കുട്ടിവനങ്ങളൊരുക്കി പരിസ്ഥിതി സംരക്ഷണത്തിനു വനം വകുപ്പ്
Wednesday, June 3, 2015 12:22 AM IST
കോട്ടയം: 3100 കുട്ടിവനങ്ങളൊരുക്കി പരിസ്ഥിതി സംരക്ഷണത്തിനു കേന്ദ്രീകൃത പദ്ധതികളുമായി വനം വകുപ്പ് രംഗത്ത്. നക്ഷത്ര, ഔഷധ വനങ്ങള്‍, കാവുകളുടെയും കണ്ടല്‍ കാടുകളുടെയും നദികളുടെയും സംരക്ഷണം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കു പരിസ്ഥിതി ദിനമായ അഞ്ചിനു തുടക്കം കുറിക്കും 700 കോടി സ്വപ്നങ്ങള്‍. ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.

ജനസംഖ്യയും സാമ്പത്തിക വികസനവും പ്രകൃതിയെ നാശത്തിലേക്കു നയിക്കുന്ന സാഹചര്യത്തില്‍ ഓരോരുത്തരെയും പരിസ്ഥിതി സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരുമാക്കുക എന്നതാണു ഇത്തവണത്തെ ദിനാചരണത്തിലൂടെ വനം വകുപ്പ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍, വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് വൈവിധ്യങ്ങളായ വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുക എന്നതാണു മുഖ്യപദ്ധതിയായി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 3100 ചെറിയ വനങ്ങള്‍ നട്ടുപരിപാലിക്കുന്നത്. വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ഏഴു മരങ്ങള്‍ വീതമുള്ള 1400 കുട്ടിവനങ്ങള്‍ നട്ടുപരിപാലിക്കുന്നത്. 27 മരങ്ങള്‍ വീതമുള്ളതാണ് 1000 നക്ഷത്രവനങ്ങള്‍. 700 ഔഷധ വനങ്ങളും വെച്ചുപിടിപ്പിക്കും. നദി സംരക്ഷണത്തിനായി ജൈവവേലി ഒരുക്കാനാണ് മുള തൈകള്‍ നട്ടുവളര്‍ത്തുന്നത്. സിറ്റിസണ്‍ കണക്ട് പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി നദിയുടെ സംരക്ഷണം ഏല്പിക്കും. കേരളത്തിലെ നദീതീരങ്ങളെ സംരക്ഷിക്കാനായി ആദ്യഘട്ടത്തില്‍ 28 കിലോ മീറ്റര്‍ ദൂരത്തില്‍ മുള തൈകളും വച്ചുപിടിപ്പിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണം തേടുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനു പുറമേ ജൈവവൈവിധ്യ കലവറയായ കാവുകളും കണ്ടല്‍ കാടുകളും സംരക്ഷിക്കുന്നതിനു പ്രത്യേക പദ്ധതി നടപ്പാക്കും. പൊതുസ്വകാര്യ സ്ഥാപനങ്ങള്‍ വഴി 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക. 2014ല്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത് പരാജയമായിരുന്നില്ല.


പരിസ്ഥിതി സംരക്ഷണ ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന ഫിലിം വികസന കോര്‍പറേഷന്‍ തയാറാക്കിയ മാനിഷാദ എന്ന ഡോക്യുമെന്ററിയും മന്ത്രി പ്രകാശനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന വനം മേധാവി ഡോ. ബി.എസ്. കോറി, സാമൂഹിക വനവത്കരണ വിഭാഗം ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് നൌഷാദ്, ജില്ലാ കളക്ടര്‍ യു.വി ജോസ് പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.