മരം ഒടിഞ്ഞു തലയില്‍വീണു വീട്ടമ്മ മരിച്ചു
മരം ഒടിഞ്ഞു തലയില്‍വീണു വീട്ടമ്മ മരിച്ചു
Wednesday, July 1, 2015 12:18 AM IST
അഗളി: മരം ഒടിഞ്ഞു തലയില്‍ വീണു വീട്ടമ്മ മരിച്ചു. അഗളി പഞ്ചായത്തില്‍ പോത്തുപ്പാടി പാലയ്ക്കല്‍ മോഹനന്റെ ഭാര്യ പത്മിനി (53)യാണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പോത്തുപ്പാടി എന്‍എസ്എസ് ഓഫീസിനു സമീപം സ്റോര്‍ റൂമിനു പിന്നിലായിരുന്നു അപകടം. എന്‍എസ്എസ് തോട്ടത്തിലെ തൊഴിലാളിയായ പത്മിനിയും മറ്റു തൊഴിലാളികളും ഉച്ചഭക്ഷണത്തിനായി വരികയായിരുന്നു. ഈ സമയം സ്റോര്‍ മുറിയുടെ പിന്നില്‍നിന്ന വലിയ മരം ഒടിഞ്ഞു ഒരു കവുങ്ങിലേയ്ക്കു പതിക്കുകയും കവുങ്ങും മരവുംകൂടി പത്മിനിയുടെ തലയില്‍ വീഴുകയുമായിരുന്നു. പത്മിനി തത്ക്ഷണം മരിച്ചു.


കൂടെയുണ്ടായിരുന്ന തൊഴിലാളികളോടൊപ്പം ഓടിമാറാന്‍ ശ്രമിച്ചെങ്കിലും പത്മിനി അപകടത്തില്‍പെടുകയായിരുന്നു. ഭര്‍ത്താവ് മോഹനന്റേയും അദ്ദേഹത്തിന്റെ സഹോദരന്‍ രാജന്റേയും കണ്‍മുന്നിലായിരുന്നു അപകടം. കാഞ്ഞിരപ്പുഴ പിച്ചളമുണ്ടയില്‍ പത്മനാഭന്റേയും കുഞ്ഞുകുട്ടിയുടേയും മകളാണു മരിച്ച പത്മിനി. മക്കള്‍: ധന്യ, രമ്യ. മരുമക്കള്‍: മനോജ്, അയ്യപ്പന്‍.

മൃതദേഹം അഗളി സര്‍ക്കാര്‍ ആശുപത്രിയില്‍. പോസ്റുമോര്‍ട്ടത്തിനു ശേഷം പോത്തുപ്പാടിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.