ചലച്ചിത്ര സംവിധായകന്‍ തേവലക്കര ചെല്ലപ്പന്‍ നിര്യാതനായി
ചലച്ചിത്ര സംവിധായകന്‍ തേവലക്കര ചെല്ലപ്പന്‍ നിര്യാതനായി
Tuesday, June 30, 2015 12:37 AM IST
ശാസ്താംകോട്ട: ചലച്ചിത്ര സംവിധായകന്‍ തേവലക്കര ചെല്ലപ്പന്‍ (69 ) നിര്യാതനായി. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം ആറിന് ഭരണിക്കാവ് കാര്‍ഷിക ബാങ്കിന് സമീപത്ത് താമസിക്കുന്ന സഹോദരി ചെല്ലമ്മയുടെ വീട്ടുവളപ്പില്‍ നടക്കും. തേവലക്കര മൂര്‍ക്കന്നൂര്‍തറയില്‍ വീട്ടിലായിരുന്നു താമസിച്ചുവന്നത്. മരണസമയത്ത് ഭാര്യ ഗീത അടുത്തുണ്ടായിരുന്നു.

എണ്‍പതുകളിലാണ് ചെല്ലപ്പന്‍ സംവിധായകനായി അറിയപ്പെട്ടുതുടങ്ങിയത്. 65 ലധികം സിനിമകളുടെ സഹസംവിധായകനായും 14 സിനിമകളുടേയും നിരവധി സീരിയലുകളുടേയും സംവിധായകനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മമ്മൂട്ടി, ഗീത, തിലകന്‍ എന്നിവര്‍ അഭിനയിച്ച 'ആളൊരുങ്ങി അരങ്ങൊരുങ്ങി ' ആയിരുന്നു ചെല്ലപ്പനില്‍നിന്നും പിറവിയെടുത്ത ആദ്യസിനിമ. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൂടുതല്‍ ചിത്രങ്ങളും ഹിറ്റുകളായി. മിസ്പമീല യെന്നചിത്രം ബോക്സ്ഓഫീസില്‍ ചരിത്രംതന്നെസൃഷ്ടിച്ചിരുന്നു.


എം.കൃഷ്ണന്‍നായരുടെ അസിസ്റന്റായി സിനിമാലോകത്ത് കാലുറപ്പിച്ച തേവലക്കര ചെല്ലപ്പന്‍ പി.ജി.വിശ്വംഭരന്‍, കെ.ജി.രാജശേഖരന്‍, ജോഷി തുടങ്ങിയവരുടെകൂടെ സഹസംവിധായകനായി കുറേ നാള്‍ പ്രവര്‍ത്തിച്ചു. ത്യാഗരാജനെ നായകനാക്കി 'വിധിമുറൈ' എന്ന തമിഴ് സിനിമയും ചെല്ലപ്പന്റേതായി പുറത്തിറങ്ങിയിരുന്നു.

കൊല്ലം ശാസ്താംകോട്ടയിലെ ആരാധകനായ ഒരു ഡോക്ടറുടെ ദയാവായ്പ്പില്‍ വാടക ഒഴിവാക്കിനല്‍കിയ വീട്ടിലാണ് അവസാന നാളുകളില്‍ കഴിഞ്ഞ് വന്നത്.

തേവലക്കര ചെല്ലപ്പന്റെ ദുരിതജീവിതം സംബന്ധിച്ച് ദീപിക അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മക്കള്‍: പ്രതിഭ, അനന്തു. മരുമകന്‍: ബിനോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.