ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനം:ചികിത്സയില്‍ ആത്മീയതയുടെ സ്പര്‍ശം
ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനം:ചികിത്സയില്‍ ആത്മീയതയുടെ സ്പര്‍ശം
Wednesday, July 1, 2015 12:11 AM IST
ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് (ലേഖകന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സ്ഥാപക ഡയറക്ടറും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുമാണ്).

കാര്യമുണ്െടങ്കില്‍ കാരണവുമുണ്ടാകും. ഉദാഹരണത്തിനു പുകയുടെ കാരണം അഗ്നി എന്ന കാര്യ-കാരണ ബന്ധപ്രകാരം രോഗം ഉണ്െടങ്കില്‍ അതിനു ഹേതുവായി രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകും എന്നാണ് ആധുനിക മനുഷ്യന്റെ ശാസ്ത്രവിജ്ഞാനം. പ്രബലമായ ഈ പാശ്ചാത്യ തത്ത്വത്തിന്റെ ഉത്പന്നമാണ് ഈ ചിന്താശൈലി. എന്നാല്‍, മനുഷ്യനെ സമഗ്രമായി കാണുന്ന അതിപുരാതനമായ പൌരസ്ത്യ ചികിത്സാരീതിയില്‍ രോഗകാരണങ്ങള്‍ ആധുനിക പരിശോധനകളിലൂടെ നിര്‍ണയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൃത്യമായി രോഗത്തെ ചികിത്സിക്കുന്ന രീതി ഒരു സഹസ്രാബ്ദത്തിനു മുമ്പേ നിലവിലുണ്ടായിരുന്നു.

പാശ്ചാത്യ ചിന്താസരണിയില്‍ എല്ലാം തലനാരിഴ വിഭജിച്ചു രോഗനിര്‍ണയം സാധ്യമാക്കുന്നു. മൈക്രോബയോളജി, ലബോറട്ടറി, റേഡിയോളജി തുടങ്ങിയ പരിശോധനാഫലങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സമ്പ്രദായമാണ് അലോപ്പതി എന്ന മോഡേണ്‍ മെഡിസിന്‍ ശാഖയിലുള്ളത്. ഇവിടെ രോഗിയെ നേരിട്ടുകണ്ടു പരിശോധിച്ചില്ലെങ്കിലും ചികിത്സ നിശ്ചയിക്കാന്‍ കഴിയുമെന്നു ചുരുക്കം. പരിശോധനയുടെയും ഗവേഷണത്തിന്റെയും കണ്ണുകളാണ് അവിടെ പ്രവര്‍ത്തിക്കുന്നതെങ്കില്‍ പൌരസ്ത്യരീതിയില്‍ പാരമ്പര്യ സമ്പ്രദായങ്ങളിലൂടെയാണു രോഗനിര്‍ണയം നടത്തുന്നത്. ക്രിസ്തുവിന് 1500 വര്‍ഷം മുമ്പ് പ്രാഗ്രൂപത്തിലെങ്കിലും ഈ ശൈലി രൂപപ്പെട്ടതായി അനുമാനിക്കാം. ആയുര്‍വേദമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചികിത്സാരീതി, അഥര്‍വ വേദത്തില്‍നിന്നു രൂപപ്പെട്ടതാണെന്നു വിശ്വസിക്കപ്പെടുന്നു.

മധ്യയുഗം വരെ ഇന്ത്യ, ചൈന പ്രദേശങ്ങളില്‍ ഈ രീതിയായിരുന്നു പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. പ്രാപഞ്ചിക ശക്തികളെ ദൈവമായിക്കണ്ടു പൂജ ചെയ്തിരുന്ന പുരോഹിതര്‍തന്നെയാണ് ഈ പാരമ്പര്യത്തില്‍ വൈദ്യന്മാരായി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുപുറമേ യുനാനിയും - സിദ്ധ തുടങ്ങിയ ചികിത്സാശാഖകളും നിലവിലിരുന്നു. ഇവയ്ക്കൊന്നും നിയതമായ സംവിധാനങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍, ബിസി 469 ല്‍ ഗ്രീസില്‍ ജനിച്ച ഹിപ്പോക്രാറ്റസ് പാശ്ചാത്യ രോഗനിര്‍ണയ ചികിത്സയ്ക്കു പാത തെളിച്ചു. അതു പിന്നീട് അലോപ്പതി എന്ന അതിശക്തമായ ചികിത്സാരീതിയായി മാറുകയും ചെയ്തു. ഹാനിമാന്റെ ഗവേഷണങ്ങളില്‍നിന്നാണു ഹോമിയോപ്പതി ചികിത്സാരീതികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. എന്നാല്‍, പരമ്പരാഗതമായ ആയുര്‍വേദ ചികിത്സ മറ്റു ശാഖകളേക്കാള്‍ ഈശ്വരകേന്ദ്രീകൃതമായിരുന്നു.

ആയുര്‍വേദം ഒരു ചികിത്സയേക്കാള്‍ പ്രത്യേക ജീവിതരീതി, ഭക്ഷണശൈലി, മാനസിക സന്തുലിതാവസ്ഥ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു. ഓരോ ദിവസത്തെ ദിനചര്യയും കാലവ്യത്യാസമനുസരിച്ചുള്ള ഋതുചര്യയും ഇവിടെ പ്രധാനമാണ്. ശരീരം-ആഹാരം, ശാരീരിക-മാനസിക ശുചിത്വം ഇവയെല്ലാം ആയുര്‍വേദത്തില്‍ പ്രധാനപ്പെട്ടതാണ്. ശ്രേഷ്ഠമായ വ്യക്തി-സമൂഹബന്ധങ്ങളും ഇവിടെ പരിഗണനാവിഷയമാണ്.

ആയുര്‍വേദത്തിലെ രോഗീ-വൈദ്യ ബന്ധവും പ്രത്യേകതയുള്ളതാണ്. ഋഷിമാരിലൂടെ ദൈവം വെളിപ്പെടുത്തിയ വൈദ്യമുറയുടെ ഉപാസകരായിരുന്നു ഭാരതത്തിന്റെ ശ്രേഷ്ഠമായ കൈമുതല്‍. കാട്ടിലെ പ്രത്യേക ചെടികളില്‍നിന്നു വികസിപ്പിച്ചെടുത്ത ഔഷധക്കൂട്ടുകള്‍ വളരെ ഫലപ്രദമായിരുന്നുവെന്നതിനു തര്‍ക്കമില്ല. വൈദ്യന്റെ അറിവ് ദൈവദാനമാണെന്ന ആഴമായ വിശ്വാസത്തില്‍ ഈശ്വരോന്മുഖമായ ജീവിതം നയിച്ചവരായിരുന്നു അവര്‍.

ക്രൈസ്തവ ദര്‍ശനത്തില്‍ ചികിത്സയ്ക്കു പഴയനിയമത്തിലും പുതിയനിയമത്തിലും വ്യക്തമായ അടിസ്ഥാനമുണ്ട്. മോശയുടെ കാലത്തും അതിനു മുമ്പും മാന്ത്രികവിദ്യയില്‍ നടന്ന രോഗശാന്തികളെക്കുറിച്ചു പുറപ്പാടിന്റെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഇവിടെയും പുരോഹിതര്‍തന്നെയായിരുന്നു രോഗശാന്തി നല്‍കിയിരുന്നത്. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട പ്രഭാഷകന്റെ ഗ്രന്ഥത്തില്‍ മുപ്പത്തെട്ടാം അധ്യായത്തില്‍ വൈദ്യനും രോഗശാന്തിയും എന്ന അധ്യായം ക്രൈസ്തവ ദര്‍ശനത്തില്‍ ചികിത്സയുടെ ആധ്യാത്മിക അടിത്തറയായി ഗണിക്കപ്പെടുന്നു. കര്‍ത്താവാണു വൈദ്യനെ നിയോഗിച്ചത്, വൈദ്യന്റെ ജ്ഞാനം ദൈവത്തില്‍നിന്നു വരുന്നു എന്നീ പരാമര്‍ശങ്ങള്‍ രാജാവ്പോലും വൈദ്യനെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്നു.

പുതിയ നിയമത്തില്‍ മറ്റനേകം വിശേഷണങ്ങള്‍ക്കൊപ്പം യേശുക്രിസ്തുവിനെ നിത്യനായ സൌഖ്യദായകന്‍ എന്നു വിശേഷിപ്പിക്കുന്നതു ക്രിസ്തു നല്‍കിയ ശാരീരികവും മാനസികവും ആത്മീയവുമായ രോഗശാന്തി മൂലമാണ്. കഴിവുറ്റ ഒരു ഭിഷഗ്വരന്റെ സര്‍വലക്ഷണവും യേശുവിന്റെ ജീവിതത്തില്‍ ഉടനീളം കാണാം. അന്ധനു സൌഖ്യം നല്‍കിയപ്പോള്‍ യേശു നേത്രരോഗ ചികിത്സകനും തളര്‍വാതരോഗിക്കു സൌഖ്യം നല്‍കിയപ്പോള്‍ ന്യൂറോളജിസ്റും ബധിരനേയും മൂകനേയും സുഖപ്പെടുത്തിയപ്പോള്‍ ഇഎന്‍ടി സ്പെഷലിസ്റും മരണാവസ്ഥയില്‍നിന്നു ജായ്റോസിന്റെ മകളെ ഉണര്‍ത്തിയപ്പോള്‍ ശിശുരോഗ വിദഗ്ധനും മുടന്തനെ സൌഖ്യപ്പെടുത്തിയപ്പോള്‍ അസ്ഥിരോഗ വിദഗ്ധനും രക്തസ്രാവക്കാരിക്കു ഹിമറ്റോളജിസ്റായും കല്ലറകള്‍ക്കിടയില്‍ ചങ്ങലകൊണ്ടു സ്വയം ബന്ധിച്ചിരുന്നവനു സൌഖ്യം നല്‍കിയപ്പോള്‍ മനോരോഗ വിദഗ്ധനും സക്കേവൂസിനും പരസ്യപാപത്തില്‍ പിടിക്കപ്പെട്ട രോഗിയായ സ്ത്രീക്ക് ആന്തരികസൌഖ്യം നല്‍കിയപ്പോള്‍ മനഃശാസ്ത്രജ്ഞനായും കുഷ്ഠരോഗിയുടെ മുമ്പില്‍ ചര്‍മരോഗ വിദഗ്ധനും സമരിയാക്കാരി സ്ത്രീയുടെ മുമ്പില്‍ കൌണ്‍സിലറായും യേശു പ്രഗത്ഭനായ ഒരു ഡോക്ടറുടെ ഗൌണില്‍ പ്രത്യക്ഷപ്പെടുന്നു.


യേശുവിന്റെ പ്രധാന പ്രവൃത്തികള്‍ക്കു മുമ്പ് അവിടുന്നു പ്രാര്‍ഥനയില്‍ മുഴുകുന്നതായി കാണുന്നു. ചികിത്സയില്‍ ഔഷങ്ങളോടൊപ്പം തിരുവചനങ്ങളും കുറിക്കുന്ന ചില ഡോക്ടര്‍മാരെയും നമുക്കറിയാമല്ലോ. സ്വാമി ചിന്മയാനന്ദന്‍ അമേരിക്കയില്‍ നടന്ന തന്റെ ഹൃദയശസ്ത്രക്രിയയെക്കുറിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോടു നടത്തിയ പ്രഭാഷണം ഇത്തരുണത്തില്‍ ഓര്‍മയില്‍ തെളിയുന്നു. ‘ഓപ്പറേഷന്‍ തിയറ്ററില്‍ എല്ലാം സജ്ജമായി ശസ്ത്രക്രിയയുടെ ആദ്യഘട്ടമായ അനസ്തേഷ്യ നല്‍കുന്നതിനു മുമ്പ് ഒരു നിമിഷം ഡോക്ടര്‍മാര്‍ യേശുവിന്റെ തിരുഹൃദയ രൂപത്തിലേക്കു തിരിഞ്ഞു പ്രാര്‍ഥിച്ചപ്പോള്‍ എനിക്കു ലഭിച്ച സാന്ത്വനം അവര്‍ണനീയമായിരുന്നു’. ഡോക്ടര്‍മാര്‍ക്കും വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ഈ വെളിപ്പെടുത്തല്‍ ഒരു സാക്ഷ്യമായി മാറുകയായിരുന്നു.

അലോപ്പതി ഹൃദയശസ്ത്രക്രിയ മാത്രമല്ല, ശരീരത്തില്‍ ഏതാണ്ട് അറ്റുപോയ മനുഷ്യന്റെ ശിരസ് തുന്നിച്ചേര്‍ത്തുള്ള ചികിത്സയുടെ ഔന്നത്യം വരെ എത്തിച്ചേര്‍ന്നെങ്കിലും 99 ശതമാനം മാര്‍ക്ക് വാങ്ങാന്‍ മാത്രമേ അതിനായിട്ടുള്ളു. ദൈവത്തില്‍ സമ്പൂര്‍ണമായി ആശ്രയിച്ചും ധനാര്‍ത്തിയോടു വിടപറഞ്ഞും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ ചികിത്സാ രീതിക്കു ലോകം നൂറില്‍ നൂറ് മാര്‍ക്കു നല്‍കും. ഈ രണ്ടു ഘടകങ്ങള്‍മൂലം ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുന്നുവെന്നു നാം തിരിച്ചറിയണം. സേവനത്തിന്റെ അള്‍ത്താരയില്‍ ബലിയായി സമര്‍പ്പിച്ച നല്ല ഡോക്ടര്‍മാരുടെ സ്മരണയ്ക്കു മുന്നില്‍ ശിരസ് നമിക്കാം.

മറ്റു വൈദ്യശാസ്ത്ര ശാഖകളെപ്പോലെതന്നെ പ്രവാചകനായ നബി തിരുമേനിയുടെ കാലം മുതല്‍ ഖുറാന്‍ വചനങ്ങളില്‍ അധിഷ്ഠിതമായ ചികിത്സാശൈലി നിലവില്‍ ഉണ്ടായിരുന്നു- പ്രവാചകവൈദ്യം (ത്വിബുന്നബി എന്ന ചികിത്സാ ശൈലി). ഇതോടൊപ്പം തന്നെ ഇസ്ലാമിക് മെഡിസിന്‍, ഖുറാന്‍ ചികിത്സ എന്നീ സമാന സ്വഭാവമുള്ള ചികിത്സാരീതികളും ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. പ്രവാചകന്റെ ദര്‍ശനമനുസരിച്ചു വൈദ്യന്റെ ഏറ്റവും വലിയ മേന്മ ദൈവഭയത്തിലാണ്. മനുഷ്യനെ ഒരിക്കലും മരുന്നുകളുടെ ഗുണമേന്മ പരിശോധിക്കുന്ന പരീക്ഷണശാലകളായി കാണരുത്. ജീവന്‍ എടുക്കുന്ന ഒരു ഔഷധവും വൈദ്യനു വിധിക്കാന്‍ പാടില്ല.

ഏതായാലും ഗ്രന്ഥങ്ങളിലെ അക്കാദമിക് വിജ്ഞാനവും രാസവസ്തു മിശ്രിതങ്ങള്‍ ചേര്‍ന്ന വിലയേറിയ മരുന്നുകളും അതിസങ്കീര്‍ണായ യന്ത്രസംവിധാനങ്ങളും മാത്രം ചേര്‍ന്നതല്ല ചികിത്സ. ആഴമായ ദൈവവിശ്വാസത്തിന്റെ മേമ്പൊടി ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും രോഗിയുടെ സമഗ്ര സുസ്ഥിതിക്കും അനിവാര്യമാണ്.

ഭാരതത്തില്‍ ജൂലൈ ഒന്ന് ഡോക്ടര്‍മാരെ ആദരിക്കാനും നന്ദി പറയാനുമായി മാറ്റിവയ്ക്കപ്പെട്ട ദിവസമാണ്. സ്വതന്ത്ര ഭാരതത്തിലെ പ്രഗത്ഭ ഡോക്ടറും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ഡോ. ബി.സി. റോയിയുടെ (1882-1962) ജന്മദിനവും ചരമദിനവുമായി ആചരിക്കുന്നത് അന്നാണ്. പോരായ്മകളും ബലഹീനതകളും തിരിച്ചറിഞ്ഞു തിരുത്തി നവചൈതന്യത്തോടെ ദൈവം വിളിച്ചുനല്‍കിയ ശ്രേഷ്ഠമായ പദവി അര്‍ഹിക്കുന്ന അന്തസോടെ നിലനിര്‍ത്താന്‍ ഇന്നു പ്രതിജ്ഞയെടുക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.