മാര്‍ കുര്യാളശേരി പകര്‍ന്നതു സമഗ്രമായ ക്രൈസ്തവ പൈതൃകം: മാര്‍ ആലഞ്ചേരി
മാര്‍ കുര്യാളശേരി പകര്‍ന്നതു സമഗ്രമായ ക്രൈസ്തവ പൈതൃകം: മാര്‍ ആലഞ്ചേരി
Wednesday, June 3, 2015 12:39 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശിയ മെത്രാനും ആരാധനാ സന്യാസിനീ സഭയുടെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി സഭക്കു പകര്‍ന്നു നല്‍കിയതു സമഗ്രമായ ക്രൈസ്തവ പൈതൃകവും സാമൂഹ്യ ദര്‍ശനവുമാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ധന്യന്‍ മാര്‍ കുര്യാളശേരിയുടെ ചരമ നവതി ആചരണത്തോടനുബന്ധിച്ചു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അനുസ്മരണ ബലി അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും പ്രാര്‍ഥനാ ചൈതന്യത്തില്‍ നേരിട്ട് അതിരൂപതയെ ബഹദൂരം മുന്നോട്ടു നയിക്കാന്‍ മാര്‍ കുര്യാശേരിക്ക് കഴിഞ്ഞു. വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലും ദളിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും മാര്‍ കുര്യാശേരി നിര്‍വഹിച്ച സേവനങ്ങള്‍ മഹത്തരമാണ്. 2015 ഡിസംബര്‍ മുതല്‍ 2016 നവംബര്‍ വരെ കാരുണ്യവര്‍ഷമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കുമെന്നും മാര്‍ ആലഞ്ചേരി ഉദ്ബോധിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാള്‍ മോണ്‍. അഗസ്റ്യന്‍ പഴേപ്പറമ്പില്‍, ചമ്പക്കുളം ഫൊറോനാ വികാരി ഫാ. ജോസഫ് വാണിയപ്പുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പള്ളിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ വികാരി ഫാ. തോമസ് തുമ്പയില്‍, ആരാധനാ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസ് കെയ്റ്റ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സിസ്റര്‍ അനറ്റ് ചാലങ്ങാടി, സിസ്റര്‍ സോഫി പരേപ്പാടന്‍ എന്നിവര്‍ രചിച്ച വെനറബിള്‍ മാര്‍ തോമസ് കുര്യാളശേരി ലൈഫ് ആന്‍ഡ് വെര്‍ച്യൂസ്, സിസ്റര്‍ ബെഞ്ചമിന്‍ മേരി, സിസ്റര്‍ ജോയിസ് മരിയ എന്നിവര്‍ രചിച്ച പിതൃദര്‍ശനം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും മാര്‍ ആലഞ്ചേരി നിര്‍വഹിച്ചു.


12.30ന് നടന്ന ശ്രാദ്ധസദ്യയുടെ വെഞ്ചരിപ്പുകര്‍മം കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാള്‍ മോണ്‍. അഗസ്റ്യന്‍ പഴേപ്പറമ്പില്‍ നിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, ഫാ.തോമസ് തുമ്പയില്‍, ഫാ.ജോസ് മുല്ലക്കരി, ഫാ. മാത്യു മറ്റം, ഫാ. ജോര്‍ജ് വല്ലയില്‍, ഫാ. ജേക്കബ് കുഴിപ്പള്ളില്‍, ഫാ. ഡൊമനിക് ആനിത്തോട്ടത്തില്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കി. റവ.ഡോ.അഗസ്റ്യന്‍ പുതുപ്പറമ്പില്‍ ആരാധന നയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആരാധനാ സന്യാസിനീ സമൂഹാംഗങ്ങള്‍, വൈദികര്‍, സന്യാസിനികള്‍, തുടങ്ങി ആയിരക്കണക്കിന് വിശ്വാസികള്‍ ചരമനവതി അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.