അപൂര്‍വ പഴങ്ങളുടെ ശേഖരവുമായി ഷിബു മാമ്മച്ചനും കുടുംബവും
അപൂര്‍വ പഴങ്ങളുടെ ശേഖരവുമായി ഷിബു മാമ്മച്ചനും കുടുംബവും
Monday, June 15, 2015 12:20 AM IST
ഫ്രാന്‍സിസ് തയ്യൂര്‍

മംഗലംഡാം: ലോകത്തുതന്നെ അപൂര്‍വമായിട്ടുള്ള പഴവര്‍ഗങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ശേഖരം ഒരുക്കി വീട്ടുപരിസരം പഠനശാലയാക്കുകയാണു മംഗലംഡാമിലെ കോടിയാട്ടില്‍ ഷിബു മാമ്മച്ചനും കുടുംബവും. അമ്പതു രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്പതില്‍പരം പഴവര്‍ഗ ചെടികളുടെ വിസ്മയ വിളനിലമാണ് ഇവരുടെ വീട്ടുമുറ്റവും പറമ്പും.

ഫിലിപ്പീന്‍സ്, മലേഷ്യ, ആഫ്രിക്ക, ബ്രസീല്‍, തായ്ലന്‍ഡ്, പാക്കിസ്ഥാന്‍, അമേരിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പഴവര്‍ഗചെടികളാണു കൂടുതലും. ചെടികളുടെ വര്‍ഗവും സ്വഭാവവും വളര്‍ച്ചയും പഴങ്ങളുടെ വലിപ്പ-ചെറുപ്പവുമനുസരിച്ചു പലതട്ടുകളായി തിരിച്ചാണു പരിച രണം. വീടിന്റെ ചുമരുകളില്‍തന്നെയാണു ചെടികളുടെ പേരും ശാസ്ത്രനാമവുമെല്ലാം എഴുതിവച്ചിട്ടുള്ളത്.

പല പഴങ്ങളുടെയും പേരുകള്‍ കടുപ്പം കൂടിയതിനാല്‍ ഓര്‍മയില്‍ നില്ക്കാനും ബുദ്ധിമുട്ടാണ്. തണ്ടുകളില്‍ രോമകൂപമുള്ള പ്ളാവ്, പ്ളം പോലെയുള്ള മാമ്പഴം, യൂറോപ്യന്‍ മുന്തിരി, ചീനപ്ളാവ്, കസ്തൂരിമാമ്പഴം, മനുഷ്യക്കുരങ്ങുള്ള കാടുകളില്‍ മാത്രം കാണുന്ന മരാങ്ങ് പ്ളാവ്, മരമുന്തിരി തുടങ്ങി അതിശയ കാഴ്ചകളാണു വീട്ടുപരിസരം.

ഷിബുവും സഹോദരന്‍ ഷിജുവും അമ്മ റെയ്ച്ചല്‍ മാമ്മച്ചനും ഇവരുടെ ഭാര്യമാരും മക്കളുമൊക്കെയാണു അപൂര്‍വചെടികളുടെ പരിപാലകര്‍. പാക്കിസ്ഥാനില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള നായ്ക്കള്‍, ഗുജറാത്തി, വെച്ചൂര്‍, കപില തുടങ്ങിയ പശുക്കള്‍ തുടങ്ങി കോടിയാട്ടില്‍ വീട്ടുമുറ്റം കാഴ്ചകളാല്‍ സമ്പന്നമാണ്.

പന്ത്രണ്േടക്കര്‍ വരുന്ന പറമ്പില്‍ നിറയെ വിവിധയിനം അപൂര്‍വചെടികളും വിളവുകളും നിറഞ്ഞുനില്ക്കുന്നു. സ്വദേശിയും വിദേശിയുമായ പച്ചക്കറികളുമുണ്ട്. വീടിനുമുന്നിലെ പറമ്പില്‍ പച്ചപ്പണിഞ്ഞു കുരുമുളകു തോട്ടവും തെങ്ങും അതിനു മുകള്‍ഭാഗത്തു തേക്കും റബറും തഴച്ചുനില്ക്കുന്നു. വെച്ചൂര്‍ പശുവിന്റെ ചാണകവും മൂത്രവുമാണു പഴവര്‍ഗങ്ങള്‍ക്കും ഔഷധച്ചെടികള്‍ക്കും വളമായി നല്കുന്നത്. ഇതിനാല്‍ രോഗപ്രതിരോധശേഷിയും നല്ല വളര്‍ച്ചയുമുണ്െടന്നു ഷിബു പറഞ്ഞു.


അയര്‍ലന്‍ഡിലാണു ഷിബുവും ഭാര്യയും മക്കളും. സഹോദരന്‍ ഷിജുവും കുടുംബവും ഖത്തറിലാണ്. ഏക സഹോദരി ഷീബ ലണ്ടനിലും. എന്നാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്േടാ തവണ ഇവര്‍ മാറിമാറി അവധിക്കു നാട്ടിലെത്തും. ഓരോ വരവിലും വിസ്മയവിത്തുകളും ചെടികളുമായാണു നാട്ടിലെത്തുക. നാട്ടിലെത്തിയാല്‍ സുഹൃത്തുക്കള്‍ വഴിയും അപൂര്‍വചെടികളുടെ ശേഖരം സ്വന്തമാക്കും. മണ്ണു പൊന്നാണെന്നാണു കാലങ്ങളായി വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഷിബു പറയുന്നത്. കൃഷിയിലുള്ള സംതൃപ്തിയും മനഃസുഖവും ആരോഗ്യവും മറ്റേതു ജോലിക്കും ലഭിക്കില്ലെന്നാണു ഷിബുവിന്റെ പക്ഷം. അവധി കഴിഞ്ഞു മക്കളൊക്കെ വിദേശത്തേക്കു പോകുമ്പോള്‍ അമ്മ റെയ്ച്ചല്‍ മാമ്മച്ചനാണു പിന്നെ തോട്ടങ്ങളുടെ നോട്ടക്കാരി. വിശ്വസ്തരായ പണിക്കാരുമുണ്ട്.

കൃഷിരീതികളും വളംചേര്‍ക്കലും നനയും പരിപാലന മുറകളുമൊക്കെ ഷിബുവും ഷിജുവും ഫോണിലൂടെയും മറ്റും കൈമാറും. അത്യപൂര്‍വമായ ചെടികള്‍ വളര്‍ത്തി അതു പഠനങ്ങള്‍ക്കും ഫാം ടൂറിസത്തിനും പ്രയോജനപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. വരും തലമുറയ്ക്കു നല്ല മണ്ണും നല്ല വിളകളും കൈമാറി മാതൃകയാകണമെന്ന വലിയ മോഹവും ഇവര്‍ക്കുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.