അരുവിക്കരയില്‍ യുഡിഎഫിനു ജയം ഉറപ്പ്: വി.എം. സുധീരന്‍
അരുവിക്കരയില്‍ യുഡിഎഫിനു ജയം ഉറപ്പ്: വി.എം. സുധീരന്‍
Tuesday, June 30, 2015 12:11 AM IST
കൊച്ചി: ബാര്‍ കോഴക്കേസ് സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായക തീരുമാനചുമതലയുള്ള വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ വിശ്വാസ്യത ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. എല്ലാം കോടതിയുടെ പരിഗണനയ്ക്ക് വിധേയവുമാണ്. അതുകൊണ്ടുതന്നെ ഇത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കുറ്റപത്രം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് വിജിലന്‍സ് മേധാവിയാണ്. വിന്‍സന്‍ എം. പോളിന്റെ വിശ്വാസ്യത ആരും ചോദ്യം ചെയ്തിട്ടില്ല. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് സ്വീകരിച്ചു വന്ന നിലപാട് എല്ലാവരും അംഗീകരിച്ചതാണ്. എന്നാല്‍, ആത്യന്തികമായി കോടതിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥന്‍ മികച്ച വിജയം നേടും. ശബരിനാഥന്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പിലെ തുറുപ്പ്ചീട്ട്. കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ഫലം കാണുക തന്നെ ചെയ്യും. ശബരിനാഥന്റെ സ്ഥാനാര്‍ഥിത്വം ആദ്യഘട്ടത്തില്‍ തന്നെ എല്ലാ കോണുകളില്‍ നിന്നും സ്വാഗതം ചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം, മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ എന്നിവയെല്ലാം മുന്നില്‍ വച്ചാണ് ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നത്. എ.കെ. ആന്റണി അടക്കമുള്ളവര്‍ പ്രചാരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്നത് നിര്‍ണായകമായി. മണ്ഡലത്തില്‍ ജി. കാര്‍ത്തികേയന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.