അരുവിക്കര ഫലം ഇന്ന്
അരുവിക്കര ഫലം ഇന്ന്
Tuesday, June 30, 2015 12:02 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആരെ തെരഞ്ഞെടുത്തെന്ന് ഇന്നറിയാം. ഇന്നു രാവിലെ എട്ടിനു തിരുവനന്തപുരം തൈക്കാട് സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ വോട്ടെണ്ണല്‍ തുടങ്ങും. 11 മണിയോടെ വിജയിയെ അറിയാം.

14 ടേബിളുകളിലായി 11 റൌണ്ടിലായാണു വോട്ടെണ്ണുന്നത്. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. തുടര്‍ന്നു വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഒന്നു മുതല്‍ 14 വരെ ബൂത്തുകളാണ് ഒന്നാം റൌണ്ടിലുണ്ടാകുക. 14 എ എന്ന ഓക്സിലറി ബൂത്ത് മുതലുള്ളവ തുടര്‍ന്ന് എണ്ണും. മൊത്തം 153 ബൂത്തുകളാണുള്ളത്.

കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രരടക്കം 16 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്.


യുഡിഎഫിലെ കെ.എസ്. ശബരീനാഥനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാറും ബിജെപിയിലെ ഒ. രാജഗോപാലും തമ്മിലായിരുന്നു പ്രധാന മത്സരം.

വോട്ടെണ്ണല്‍ സ്ഥലത്തു കൌണ്ടിംഗ് ഏജന്റുമാര്‍ക്കും മറ്റു നോണ്‍ ഒഫീഷ്യലുകള്‍ക്കും മൊബൈല്‍ ഫോണ്‍, ഐ പാഡ്, ലാപ്ടോപ് തുടങ്ങിയവ അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

ഉപതെരഞ്ഞെടുപ്പില്‍ 77.35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അരുവിക്കരയില്‍ 2011 ല്‍ 70.16 ശതമാനമായിരുന്നു വോട്ടിംഗ് എങ്കില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 68.90 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരേപോലെ നിര്‍ണായകമാണ് അരുവിക്കര ഫലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.