ശ്രീവിദ്യയുടെ സ്വത്തുക്കള്‍: ഹര്‍ജി തീര്‍പ്പാക്കി
ശ്രീവിദ്യയുടെ സ്വത്തുക്കള്‍: ഹര്‍ജി തീര്‍പ്പാക്കി
Wednesday, July 1, 2015 12:08 AM IST
കൊച്ചി: അന്തരിച്ച നടി ശ്രീവിദ്യയുടെ പേരിലുള്ള ചാരിറ്റബിള്‍ സൊസൈറ്റി ഏറ്റെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ ആവശ്യം ഉന്നയിച്ച് കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

ശ്രീവിദ്യയുടെ പേരിലുള്ള ആദായ നികുതി കുടിശികയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഹര്‍ജിക്കാരന് ആദായ നികുതി വകുപ്പിനെ സമീപിക്കാമെന്ന് ജസ്റീസ് കെ. വിനോദ്ചന്ദ്രന്‍ ഉത്തരവില്‍ പറഞ്ഞു.

ശ്രീവിദ്യ 2006 ഓഗസ്റ് 17നാണ് തന്റെ സ്വത്തുവകകളുടെ വിനിയോഗം സംബന്ധിച്ച് വില്‍പത്രം തയാറാക്കി ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റര്‍ ചെയ്തത്. ഗണേഷ്കുമാറിനെയാണ് വില്‍പത്രത്തിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.

ഇതനുസരിച്ച് ശ്രീവിദ്യയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റിനു രൂപം നല്‍കിയ ഗണേഷ്കുമാര്‍, ശ്രീവിദ്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ വസ്തുക്കള്‍ ഏറ്റെടുത്ത് മ്യൂസിയം ഉണ്ടാക്കാനായി ചലച്ചിത്ര അക്കാഡമിയെ സമീപിച്ചിരുന്നു. ചലച്ചിത്ര അക്കാഡമി ഈ അപേക്ഷ പരിഗണിച്ച് ബാധ്യതകളും സ്വത്തുവിവരവും വിലയിരുത്താന്‍ എന്‍. രാജ്കുമാറിനെ ചുമതലപ്പെടുത്തി.


എന്നാല്‍, ശ്രീവിദ്യയുടെ പേരിലുള്ള ആദായ നികുതി ബാധ്യതകള്‍ നിമിത്തം ഈ നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ശ്രീവിദ്യയുടെ പേരില്‍ ചെന്നൈയിലുള്ള വസ്തു വിറ്റ് ബാധ്യത തീര്‍ക്കാന്‍ നിര്‍ദേശിക്കണമെന്നും കേരളത്തില്‍ സൊസൈറ്റി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഗണേഷ്കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.