ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചെന്നു കോടിയേരി
ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചെന്നു കോടിയേരി
Tuesday, June 30, 2015 12:02 AM IST
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടുവെന്നും അതിന്റെ ആനുകൂല്യം യുഡിഎഫിനു ലഭിച്ചേക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയാണ് ഇടതുപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചത്. അതില്‍ അവര്‍ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ബിജെപിയുടേതു ശക്തനല്ലാത്ത സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ വോട്ടുകള്‍ വിഭജിക്കപ്പെടില്ലായിരുന്നുവെന്നു മാത്രമല്ല യുഡിഎഫിനു കനത്ത പരാജയം നേരിടേണ്ടിവരുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആത്മവിശ്വാസം കുറഞ്ഞ പ്രതികരണം.


ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ പ്രതിപക്ഷം അതിനെ കോടതിയില്‍ ചോദ്യം ചെയ്യും. കോടതിയുടെ നിലപാടിനനുസരിച്ചായിരിക്കും ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

കേസില്‍ തനിക്കുമേല്‍ സമര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നു. ആരാണു സമര്‍ദം ചെലുത്തിയെന്നു വ്യക്തമാക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല തയാറാകണം. ഇതിന്റെ പശ്ചാത്തലത്തിലാണോ വിജിലന്‍സ് ഡയറക്ടറുടെ നിലപാടെന്നും വെളിപ്പെടുത്തണം. ബാര്‍ ഉടമകള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനില്‍നിന്നു വിലകൊടുത്താണു നിയമോപദേശം തേടിയതെന്നും കോടിയേരി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.