ആത്മവിശ്വാസം വാനോളമുയര്‍ന്നു യുഡിഎഫ്; എല്‍ഡിഎഫിന് അപായ സൂചന
ആത്മവിശ്വാസം വാനോളമുയര്‍ന്നു യുഡിഎഫ്; എല്‍ഡിഎഫിന് അപായ സൂചന
Wednesday, July 1, 2015 10:44 PM IST
സാബു ജോണ്‍

തിരുവനന്തപുരം: അരുവിക്കരയിലെ തകര്‍പ്പന്‍ വിജയം യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും ആത്മവിശ്വാസം വാനോളമുയര്‍ത്തുകയാണ്. എല്‍ഡിഎഫിനാകട്ടെ കടുത്ത അപായസൂചനയും നല്‍കുന്നു തെരഞ്ഞെടുപ്പുഫലം.

വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ യുഡിഎഫിന് ഇനി കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയുണ്ടാകാമെന്നു പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാമെന്നായി യുഡിഎഫിന്.

അരുവിക്കരയില്‍ യുഡിഎഫ് പരാജയപ്പെട്ടിരുന്നെങ്കില്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിനുള്ള തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. സ്വന്തം മുന്നണിക്കുള്ളില്‍ നിന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പുയരുമായിരുന്നു. ഒരുപക്ഷേ നേതൃമാറ്റമെന്ന ആവശ്യവും ശക്തമാകുമായിരുന്നു.

തെരഞ്ഞെടുപ്പു വിജയത്തോടെ ഈ സാധ്യതകളെല്ലാം അടഞ്ഞിരിക്കുകയാണ്. മുന്നണിക്കുള്ളിലും പാര്‍ട്ടിക്കുള്ളിലും ഉമ്മന്‍ ചാണ്ടി കൂടുതല്‍ കരുത്തനായി മാറുകയാണ്. സമീപകാല ചരിത്രത്തിലൊന്നും ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരണത്തിന്റെ നാലാം വര്‍ഷം ഇത്ര ശക്തനായിരുന്നിട്ടില്ല.

അരുവിക്കര വിജയത്തിന്റെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയാണെന്നു പറയുമ്പോഴും വിജയത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും അദ്ദേഹത്തിന് അവകാശപ്പെടാന്‍ സാധിക്കില്ല. യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് അരുവിക്കര വിജയം. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കളെല്ലാം അരുവിക്കരയില്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. മുഴുവന്‍ ഘടകകക്ഷി നേതാക്കളും അവരുടെ പ്രവര്‍ത്തകരും ശബരീനാഥനു വേണ്ടി കൈമെയ് മറന്നു പ്രവര്‍ത്തിച്ചു.

സമാനമായ രീതിയിലുള്ള ഒരു തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനം യുഡിഎഫ് അടുത്ത കാലത്തൊന്നും ഒരിടത്തും നടത്തിയിട്ടില്ല. യുഡിഎഫിനും കോണ്‍ഗ്രസിനും മറ്റു ഘടകകക്ഷികള്‍ക്കുമെല്ലാം വ്യത്യസ്തമായ കാരണങ്ങളാല്‍ ഇവിടെ വിജയം അനിവാര്യമായിരുന്നു.

യുഡിഎഫില്‍ ഘടകകക്ഷിയായ ആര്‍എസ്പി നാലര പതിറ്റാണ്ടിനിടയില്‍ മത്സരരംഗത്തില്ലാത്ത തെരഞ്ഞെടുപ്പായിരുന്നു ഇക്കുറി അരുവിക്കരയില്‍ നടന്നത്. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ ആര്‍എസ്പിയുടെ അരുവിക്കരയിലെ ശക്തി ചോദ്യം ചെയ്യപ്പെടുമായിരുന്നു. എല്‍ഡിഎഫില്‍ നിന്നു പുറത്തുവന്ന ആര്‍എസ്പിക്ക് യുഡിഎഫിന്റെ വിജയത്തേക്കാള്‍ എല്‍ഡിഎഫിന്റെ പരാജയം ഉറപ്പുവരുത്തേണ്ടതുമുണ്ടായിരുന്നു. വിമതശല്യമില്ലാതെ കോണ്‍ഗ്രസും ഒത്തൊരുമയോടെ ഘടകകക്ഷികളും ഒരുമിച്ചു നിന്നതാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം സുഗമമാക്കിയത്.

ജി. കാര്‍ത്തികേയന് അനുകൂലമായ സഹതാപതരംഗവും സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ ചടുലമായ പ്രവര്‍ത്തനശൈലിയും വിജയം എളുപ്പമാക്കി മാറ്റിയ ഘടകങ്ങളാണ്.

കേരള രാഷ്ട്രീയത്തിന്റെ ഭാവി എങ്ങോട്ടെന്നു നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പ് എന്നാണ് ഇരുമുന്നണികളും ബിജെപിയും അരുവിക്കര തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പിലെ പരാജയം ഇടതുമുന്നണിക്കും സിപിഎമ്മിനുമേല്‍പ്പിച്ച ആഘാതം ചില്ലറയല്ല. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷിയില്ലാത്ത പാര്‍ട്ടിയെന്ന ആരോപണം ശരിവയ്ക്കുന്ന പ്രകടനമാണ് അവര്‍ ഇവിടെ നടത്തിയത്. യുഡിഎഫ് സര്‍ക്കാരിനെതിരെ തീവ്രജനരോഷം ഉയര്‍ന്നുനില്‍ക്കുന്നു എന്നു പ്രചരിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ പോലും അരുവിക്കരയില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതിനു വിശ്വാസയോഗ്യമായ ന്യായം നിരത്താന്‍ അവര്‍ക്കു സാധിക്കില്ല.


സര്‍ക്കാരിനെതിരെ പ്രതിപക്ഷം നാളുകളായി ഉന്നയിച്ചുപോരുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്നു യുഡിഎഫിന് ഇനി പറയാം. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളായ സോളാര്‍, സരിത, സലിംരാജ് എന്നിവയ്ക്കൊപ്പം ഇത്തവണ ബാര്‍കോഴ കൂടി കൂട്ടിച്ചേര്‍ത്തിട്ടും ഫലമുണ്ടായില്ല എന്നിടത്താണു കാര്യങ്ങള്‍ നില്‍ക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം അരുവിക്കരയിലും ആവര്‍ത്തിച്ചിരിക്കുന്നു.

സിപിഎമ്മിന്റെ ആഭ്യന്തരരാഷ്ട്രീയത്തെയും അരുവിക്കര ഫലം സ്വാധീനിക്കും. പാര്‍ട്ടി നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ വി.എസ്. അച്യുതാനന്ദനെ ആയിരുന്നു മനസില്ലാമനസോടെ ആണെങ്കിലും മുഖ്യപ്രചാരകനാക്കിയത്. വി.എസ്. പങ്കെടുത്ത പൊതുയോഗങ്ങളിലെല്ലാം വമ്പന്‍ ജനക്കൂട്ടവുമെത്തി. രാഷ്ട്രീയ എതിരാളികളെ ആക്ഷേപിച്ചും പരിഹസിച്ചുമുള്ള വി.എസിന്റെ പ്രസംഗങ്ങള്‍ക്കു നല്ല കൈയടി കിട്ടി. എന്നാല്‍, വോട്ടു കിട്ടിയില്ല. വി.എസിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനിറങ്ങിയാലും കാര്യമില്ലെന്ന് പാര്‍ട്ടിയിലെ എതിര്‍പക്ഷത്തിനു പറയാം.

സംഘടനാപരമായ ചുമതല പൂര്‍ണമായി ഏറ്റെടുത്ത പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പരീക്ഷണത്തില്‍ നഷ്ടമാണു സംഭവിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷവും തുടര്‍ച്ചയായ പരാജയങ്ങള്‍ എന്ന പേരുദോഷം ഒഴിവാക്കാന്‍ സാധിച്ചില്ല.

രാജ്യഭരണം നേടിയ ബിജെപി വോട്ടുപിടിക്കാന്‍ പ്രാപ്തിയുള്ള പാര്‍ട്ടിയായി മാറിയെന്നു തെളിയിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും ഇതു നല്ല സൂചനയല്ല നല്‍കുന്നത്. ഇരുവരുടെയും വോട്ടുകള്‍ അപഹരിച്ചു കൊണ്ടാണ് ബിജെപി വളരുന്നത്. അരുവിക്കരയില്‍ കൂടുതല്‍ നഷ്ടമുണ്ടായത് ഇടതുപക്ഷത്തിനാണെന്നു മാത്രം.

ഇടതുപക്ഷത്തു നിന്നുള്ള വോട്ടു ചോര്‍ച്ച അവരുടെ നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തുന്ന നിലയിലേക്കു വളര്‍ന്നേക്കാം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇതു പ്രകടമായി കണ്ടു. അത് ഒറ്റപ്പെട്ട പ്രാദേശിക സംഭവമല്ലെന്ന് അരുവിക്കര തെളിയിക്കുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അരുവിക്കരയില്‍ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണു വോട്ടു ചോദിച്ചത്. പ്രതിപക്ഷമാകട്ടെ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ആക്ഷേപിക്കുന്ന തലത്തിലേക്കു പ്രചാരണം കൊണ്ടുപോയി. വ്യക്തിഹത്യയിലേക്കു നീങ്ങിയ പ്രചാരണരീതി ജനം അംഗീകരിച്ചില്ലെന്നു വ്യക്തം. എന്നാല്‍, അവര്‍ പാഠം പഠിച്ചതായി കാണുന്നില്ല. അധികാരവും പണവും മദ്യവുമുപയോഗിച്ചു നേടിയ വിജയമെന്ന് ഇടതു നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ അവര്‍ പരിഹസിക്കുന്നതു വിജയികളെയല്ല, മറിച്ച് അരുവിക്കരയിലെ വോട്ടര്‍മാരെ തന്നെയാണ്.

അരുവിക്കര ഫലം മറ്റു ചിലരുടെ ഭാവി കൂടി നിര്‍ണയിക്കുന്നതായി മാറി. എല്‍ഡിഎഫിന്റെ ഭാഗമായില്ലെങ്കിലും ആര്‍. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ്കുമാറും അരുവിക്കരയില്‍ ഇടതുപ്രചാരണ വേദികളില്‍ സജീവമായിരുന്നു. പി.സി. ജോര്‍ജ് ആകട്ടെ സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കി യുഡിഎഫിന്റെ പരാജയം ഉറപ്പാക്കാന്‍ ശ്രമിച്ചു. യുഡിഎഫ് മികച്ച വിജയം നേടിയതോടെ ഇവരുടെ ഭാവിനീക്കങ്ങളും അനിശ്ചിതത്വത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.