ബൈക്ക് യാത്രികയായ വിദ്യാര്‍ഥിനി മരം വീണു മരിച്ചു
ബൈക്ക് യാത്രികയായ വിദ്യാര്‍ഥിനി മരം വീണു മരിച്ചു
Tuesday, June 30, 2015 12:01 AM IST
കണ്ണൂര്‍: പ്ളസ് വണ്‍ പ്രവേശനത്തിനായി സഹോദരനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ റോഡരികിലെ മരം കടപുഴകി വീണു തെറിച്ചുവീണ വിദ്യാര്‍ഥിനി മരിച്ചു. കമ്പില്‍ പാട്ടയം കുഞ്ഞിപ്പള്ളിക്കു സമീപം സുഹറ മന്‍സിലില്‍ താഹ-നാസില ദമ്പതികളുടെ മകള്‍ വച്ചിക്കാന്റകത്ത് നഹാദ (15) യാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30 ഓടെ നാറാത്ത് പിഎച്ച്സിക്കു സമീപത്തായിരുന്നു അപകടം.

നഹാദയുടെ അമ്മയുടെ സഹോദരിയുടെ മകന്‍ അഫ്സലിനൊപ്പം പോയി വളപട്ടണം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്വണ്‍ പ്രവേശനം നേടി തിരികെ വരുമ്പോഴായിരുന്നു അപകടം. കമ്പിലില്‍ നിന്നും പോകവെയാണു റോഡരികിലെ മരം കടപുഴകി ബൈക്കിനു മുകളില്‍ വീണത്. മരം വീണതോടെ ബൈക്ക് നിയന്ത്രണംവിടുകയും അഫ്സലും പിന്‍സീറ്റിലിരുന്നിരുന്ന നഹാദയും റോഡിലേക്കു തെറിച്ചുവീഴുകയുമായിരുന്നു. റോഡില്‍ തലയിടിച്ചുവീണു സാരമായി പരിക്കേറ്റ നഹാദയെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഫ്സല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. താഹയുടെ മൂത്ത മകളാണു നഹാദ. നാറാത്ത് ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആറാംക്ളാസ് വിദ്യാര്‍ഥി നിഹാല്‍, തന്‍വീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.


കബറടക്കം ഇന്നലെ പാട്ടയം ജുമമസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു. അപകടത്തെത്തുടര്‍ന്ന് ഈ റൂട്ടില്‍ മുക്കാല്‍ മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.