തദ്ദേശ സ്ഥാപനങ്ങള്‍ നികുതിപിരിവില്‍ കാര്യക്ഷമത കാട്ടിയില്ലെന്നു സിഎജി
Tuesday, June 30, 2015 12:18 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നികുതിപിരിവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര കാര്യക്ഷമത കാട്ടിയില്ലെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 40 ഗ്രാമപഞ്ചായത്തുകളിലും 20 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലുമായി 25.38 കോടിയാണ് 2014 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കുടിശികയായതെന്ന് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്തുനികുതി നിര്‍ണയത്തിന് വിധേയമാക്കേണ്ട കെട്ടിടങ്ങളെ കണ്െടത്താനും പട്ടിക തയാറാക്കുന്നതിനും അനുയോജ്യമായ സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കില്ലാതെ പോയി.

വസ്തുനികുതി നിര്‍ണയം പരിഷ്കരിക്കുന്ന കാര്യത്തിലും കാലതാമസമുണ്ടായി. ഇതുമൂലം വസ്തുനികുതി ചുമത്തുന്നതില്‍ 8.54 കോടിയുടെ കുറവുണ്ടായി. അനധികൃത നിര്‍മാണങ്ങളെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൂക്ഷിച്ചിരുന്നില്ല. ബിഎസ്എന്‍എല്‍ കെട്ടിടങ്ങളില്‍ നിന്നു മുഴുവന്‍ വസ്തുനികുതിയും ഈടാക്കാത്തതിനാല്‍ 81.32 ലക്ഷത്തിന്റെ കുറവിനിടയായി. തൊഴില്‍വിദഗ്ധരും വ്യാപാരികളുമുള്‍പ്പെടെയുള്ള വിവിധതരം നികുതിദായകര്‍ നികുതി നിര്‍ണയത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതുമൂലം 98.45 ലക്ഷത്തിന്റെ ചോര്‍ച്ചയ്ക്കിടയാക്കിയതായും സിഎജി കണ്െടത്തി.


ന്യായമായ കാരണം കൂടാതെ കരാറുകാരന് അനുകൂലമായി കരാറിന്റെ നിബന്ധനകളില്‍ ഇളവ് അനുവദിച്ചതുമൂലം തൃശൂര്‍ കോര്‍പറേഷന് 50.09 ലക്ഷത്തിന്റെ വരുമാനനഷ്ടം നേരിട്ടു. ആലപ്പുഴ കുടിവെള്ളവിതരണ പദ്ധതിക്കായുള്ള ജല സംസ്കരണ പ്ളാന്റിന്റെ ജോലി 2011 മേയില്‍ പൂര്‍ത്തിയാക്കിയെങ്കിലും അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇപ്പോഴും അത് ഉപയോഗയോഗ്യമല്ല.

പുനലൂര്‍, വടക്കന്‍ പരവൂര്‍, പെരിന്തല്‍മണ്ണ, ചങ്ങനാശേരി മുനിസിപ്പാലിറ്റികളില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്റുകളുടെ നിര്‍മാണത്തിലുള്ള താമസം മൂലം 6.31 കോടിയുടെ കേന്ദ്രസഹായം നഷ്ടപ്പെടുത്തുന്നതിനു കാരണമായി. ബിഎസ്യുപി പദ്ധതിയുടെ കീഴിലുള്ള ജോലികള്‍ക്കു വേണ്ടിയുള്ള മുന്‍കൂറുകള്‍ രേഖപ്പെടുത്തുന്നതിനായി തിരുവനന്തപുരം കോര്‍പറേഷന്‍ രജിസ്റര്‍ സൂക്ഷിച്ചിരുന്നില്ല. ചെക്ക് ഇഷ്യൂ രജിസ്റര്‍ പ്രകാരവും ഓഡിറ്റിന് നല്‍കിയ വിവരങ്ങളനുസരിച്ചും അംഗീകൃത ഏജന്‍സികള്‍ക്ക് നല്‍കിയ 16.03 ലക്ഷത്തിന്റെ മുന്‍കൂറുകള്‍ ഇപ്പോഴും ക്രമീകരിക്കാതെ നില്‍ക്കുന്നതായും സിഎജി റിപ്പോര്‍ട്ടിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.