കേന്ദ്ര വൈദ്യുതിക്കു പുതിയ സബ് സ്റേഷന്‍ കാര്‍ഷിക വാഴ്സിറ്റിയുടെ 45 ഏക്കറില്‍
Wednesday, June 3, 2015 12:19 AM IST
പ്രത്യേക ലേഖകന്‍

തൃശൂര്‍:കേന്ദ്ര വൈദ്യുതി വിഹിതം സ്വീകരിക്കാന്‍ മാടക്കത്തറ സബ് സ്റേഷനോടനുബന്ധിച്ചു പുതിയ സബ് സ്റേഷന്‍ നിര്‍മിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ 45 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുക്കുന്നു. ഊര്‍ജമന്ത്രി, കൃഷി മന്ത്രി, കാര്‍ഷിക സര്‍വകലാശാലാ അധികാരികള്‍ എന്നിവരുടെ യോഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചുകൂട്ടിയാണ് ഭൂമി കൈമാറാനുള്ള തീരുമാനമെടുത്തത്. കേന്ദ്ര വൈദ്യുതി സ്വീകരിക്കാന്‍ പര്യാപ്തമായ സംവിധാനം ഒരുക്കണമെന്നും അനുയോജ്യമായ സബ് സ്റേഷന്‍ നിര്‍മിക്കാന്‍ അമ്പത് ഏക്കര്‍ സ്ഥലമെങ്കിലും വേണമെന്നും ചൂണ്ടിക്കാണിച്ച് പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഛത്തീസ്ഗഡിലെ റായ്ഗഡില്‍നിന്ന് രണ്ടായിരം മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്ര വിഹിതമായി അനുവദിച്ചിരിക്കുന്നത്. തമിഴ്നാടിന് അനുവദിച്ച നാലായിരം മെഗാവാട്ട് വൈദ്യുതി എത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തമിഴ്നാട്ടിലെ പുഗലൂരില്‍ സബ് സ്റേഷന്‍ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിനുള്ള രണ്ടായിരം മെഗാവാട്ട് വൈദ്യുതി സ്വീകരിക്കാനുള്ള സൌകര്യം മൂന്നുവര്‍ഷത്തിനകം ഒരുക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ പുഗലൂരില്‍നിന്നാണ് കേരളത്തിന്റെ വിഹിതം സ്വീകരിക്കേണ്ടത്.

വൈദ്യുതി സ്വീകരിക്കാന്‍ മാടക്കത്തറ സബ് സ്റേഷനോടു ചേര്‍ന്ന് പുതിയ സബ് സ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ അമ്പത് ഏക്കര്‍ ഭൂമി തൊട്ടടുത്തുള്ള കാര്‍ഷിക സര്‍വകലാശാല കാമ്പസിലേ ലഭ്യമാകൂവെന്നു കെഎസ്ഇബി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 27 നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഭൂമി കൈമാറ്റത്തിനുള്ള ഉത്തരവു പുറത്തിറക്കിയത്. പത്തു ദിവസത്തിനകം ഭൂമി പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കണമെന്നാണ് ഉത്തരവ്. കേന്ദ്ര വൈദ്യുതി വിഹിതം സ്വീകരിക്കാന്‍ കേരളം സംവിധാനം ഒരുക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ദീപിക കഴിഞ്ഞ ഏപ്രില്‍ 24 നു പ്രത്യേക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.


ഭൂമിക്ക് ആവശ്യക്കാര്‍ ഏറെ, എതിര്‍പ്പുമായി 20 നു യോഗം

തൃശൂര്‍: കേന്ദ്രവൈദ്യുതി സ്വീകരിക്കാന്‍ മാടക്കത്തറയില്‍ പുതിയ സബ് സ്റേഷന്‍ പണിയുന്നതിനു 45 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കാര്‍ഷിക സര്‍വകലാശാല അധികൃതര്‍. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പരസ്യമായി രംഗത്തുവന്നിട്ടില്ലെങ്കിലും ഭരണസമിതിയിലെ പലരും എതിര്‍പ്പു പ്രകടിപ്പിച്ചു. സ്വയംഭരണ സ്ഥാപനമായ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കുന്നതു ശരിയല്ലെന്നാണ് സര്‍വകലാശാലയിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്.

ഭൂമികൈമാറ്റത്തിനു സാധുത നല്‍കുന്നതിനു ജനറല്‍ കൌണ്‍സിലിന്റെ അംഗീകാരം നേടുന്നതിനായി ജൂണ്‍ 20 നു ജനറല്‍ കൌണ്‍സില്‍ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്.

പലയിടത്തായി അനവധി ഏക്കര്‍ സ്ഥലം വിവിധ ആവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കേണ്ട അവസ്ഥയിലാണു സര്‍വകലാശാല. സര്‍ക്കാര്‍ തീരുമാനമെടുത്ത വിഷയങ്ങളാണ് അധികവും. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജില്‍ രണ്ട് ഏക്കര്‍ ഭൂമി കേരള വാട്ടര്‍ അഥോറിറ്റിക്കും കാസര്‍ഗോഡ് നീലേശ്വരം കാമ്പസിലെ തെങ്ങിന്‍തോട്ടത്തില്‍നിന്നു രണ്േടക്കര്‍ സ്ഥലം ബസ് സ്റാന്‍ഡ് നിര്‍മിക്കാന്‍ നീലേശ്വരം നഗരസഭയ്ക്കും വെള്ളാനിക്കര സര്‍വകലാശാലാ ആസ്ഥാനത്ത് ഒരേക്കര്‍ സ്ഥലം വിത്തുവികസന അഥോറിറ്റിക്കും പടന്നക്കാട് കാര്‍ഷിക കോളജിന്റെ രണ്േടക്കര്‍ സ്ഥലം ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിനും വിട്ടുനല്‍കുന്ന കാര്യം ജനറല്‍ കൌണ്‍സില്‍ ചര്‍ച്ചചെയ്യും.

വെറ്ററിനറി സര്‍വകലാശാല രൂപീകരിച്ചപ്പോള്‍ നൂറ് ഏക്കര്‍ സ്ഥലം കാര്‍ഷിക സര്‍വകലാശാലയ്ക്കു നല്‍കിയിരുന്നു. ഇതില്‍ 60 ഏക്കര്‍ സ്ഥലം വെറ്ററിനറി സര്‍വകലാശാലയ്ക്കു വിട്ടുകൊടുത്തു. കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനമായ തൃശൂര്‍ വെള്ളാനിക്കരയിലെ നൂറ് ഏക്കര്‍ സ്ഥലം ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കാന്‍ നല്കണമെന്ന ആവശ്യവും ഈയിടെ ഉയര്‍ന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.