എംജി വാഴ്സിറ്റിയില്‍ 'ഒരു ലക്ഷം മരം' പദ്ധതിക്കു നാളെ തുടക്കം
Wednesday, June 3, 2015 12:39 AM IST
കോട്ടയം: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എംജി യൂണിവേഴ്സിറ്റി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹരിതവത്കരണ-ശുചിത്വ പദ്ധതിക്കു തുടക്കമിടുന്നു. നാളെ രാവിലെ 11നു യൂണിവേഴ്സിറ്റി മെയിന്‍ കാമ്പസില്‍ ലക്ഷം മരം പദ്ധതി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ ഉദ്ഘാടനം ചെയ്യും. രണ്ടു മഴക്കാലങ്ങളിലായി യൂണിവേഴ്സിറ്റി വിവിധ കാമ്പസുകളിലും 295 അഫിലിയേറ്റഡ് കോളജുകളിലുമായി ഒരു ലക്ഷം മരങ്ങള്‍ വച്ചു പിടിപ്പിക്കും. പഠനവകുപ്പുകളിലും, ജില്ലാ, യൂണിവേഴ്സിറ്റി അടിസ്ഥാനത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കും. നാഷണല്‍ സര്‍വീസ് സ്കീമിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.

യൂണിവേഴ്സിറ്റി കാമ്പസിനെ മാലിന്യ മുക്തമാക്കാനുള്ള സീറോ വേസ്റ്റ് പദ്ധതിക്കും ഇതോടെ തുടക്കമാകും. പ്രിയദര്‍ശിനി ഹില്‍സിലുള്ള 110 ഏക്കര്‍ കാമ്പസിനെ മാതൃകാ ശുചിത്വ കാമ്പസായി മാറ്റും. എല്ലാ ഓഫീസുകളിലും പഠന വകുപ്പുകളിലും അന്താരാഷ്ട്രാംഗീകാരമുള്ള കളര്‍ കോഡഡ് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും.


ജൈവ മാലിന്യ സംസ്കാരത്തിനായി കാമ്പസില്‍ മൂന്ന് ക്യൂബിക് മീറ്റര്‍ ശേഷിയുള്ള നാല് ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഖരമാലിന്യ സംസ്കാരണത്തിനും, ഇലക്ട്രോണിക്, കംപ്യൂട്ടര്‍, രാസ മാലിന്യനിര്‍മാര്‍ജ്ജനത്തിനും, ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ജൈവ മാലിന്യങ്ങള്‍ ദിനംപ്രതി സംഭരിച്ച് ബയോഗ്യാസ് പ്ളാന്റുകളിലെത്തിക്കാന്‍ കാമ്പസ് ഗാര്‍ഡുകളെ വിന്യസിക്കും. ഇതിനായി പ്രത്യേക കാരിയര്‍ വാഹനവും ഏര്‍പ്പെടുത്തും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് യൂണിവേഴ്സിറ്റി ആസ്ഥാനത്തുനിന്ന് ശുചിത്വ ദീപശിഖാ പ്രയാണം കോട്ടയം ഗാന്ധിസ്ക്വയറിലേക്ക് ആരംഭിക്കും. വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കോളജുകളിലും അഞ്ചിന് പ്രകൃതിസംരക്ഷണ ശുചിത്വ പ്രതിജ്ഞയെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.