സീറോ മലബാര്‍ സഭാദിനാഘോഷം മൂന്നിന്; മൌണ്ട് സെന്റ് തോമസ് ഒരുങ്ങുന്നു
Wednesday, July 1, 2015 12:08 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ഭാരതത്തിന്റെ അപ്പോസ്തലന്‍ മാര്‍ തോമ്മാശ്ളീഹായുടെ ഓര്‍മ ആചരിക്കുന്ന ജൂലൈ മൂന്ന് സീറോ മലബാര്‍ സഭാദിനമായി ആഘോഷിക്കും.

സഭയുടെ എല്ലാ രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ ഒരുമിച്ചുചേരുന്ന സഭാദിനാഘോഷങ്ങള്‍ക്ക് സഭയുടെ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഒരുക്കങ്ങളായി.

രാവിലെ 9.30ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തുന്നതോടെ സഭാദിനാഘോഷത്തിനു തുടക്കമാകും.

പൊതുസമ്മേളനത്തില്‍ ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിന്റെ അപ്പസ്തോലിക വികാര്‍ ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ മുഖ്യാതിഥിയായി സന്ദേശം നല്‍കും. മേജര്‍ ആര്‍ച്ച്ബിഷപ് അധ്യക്ഷത വഹിക്കും. 11.30ന് ആഘോഷമായ റാസ കുര്‍ബാനയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ വിവിധ മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും.

ഉച്ചകഴിഞ്ഞു നടക്കുന്ന സെഷനില്‍ ക്ളാരിസ്റ് സഭയുടെ അസിസ്റന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ ജിയോ മരിയ, സീറോ മലബാര്‍ സഭ റിലിജിയസ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് ഫാ. വില്‍സണ്‍ മൊയലന്‍, മലബാര്‍ മിഷനറി ബ്രദേഴ്സിന്റെ സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഫ്രാങ്കോ എന്നിവര്‍ സന്യസ്തജീവിത ദര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കും.


ബെന്നി ബഹനാന്‍ എംഎല്‍എ, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ. ഡോ. ജോസ് ചിറമേല്‍, ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.

സീറോ മലബാര്‍ സിനഡിന്റെ ഔദ്യോഗിക ബഹുമതിയായ വൈദികരത്നം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ. ആന്റണി ഇലവുംകുടിക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിക്കും. സന്യാസിനികള്‍, സെമിനാരി, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ കലാപരിപാടികളും ഉണ്ടാകും.

സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍നിന്നും വൈദിക, അല്മായ പ്രതിനിധികള്‍, സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍ എന്നിവര്‍ സഭാദിനാഘോഷത്തില്‍ പങ്കെടുക്കും.

പരിപാടികളുടെ വിജയത്തിനായി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. ജോസ് പുലിവേലില്‍, റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, റവ. ഡോ. ജോസ് ചിറമേല്‍, റവ. ഡോ. ജോര്‍ജ് ദാനവേലില്‍, ഫാ. മാത്യു പുളിമൂട്ടില്‍, റവ. ഡോ. ഷാജി കൊച്ചുപുരയില്‍, റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഫാ. ജോബി മാപ്രക്കാവില്‍, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പള്ളി എന്നിവര്‍ അംഗങ്ങളായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.