സമ്പൂര്‍ണ മത്സ്യബന്ധന നിരോധന നിയമം നടപ്പാക്കില്ല: മന്ത്രി കെ. ബാബു
സമ്പൂര്‍ണ മത്സ്യബന്ധന നിരോധന നിയമം നടപ്പാക്കില്ല: മന്ത്രി കെ. ബാബു
Wednesday, June 3, 2015 12:19 AM IST
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ മത്സ്യബന്ധന നിരോധന നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഫീഷറീസ് മന്ത്രി കെ. ബാബു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) പരിധിക്കപ്പുറത്തേക്കു പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോയാല്‍ ബോധവത്കരണം നടത്തി തിരിച്ചയയ്ക്കാന്‍ ശ്രമിക്കുമെന്ന് കോസ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അതു നടപ്പാക്കുമെന്നും ദൂരപരിധി ലംഘിച്ചു മത്സ്യബന്ധനം നടത്തുന്നവരെ അറസ്റ് ചെയ്യുകയോ പിഴയിടുകയോ ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ മത്സ്യബന്ധന നിരോധന നിയമം കേരളം അംഗീകരിക്കില്ലെന്നു മന്ത്രി ബാബു വിശദീകരിച്ചു. സമ്പൂര്‍ണ ആഴക്കടല്‍ മത്സ്യബന്ധന നിരോധന നിയമം ജൂണ്‍ ഒന്നു മുതല്‍ 61 ദിവസത്തേക്കാണു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, കേരളത്തില്‍ 25 വര്‍ഷമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കൊഴികെ ട്രോളിംഗ് ബോട്ടുകള്‍ക്കുളള നിരോധനമാണു തുടരുന്നത്. മുന്‍വര്‍ഷങ്ങളിലേതുപോലെ ട്രോളിംഗ് നിരോധനം ഈ മാസം 15 മുതല്‍ കേരളത്തില്‍ നടപ്പാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറം (22 കിലോമീറ്റര്‍) മത്സ്യബന്ധനം നടത്തുന്നതു നിരോധിക്കില്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഴക്കടല്‍ മത്സ്യബന്ധന നിരോധന നിയമപ്രകാരം 12 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് ആരും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്കു പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനോ തര്‍ക്കത്തിനോ ഉദ്ദേശിക്കുന്നില്ല.


അതേസമയം മത്സ്യത്തൊഴിലാളികള്‍ക്കു സമരം ചെയ്യാന്‍ സ്വാതന്ത്യ്രമുണ്ട്. എന്നാല്‍, നിയമലംഘനം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ നീങ്ങുന്നതിനു സംസ്ഥാനത്തിനു പരിമിതികളുണ്ട്. പരിമിതിക്കുള്ളില്‍നിന്ന് കടലില്‍ സംഘര്‍ഷം ഒഴിവാക്കാനും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുമാണു ലക്ഷ്യമിടുന്നത്.

ഈമാസം 14 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരും. അതിനാല്‍ 14ന് അര്‍ധരാത്രിക്കുതന്നെ ട്രോളിംഗ് വാഹനങ്ങള്‍ തിരിച്ചുവരണമെന്ന കാര്യത്തില്‍ മാറ്റമില്ല. ട്രോളിംഗ് നിരോധനകാലത്തു മത്സ്യത്തൊഴിലാളികള്‍ക്കു സൌജന്യ റേഷന്‍ നല്‍കുന്നത് ഈവര്‍ഷവും തുടരും. മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സമാശ്വാസ തുക 1800 രൂപയായിരുന്നത് 2800 രൂപയായി ഉയര്‍ത്തും. ട്രോളിംഗ് നിരോധിത കാലയളവില്‍തന്നെ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

തീരദേശ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍, നേവി, കോസ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കൊല്ലത്തെ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനുപോയ ബോട്ടുകള്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറം ചെന്നപ്പോള്‍ കോസ്റ് ഗാര്‍ഡ് തിരിച്ചയച്ചിരുന്നു.

മത്സ്യസാന്നിധ്യം അനുസരിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനാല്‍ നോട്ടിക്കല്‍ മൈല്‍ ദൂരപരിധിവച്ച് തടയാനാകില്ലെന്നാണു മത്സ്യത്തൊഴിലാളികളുടെ നിലപാട്. ഇന്നു പലയിടത്തും നിരോധനം ലംഘിച്ചു മത്സ്യബന്ധനത്തിനു പോകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.