പ്രതിപക്ഷം ചുവരെഴുത്തു വായിക്കണം
Wednesday, July 1, 2015 10:45 PM IST
മന്ത്രി കെ.സി. ജോസഫ്

അരുവിക്കരയുടെ വിധിയെഴുത്ത് കേവലം ഒരു നിയമസഭാ മണ്ഡലത്തെ മാത്രം ബാധിക്കുന്നതല്ല. തെരഞ്ഞെടുപ്പിന്റെ പ്രാരംഭത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതുപോലെ നാലു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തല്‍തന്നെയാണ് അരുവിക്കരയുടെ ഫലം. ഞങ്ങളുടെ പ്രതീക്ഷയില്‍ കവിഞ്ഞ വമ്പിച്ച ഭൂരിപക്ഷമാണ് അരുവിക്കരയിലെ ജനങ്ങള്‍ നല്‍കിയത്. മുഖ്യമന്ത്രിക്കും യുഡിഎഫിനും അഭിമാനിക്കാന്‍ കഴിയുന്ന വിജയം. ചുവരെഴുത്ത് വായിക്കാന്‍ ഇനിയെങ്കിലും പ്രതിപക്ഷം തയാറായാല്‍ അവര്‍ക്കു കൊള്ളാം.

എന്തെല്ലാം പ്രചാരണ കോലാഹലമായിരുന്നു? ഗവണ്‍മെന്റിന്റെ നേട്ടങ്ങളും വികസന പദ്ധതികളും പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണക്കാരന്റെ കണ്ണീരൊപ്പാന്‍ യുഡിഎഫ് ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങളും വിശദീകരിച്ചുകൊണ്ടാണു യുഡിഎഫ് നേതാക്കള്‍ വോട്ട് ചോദിച്ചത്. എന്നാല്‍, പൊടിപ്പും തൊങ്ങലുംവച്ച പ്രചാരണങ്ങളും അഴിമതിയാരോപണങ്ങളുടെ നട്ടാല്‍ കിളിര്‍ക്കാത്ത നുണകളുമെല്ലാം നിരത്തിയാണു പ്രതിപക്ഷം ജനങ്ങളെ സമീപിച്ചത്.

ആരോപണങ്ങളുടെ പുകമറ ഉയര്‍ത്തി മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണു പ്രതിപക്ഷം നിലവാരം കുറഞ്ഞ വിമര്‍ശനങ്ങള്‍ നടത്തിയത്. ദേശീയ രംഗത്തുവരെ ആദരവ് പിടിച്ചുപറ്റിയ എ.കെ. ആന്റണിയെപ്പറ്റിപ്പോലും മാന്യതയ്ക്കു നിരക്കാത്ത പരാമര്‍ശങ്ങളുണ്ടായി. അതേഭാഷയില്‍ തിരിച്ചുപറയാന്‍ അറിയാത്തതുകൊണ്ടല്ല ഞങ്ങള്‍ നിശബ്ദത പാലിച്ചത്. എ.കെ. ആന്റണി പറഞ്ഞതുപോലെ അച്യുതാനന്ദന്‍ പഠിച്ച സ്കൂളിലല്ല ഞങ്ങള്‍ പഠിച്ചത്. അദ്ദേഹം പറയുന്നഭാഷ ഉപയോഗിക്കാന്‍ ഞങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ല.

പുറത്താക്കാന്‍ വിധിക്കപ്പെട്ടു ശരശയ്യയില്‍ ഉപേക്ഷിക്കപ്പെട്ട വി.എസ്. അച്യുതാനന്ദനെതന്നെ മുഖ്യപ്രചാരകനാക്കി മാറ്റേണ്ട ഗതികേട് സിപിഎമ്മിനുണ്ടായത് അവഗണിക്കാന്‍ കഴിയുന്ന ഒന്നാണോ? മറ്റൊരുമുഖം സിപിഎമ്മിനില്ലെന്നത് അവരുടെ വലിയ തകര്‍ച്ചയുടെ സൂചനയാണ്. പാര്‍ട്ടിയിലെ ശക്തനായ നേതാവ് ബൂത്തിന്റെ കണക്കുകള്‍ തേടി പിന്നാമ്പുറത്തേക്കു പിന്‍വലിഞ്ഞതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. യുദ്ധഭൂമിയില്‍ നേതാക്കള്‍ മുന്നില്‍നിന്നാണു യുദ്ധം നയിക്കേണ്ടത്. ഒളിച്ചും പാത്തും യുദ്ധം ചെയ്യുന്നതു തികഞ്ഞ ഭീരുത്വമാണ്.

ദൃശ്യമാധ്യമങ്ങളുടെ ഇഷ്ടതാരമായി അരങ്ങ് തകര്‍ത്തു മുന്നേറിയ വി.എസ്. അച്യുതാനന്ദന് ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന ഒരു മുന്നറിയിപ്പുണ്ട്. അദ്ദേഹത്തിന്റെ വിലകുറഞ്ഞ പ്രയോഗങ്ങള്‍ കേട്ടു ചിരിച്ചവര്‍ ഉണ്ടാകും, കൈയടിച്ചവര്‍ ഉണ്ടാകും. അതു തല്‍സമയം സംപ്രേഷണം ചെയ്തു യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരുണ്ടാകും. പക്ഷേ, പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ക്കു നാല്‍പ്പതിലെ നാലണയുടെ വില മാത്രമേ അരുവിക്കരയിലെ ജനങ്ങള്‍ കല്‍പ്പിച്ചിട്ടുള്ളൂവെന്ന കാര്യം തെരഞ്ഞെടുപ്പുഫലം വിളിച്ചറിയിക്കുന്നു.

ഭരണ- പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ആദരവോടെ കണ്ട നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ അദൃശ്യസാന്നിധ്യം നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ പ്രിയപുത്രന്‍ കെ.എസ്. ശബരീനാഥന്‍ കാര്‍ത്തികേയന്റെ മകന്‍ എന്ന നിലയില്‍നിന്ന് ഒരുപടി ഉയര്‍ന്ന് യുവകേരളത്തിന്റെ പ്രതീകമായി മാറിയെന്നതാണ് അരുവിക്കര തിരിച്ചറിഞ്ഞ സത്യം. അരുവിക്കരയുടെ മനസറിയാന്‍ ശബരീനാഥനു കഴിഞ്ഞു. അരുവിക്കരക്കാരുടെ പ്രതീക്ഷയായി മാറാന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട നിമിഷം തന്നെ ശബരീനാഥനു കഴിഞ്ഞുവെന്നതു ശ്രദ്ധേയമാണ്.


ബിജെപിയുടെ മുന്നേറ്റം ശ്രദ്ധേയമാണ്. എന്നാല്‍, ബിജെപി ഇനിയും ഉത്തരം പറയേണ്ട ചോദ്യമുണ്ട്. ഒ. രാജഗോപാല്‍ അല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാന്‍ അവര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല? പ്രമുഖരായ പല ബിജെപി നേതാക്കളും നേതൃനിരയില്‍ ഉണ്ടല്ലോ. എന്തുകൊണ്ട് അവരെല്ലാം ഒളിച്ചോടി? ഇനി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിക്കാന്‍ എന്ന പേരില്‍ അവിടെക്കൂടി ഒ. രാജഗോപാലിനെ പരീക്ഷിക്കരുതേ!

എല്‍ഡിഎഫിനും ബിജെപിക്കും പുറമെ അദൃശ്യനും ശക്തനുമായ മറ്റൊരു എതിരാളിയെക്കൂടി അരുവിക്കരയില്‍ യുഡിഎഫിനു നേരിടേണ്ടി വന്നു. നുണകളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ചു യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച ചില ദൃശ്യമാധ്യമ തമ്പുരാക്കന്മാര്‍. എന്തെല്ലാം കഥകള്‍ പടച്ചുവിട്ടു? എന്തെല്ലാം ഒളികാമറ ഓപ്പറേഷനുകള്‍, ബ്രേക്കിംഗ് ന്യൂസുകള്‍. ചാനല്‍ ചര്‍ച്ചകളില്‍ ഉറഞ്ഞു തുള്ളി വെളിച്ചപ്പാടുകളുടെ നവീനരൂപമായി മാറിയ, ചില അവതാരകര്‍. താന്‍ കുലുങ്ങുമ്പോള്‍ ലോകം മുഴുവന്‍ കുലുങ്ങുന്നുവെന്നു കരുതുന്ന ഒരു പക്ഷിയെപ്പോലെ കുലുങ്ങിക്കുലുങ്ങി ഞങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ പതിനെട്ടടവും പയറ്റിയ അവര്‍ക്കും ഈ ഫലം ഒരു മുന്നറിയിപ്പ് തന്നെയാണ്.

യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായിത്തന്നെ തെരഞ്ഞെടുപ്പിന്റെ മുന്നണിയിലുണ്ടായിരുന്നു. ഓരോ കക്ഷിയും ഒറ്റയ്ക്കും കൂട്ടായും അവരുടെ പങ്ക് വഹിച്ചു. സിപിഎമ്മിന്റെ ത്രിമൂര്‍ത്തികള്‍ക്ക് ഒന്നിച്ച് ഒരു സ്റേജില്‍ വരാന്‍പോലും കഴിഞ്ഞില്ല എന്നതു സിപിഎം ഇനി അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങളിലേക്കാണു വിരല്‍ചൂണ്ടുന്നത്.

വിജയത്തില്‍ ഞങ്ങള്‍ക്കു സംതൃപ്തിയുണ്ട്. ജനവിധി യുഡിഎഫ് വിനയപൂര്‍വം ഏറ്റുവാങ്ങുന്നു. മാധ്യമങ്ങളിലും പൊതുവേദികളിലും ഉന്നയിച്ച പ്രശ്നങ്ങളും വിമര്‍ശനങ്ങളും ഞങ്ങള്‍ ഗൌരവമായി കാണുന്നു. നാലു വര്‍ഷത്തെ വികസനത്തെ വിലയിരുത്തിയ അരുവിക്കരയിലെ ജനവിധി യുഡിഎഫിന് ഒരേസമയം ഒരു അംഗീകാരവും മുന്നറിയിപ്പുമാണ്.

തെരഞ്ഞെടുപ്പ് നല്‍കുന്ന ഒരു മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ക്കാവശ്യം വികസനമാണ്, പുരോഗതിയാണ്, തൊഴിലവസരങ്ങളാണ്, മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളാണ്. വീഴ്ചകള്‍ യുഡിഎഫ് തിരിച്ചറിയണം. തെറ്റുകള്‍ തിരുത്തണം. ചെറുതും വലുതുമായ എല്ലാ വിഭാഗത്തിന്റെയും ന്യായമായ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം.

മുന്നോട്ടു ധൈര്യമായി പോകാന്‍ ജനങ്ങള്‍ കാണിച്ച പച്ചക്കൊടിയാണ് അരുവിക്കരയിലെ ഫലം. വിനയത്തോടെ ജനവിധി സ്വീകരിക്കാനും ജനാഭിലാഷം മനസിലാക്കി മുന്നോട്ടുപോകാനും യുഡിഎഫ് നേതൃത്വത്തിനു കഴിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.