ടെക്നോപാര്‍ക്കിനു ഭൂമി: 22.53 കോടി നഷ്ടം-സിഎജി
Tuesday, June 30, 2015 12:12 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് വികസനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഐടി കമ്പനികളായ ഇന്‍ഫോസിസിനും യുഎസ്ടി ഗ്ളോബലിനും കുറഞ്ഞ നിരക്കില്‍ ഭൂമി അനുവദിച്ചതുമൂലം 22.53 കോടി രൂപ നഷ്ടമുണ്ടായതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പ്രത്യേക മാനദണ്ഡങ്ങളില്ലാതെ പാട്ടവാടക നിശ്ചയിച്ചതുമൂലം ഇന്‍ഫോസിസിന് 3.60 കോടിയുടെ നേട്ടമുണ്ടായതായും സിഎജി കണ്െടത്തി. എന്‍ഒസി നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്താത്തതു മൂലം ഈ ഭൂമിയുടെ ഈടിന്മേല്‍ വന്‍തുക കടമെടുക്കുന്നതിനു സ്ഥാപനങ്ങള്‍ക്ക് അവസരം ലഭിച്ചതായും ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപോര്‍ട്ടില്‍ പറയുന്നു.

ഐടി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത ഭൂമിയില്‍ ഭൂരിഭാഗവും വിനിയോഗിച്ചിട്ടില്ലെന്നും സിഎജി കണ്െടത്തി. 1990നുശേഷം ഏറ്റെടുത്ത ഭൂമിയില്‍ 64 ശതമാനവും ഉപയോഗിച്ചിട്ടില്ല. ഐടി വികസനത്തിന് 1990 മുതല്‍ 2010വരെ നല്‍കിയ 1384.12 ഏക്കര്‍ ഭൂമിയില്‍ 504.40 ഏക്കര്‍ (36 ശതമാനം) മാത്രമേ കഴിഞ്ഞ വര്‍ഷംവരെ ഉപയോഗിച്ചിട്ടുള്ളൂ. 879.72 ഏക്കര്‍ ഭൂമിയാണ് ഉപയോഗിക്കാതെ കിടക്കുന്നത്. ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട വികസനം, ഇന്‍ഫോപാര്‍ക്ക്, കെഎസ്ഐടിഐഎല്‍ എന്നിവയ്ക്കു നല്‍കിയ ഭൂമിയാണു ഭൂരിഭാഗവും വിനിയോഗിക്കാതെ കിടക്കുന്നത്.

ടെക്നോപാര്‍ക്കിന്റെ നാലാംഘട്ടമായ ടെക്നോസിറ്റി വികസനത്തിനായി ഏറ്റെടുത്ത 423.51 ഏക്കര്‍ ഭൂമിയില്‍ 395.18 ഏക്കറും ഉപയോഗിച്ചിട്ടില്ല. ഇതില്‍ 175.17 ഏക്കര്‍ ടെക്നോപാര്‍ക്കിന് അലോട്ട് ചെയ്തിട്ടും ഇതില്‍ 146.84 ഏക്കറും ഉപയോഗിച്ചിട്ടില്ല. ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനത്തിനായി 2010ല്‍ ഏറ്റെടുത്ത 125.56 ഏക്കര്‍ ഭൂമിയില്‍ 81.30 ഏക്കറും ഉപയോഗിക്കാത്ത നിലയിലാണ്.


നിയമപ്രശ്നങ്ങള്‍ കാരണം 35 ഏക്കര്‍ ഇനിയും ഏറ്റെടുക്കാനായിട്ടില്ല. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) സംസ്ഥാനത്തിന്റെ ഏഴു പ്രദേശങ്ങളിലായി 402.65 ഏക്കര്‍ ഏറ്റെടുത്ത ഭൂമി ഉള്‍നാടന്‍ പ്രദേശങ്ങളും ഐടി പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതും ആയിരുന്നു. ഇതുകാരണം 302.6 ഏക്കര്‍ ഭൂമിയുടെ അലോട്ട്മെന്റ് ഇനിയും നടന്നിട്ടില്ല.

ഈ ഭൂമിയില്‍ ഐടി പാര്‍ക്കുകള്‍ക്കായി നിര്‍മിച്ച 3,94,390 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 3,18,515 ചതുരശ്രയടി (80.76 ശതമാനം) സ്ഥലം ഇതുവരെ അലോട്ട്മെന്റ് നടത്തിയിട്ടില്ല. ഇത്തരത്തില്‍ 229.88 കോടി ചെലവഴിച്ചശേഷവും 320.60 ഏക്കര്‍ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നു. സാമ്പത്തിക ഭദ്രതയില്ലാത്ത സഹകരണ വകുപ്പിനു കീഴിലെ അഗ്രീന്‍കോ സൊസൈറ്റിക്കു കേരള സര്‍ക്കാര്‍ കടം അനുവദിച്ചെങ്കിലും കയറ്റുമതിക്കു വേണ്ടിയുള്ള പൈനാപ്പിള്‍ സംസ്കരണശാല തുടങ്ങാനാകാത്തതുമൂലം 29.03 കോടി രൂപ സര്‍ക്കാര്‍ ഖജനാവിനു നഷ്ടമുണ്ടായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.