അരുവിക്കരയിലെ മലപ്പുറം കത്തിയും ഒളിവിലെ ഓര്‍മകളും
അരുവിക്കരയിലെ മലപ്പുറം കത്തിയും ഒളിവിലെ ഓര്‍മകളും
Wednesday, July 1, 2015 10:47 PM IST
കെ. ഇന്ദ്രജിത്ത്


തിരുവനന്തപുരം: അരുവിക്കരയില്‍ എന്തൊക്കെയായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശ വാദങ്ങള്‍... മലപ്പുറം കത്തി, കൊണ്േടാട്ടി ഗുലാബ്.... ഒടുവില്‍ എന്തായി. പവനായി, ശവമായി..... നിയമസഭയിലെ ബജറ്റ് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ വി.ടി. ബലറാം കത്തിക്കയറി.

ഉടന്‍ പ്രതിപക്ഷത്തെ എ.കെ. ബാലന്റെ ചോദ്യമെത്തി. എന്നിട്ടും കഴിഞ്ഞ തവണ ജി. കാര്‍ത്തികേയന്‍ പിടിച്ച വോട്ടിനൊപ്പമെത്താന്‍ കെ.എസ്. ശബരീനാഥനു കഴിഞ്ഞില്ലല്ലോ? ബാലനു ചൂടപ്പം പോലെയായിരുന്നു ബലറാമിന്റെ മറുപടി. ക്രിമിനലുകള്‍ മുന്‍പന്തിയിലും ക്രിമിനല്‍ ഗൂഢാലോചനയുടെ ആശാന്‍ പിന്നണിയിലും നിന്നു നയിച്ച തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിഴുതെറിഞ്ഞിട്ടും പാഠം പഠിക്കാതെ നിര്‍ലജ്ജമായി മുന്നോട്ടു പോകുന്ന പ്രതിപക്ഷത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സഹതാപമുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പു ഫലം വന്നശേഷം യുഡിഎഫ് എംഎല്‍എമാരുടെ കുന്തമുന ഇടതുമുന്നണി അംഗങ്ങളുടെ നേര്‍ക്കു നീണ്ടുകൊണ്ടിരുന്നു. പലപ്പോഴും പ്രതിപക്ഷത്തിന്റെ ദുര്‍ബല കവചങ്ങള്‍ കീറിമുറിച്ചുകൊണ്ടു മുന്നേറുകയായിരുന്നു ഭരണപക്ഷായുധങ്ങള്‍.

അഡ്ജസ്റ്മെന്റ് ഫോര്‍മുലയുമായി എത്തിയ എളമരം കരീമിനു ഭരണപക്ഷത്തുനിന്നു ചിലരെങ്കിലും പച്ചക്കൊടി കാട്ടി. ഇപ്പോഴത്തെ ബിജെപി മുന്നേറ്റത്തിലെ അപകടം കണ്ട് ഇരുമുന്നണികളും ചര്‍ച്ചയ്ക്കു തയാറാകണമെന്നായിരുന്നു കരീമിന്റെ നിര്‍ദേശം. ബിജെപിയെ എതിര്‍ക്കാന്‍ ഇടതുപക്ഷം ബംഗാള്‍ മോഡലില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ ബെന്നി ബഹനാന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ ചില തന്ത്രങ്ങളുണ്ട്, കണക്കുകൂട്ടലുകളുണ്ട്. കണക്കുകൂട്ടലെല്ലാം തെറ്റി, പാളവും താളവും തെറ്റി നടക്കുന്ന സിപിഎമ്മിനെ പാളത്തിലാക്കാന്‍ ബെന്നിയുടെ ശ്രമം.

നിയമസഭയില്‍നിന്ന് ശബരീനാഥനു കിട്ടിയ വോട്ടുകളും ബെന്നി ഓര്‍മിപ്പിച്ചു. ബജറ്റ് അവതരണ ദിവസം നിയമസഭ തല്ലിത്തകര്‍ത്ത കെ.ടി. ജലീലിന്റെ പേരിലും, മുണ്ടു മടക്കിക്കുത്തി ഭരണപക്ഷ ബഞ്ചുകളിലൂടെ ചാടിനടന്ന വി. ശിവന്‍കുട്ടിയുടെ പേരിലും യുഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ട് കിട്ടി. കടിയേറ്റെങ്കിലും കെ. ശിവദാസന്‍ നായരും പേടിക്കേണ്ടതില്ല. ശിവദാസേട്ടന് ഏറ്റ കടിക്കും ശബരിക്കു വോട്ട് കിട്ടിയെന്നു ബെന്നി ബെഹനാന്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷനിരയിലെ പിന്‍ബഞ്ചില്‍നിന്നു കോപം പൂണ്ടു ചാടി എഴുന്നേറ്റ ശിവന്‍കുട്ടിക്കും ചിരിയടക്കാന്‍ പാടുപെടേണ്ടി വന്നു.

അരുവിക്കരയിലെ ഇടതുമുന്നണിയുടെ പ്രചാരണ തന്ത്രങ്ങള്‍ ഓര്‍മപ്പെടുത്തി, ഒളിവിലെ ഓര്‍മകള്‍ എഴുതാനുള്ള നിര്‍ദേശങ്ങളായിരുന്നു മുസ്ലിം ലീഗിലെ എം. ഉമ്മര്‍ ഓര്‍മിപ്പിച്ചത്. എല്ലാ സഖാക്കളും ഒളിവിലെ ഓര്‍മകള്‍ എഴുതാറുണ്ട്. പിണറായി വിജയന് അരുവിക്കരയിലെ ഒളിവിലെ ഓര്‍മകള്‍ എഴുതാം. അരുവിക്കര തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വിജയന്‍ ഒളിവിലായിരുന്നു. ആദ്യ ഒരു പ്രസംഗത്തില്‍ 2000 വോട്ട് പോയി. ഇതോടെ പിണറായി ഒളിവില്‍ പോയി. നേരത്തേ ദുര്‍ബലനാക്കിയ വി.എസ്. അച്യുതാനന്ദനെ പ്രചാരണത്തിലെ മെഗാസ്റാറായി പിടിച്ചുകൊണ്ടുവന്നു. ജനങ്ങള്‍ക്കു മുന്നില്‍ മെഗാസ്റാറിനും പിടിച്ചുനില്‍ക്കാനായില്ലെന്നും ഉമ്മര്‍ കണ്െടത്തി. ചിന്തയിലെ വ്യതിയാനവും തോല്‍വിക്കു കാരണമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലച്ചോറുകൊണ്ടു ചിന്തിക്കുമ്പോള്‍ പ്രതിപക്ഷം മുട്ടുകാലുകൊണ്ടാണു ചിന്തിക്കുന്നത്.

അരുവിക്കരയിലെ വിജയവാര്‍ത്ത എത്തിയതോടെ ലഡു വിതരണം നടത്തട്ടേയെന്ന് ആഹ്ളാദത്തോടെ ഓടിയെത്തിയ ഭരണപക്ഷ അംഗങ്ങള്‍ ചോദിച്ചു. ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിച്ച ദിവസത്തെ ബഹളത്തിനിടയിലെ ലഡു വിതരണം ഓര്‍ത്ത സ്പീക്കര്‍ എന്‍. ശക്തന്റെ റൂളിംഗ് പെട്ടന്നുണ്ടായി. ഇവിടെയൊന്നും ലഡു വിതരണം നടത്തരുത്. അങ്ങനെയെങ്കില്‍ പുറത്തുവേണം.

അരുവിക്കര ലഡു നിയമസഭയില്‍ വിതരണം ചെയ്യാത്തതിന്റെ പരിഭവം സി. ദിവാകരന്‍ മറച്ചുവച്ചില്ല. അരുവിക്കരയില്‍ ജയിച്ചിട്ടും എന്താ ലഡു വിതരണം ചെയ്യാത്തത്. ബജറ്റ് ദിനത്തില്‍ രണ്ടു ലഡു വീതം വായില്‍ കുത്തിത്തിരുകുകയായിരുന്നല്ലോ? അരുവിക്കരയിലെ യുഡിഎഫ് ജയത്തെ അഭിനന്ദിക്കുന്നതിലും സിപിഐ നിയമസഭാകക്ഷി നേതാവായ സി. ദിവാകരന്‍ പിശുക്കു കാട്ടിയില്ല. അരുവിക്കരയില്‍ നിങ്ങള്‍ ജയിച്ചു. ഒരു വോട്ടിനാണെങ്കിലും ജയം ജയമാണ്. നിങ്ങള്‍ ജയിച്ചു നന്നായി വാ... ഇനിയും കേരളത്തെ കുഴിച്ചു കുളന്തോണ്ടാന്‍.


ജനവിധി ക്ഷമാപൂര്‍വം പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം. തോല്‍വിയെ അംഗീകരിച്ചു ധീരതയോടെ മുന്നോട്ടുപോകുന്നവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും കോടിയേരി പറഞ്ഞു.

അരുവിക്കരയില്‍ യുഡിഎഫ് മുന്നേറിക്കൊണ്ടിരുന്നപ്പോഴും നിയമസഭയില്‍ ഭരണപക്ഷത്ത് ആര്‍ക്കും ഒരു കുലുക്കവുമില്ലായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വോട്ടിംഗ് നില വാട്സ് ആപ് വഴിയെത്തിയ സന്ദേശങ്ങളിലൂടെ അപ്പപ്പോള്‍ അറിയിച്ചിരുന്നത് യുവാവായ ഷാഫി പറമ്പിലായിരുന്നു.

വിജയം ഉറപ്പായിട്ടും മുഖ്യമന്ത്രിക്കു കുലുക്കമില്ലായിരുന്നു. റബറിന്റെ വിലയിടിവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ച മോന്‍സ് ജോസഫിന്റെ പ്രസംഗത്തിനിടയിലാണ് ആദ്യമായി അരുവിക്കര ഫലം നിയമസഭയിലെത്തിയത്. അരുവിക്കരയിലെ ജനങ്ങളുടെ വികാരം എന്താണെന്നു വ്യക്തമായെന്നു പറഞ്ഞു കൊണ്ടായിരുന്നു മോന്‍സ് തുടങ്ങിയത്. ഇവിടെയും എ.കെ. ബാലന്റെ ഇടപെടീലുണ്ടായി. കഴിഞ്ഞ 24 വര്‍ഷമായി നിങ്ങളുടെ കൈയിലിരിക്കുന്ന സീറ്റല്ലേ അരുവിക്കര. ഇതു കേട്ടതോടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളവും കൂക്കുവിളികളുമായി എഴുന്നേറ്റു.

ഇന്നലെ രാവിലെ നിയമസഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. പതിവുപോലെ ബാര്‍ കോഴ തന്നെയായിരുന്നു വിഷയം. ചോദ്യോത്തരവേള കഴിയട്ടെയെന്നു സ്പീക്കര്‍ പറഞ്ഞതോടെ ശാന്തമായി.

പൊതുകമ്പോളത്തില്‍ നിന്നു പിന്‍വാങ്ങുന്ന സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ വിലക്കയറ്റമായിരുന്നു ശൂന്യവേളയില്‍ മുല്ലക്കര രത്നാകരന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ വിഷയം. പതിവുപോലെ നേരിയ ബഹളവും ഒടുവില്‍ വാക്കൌട്ടും. ആഭ്യന്തര- ജയില്‍ വകുപ്പുകളുടെ ബജറ്റ് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കൂടുതലും അരുവിക്കര ഫലം നിറഞ്ഞപ്പോള്‍ ആഭ്യന്തര വകുപ്പിനെ തൊട്ടുതലോടാനും വിമര്‍ശിക്കാനും പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ അംഗങ്ങളുമുണ്ടായിരുന്നു.

ആര്‍എസ്എസുകാര്‍ പോലീസില്‍ നുഴഞ്ഞുകയറിയെന്ന് എളമരം കരീം പറഞ്ഞപ്പോള്‍ ആര്‍എസ്എസ് മനോഭാവമുള്ളവര്‍ പോലീസില്‍ ഉണ്േടാ എന്നു കണ്െടത്തി തടയാനുള്ള സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിലെ വി.ടി. ബലറാമിന്റെ ആവശ്യം. പോലീസിലെ ക്രിമിനലുകളെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നായിരുന്നു സി. ദിവാകരന്റെ ആവശ്യം. മയക്കുമരുന്നു വിപണനം തടയാനുള്ള കര്‍ക്കശ സംവിധാനം വേണമെന്നായിരുന്നു അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി പറഞ്ഞത്. സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷ നടപ്പാക്കാതെതന്നെ മരണം വര്‍ധിക്കുകയാണെന്നും ഇതു തടയാന്‍ നടപടി വേണമെന്നുമായിരുന്നു ജമീല പ്രകാശത്തിന്റെ ആവശ്യം. ഓപ്പറേഷന്‍ കുബേര നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കുബേരന്മാരാകുന്ന കാഴ്ചയാണു കാണുന്നതെന്നാണു പി. ശ്രീരാമകൃഷ്ണന്‍ ആരോപിച്ചത്. തമിഴ്നാട്ടുകാരായ ചിട്ടിക്കാരെ ആരും തൊടുന്നില്ല. തൊടരുതെന്നു നിര്‍ദേശമുണ്ട്. പോലീസ് അസോസിയേഷനെ ഖദറിട്ടവരുടെ കൂട്ടമാക്കി മാറ്റരുതെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മോന്‍സ് ജോസഫ്, അന്‍വര്‍ സാദത്ത്, കെ.കെ. ലതിക തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ധനാഭ്യര്‍ഥന ചര്‍ച്ചകളെ എതിര്‍ക്കാന്‍ പ്രതിപക്ഷം തയാറായില്ല. മന്ത്രി രമേശ് ചെന്നിത്തല മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.