം, വ്യവസായ മേഖലാ പ്രഖ്യാപനം തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം വേണമെന്ന നിര്‍ദേശം വ്യവസായവകുപ്പില്‍ നിന്നാണ് ഉണ്ടായത്. ഇക്കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു നിര്‍ദേശം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് അസാധാരണ ഗസറ്റിലൂടെയാണ് വ്യവസായ മേഖലാ പ്രഖ്യാപനം നടന്നത്. കാബിനറ്റ് അംഗീകാരം വാങ്ങാതെ നടത്തിയ പ്രഖ്യാപനം അന്നത്തെ വ്യവസായ മന്ത്രിയും പിന്നീട് തള്ളിപ്പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ കെജിഎസ് ഗ്രൂപ്പ് നല്‍കിയ സര്‍വേ നമ്പരുകള്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രഖ്യാപനം ഏറെനാള്‍ ആരും ശ്രദ്ധിക്കാതെ പോയി. കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി, ആറന്മുള വില്ലേജുകളിലായി 1500 ഏക്കറോളം പ്രദേശങ്ങള്‍ വ്യവസായമേഖലയില്‍ വന്നു. സര്‍വേ നമ്പരുകളുടെ ആവര്‍ത്തനവും ഇതില്‍ പ്രകടമായിരുന്നു.

320 ഏക്കര്‍ സ്വന്തമാക്കിയ കെജിഎസ് കമ്പനി വരുന്നതിനു മുമ്പേ ആറന്മുളയില്‍ പാടങ്ങളും തോടുകളും നീര്‍ച്ചാലുകളും നികത്തിയെടുത്തിരുന്നു. ഒരു നുള്ള് മണ്ണുപോലും തങ്ങള്‍ പാടശേഖരങ്ങളില്‍ നിക്ഷേപിച്ചിട്ടില്ലെന്ന കെജിഎസ് വാദവുമുണ്ട്. പാടവും തോടും നികത്തിയപ്പോള്‍ നിശബ്ദത പാലിച്ച പലരും 2011നുശേഷം സമരരംഗത്തെത്തുകയായിരുന്നു. വിമാനത്താവളം പദ്ധതി വിപുലീകരിക്കുന്നുവെന്ന വാദമാണ് എതിര്‍പ്പിനു കാരണമായതെന്നാണ് ഇവരുടെ വാദം. എയര്‍സ്ട്രിപ്പാണെന്ന പേരിലാണത്രേ മുമ്പ് ഇവര്‍ പിന്തുണച്ചിരുന്നതെന്നു പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.