പുസ്തകവിചാരവുമായി പ്രതിപക്ഷം
പുസ്തകവിചാരവുമായി പ്രതിപക്ഷം
Friday, July 3, 2015 1:40 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഒരു ജനകീയ ആവശ്യം മുന്നോട്ടുവച്ചുകൊണ്ട് നിയമസഭയില്‍ ഇന്നലെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. സഭാനടപടികള്‍ അലങ്കോലപ്പെടുന്നതോളമെത്തിയ പ്രതിഷേധത്തിനൊടുവില്‍ സഭ നേരത്തെ പിരിഞ്ഞു. അരുവിക്കര തോല്‍വിയുടെ ജാള്യത ഇനിയും മാഞ്ഞിട്ടില്ലെങ്കിലും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ രക്ഷയില്ലെന്ന തിരിച്ചറിവാണോ മാനസാന്തരത്തിന്റെ കാരണമെന്നറിയില്ല.

സ്കൂള്‍ കുട്ടികള്‍ക്കു പാഠപുസ്തകം ഇനിയും എത്തിച്ചുകൊടുക്കാത്ത പ്രശ്നം ഉയര്‍ത്തി അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി പ്രസംഗിച്ചത് മാത്യു ടി. തോമസ് ആയിരുന്നു. പ്ളസ് ടു കോഴ്സ് അനുവദിക്കുന്നതിനും സ്കൂളുകളില്‍ തസ്തിക സൃഷ്ടിക്കുന്നതിനും അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് അംഗീകാരം കൊടുക്കുന്നതിനും കാട്ടുന്ന ജാഗ്രത പാഠപുസ്തകം അച്ചടിക്കുന്നതില്‍ കാട്ടാത്തത് എന്തെന്നായിരുന്നു മാത്യു ടി. തോമസിന്റെ ചോദ്യം. കുട്ടികളുടെ മോഹങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ കരിഓയില്‍ ഒഴിച്ചിരിക്കുകയാണെന്നു മാത്യു ടി. തോമസ് പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ മുഖത്തേക്കു കരിഓയില്‍ ഒഴിച്ച പഴയ സമരത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മാത്യു ടി. തോമസിന്റെ പ്രയോഗം. സര്‍ക്കാര്‍ പ്രസില്‍ ഒരു ബുക്കിന് രണ്ടര രൂപ ചെലവുവരുന്ന സ്ഥാനത്ത് 17 രൂപയ്ക്കാണു സ്വകാര്യ പ്രസില്‍ അച്ചടിക്കാന്‍ കൊടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറുപടി പറയാനെഴുന്നേറ്റ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനു കൂടുതല്‍ ന്യായങ്ങളൊന്നും പറയാനില്ലായിരുന്നു. പാഠ്യപദ്ധതി പരിഷ്കരിച്ചതിന്റെ ഫലമായി കുറച്ചു കാലതാമസമുണ്ടായി, പുസ്തകം അച്ചടിക്കുന്ന പേപ്പറിന്റെ ഗുണനിലവാരത്തില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് അത്തരത്തിലുള്ള പേപ്പര്‍ എത്തിക്കുന്നതിനും താമസമുണ്ടായി. ഈ മാസം 20 നകം മുഴുവന്‍ സ്കൂളുകളിലും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം എത്തിച്ചുകൊടുക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

ഇന്നലെത്തന്നെ ചോദ്യോത്തരത്തില്‍ ജോസ് തെറ്റയിലിനു അച്ചടിവകുപ്പിന്റെ മന്ത്രി നല്‍കിയ മറുപടിയില്‍ പുസ്തകം അച്ചടിക്കാനുള്ള പ്രിന്റ് ഓര്‍ഡര്‍ ഫെബ്രുവരി പത്തിനു മാത്രമാണു നല്‍കിയതെന്നു പറഞ്ഞ കാര്യം മാത്യു ടി. തോമസ് എടുത്തിട്ടു. ഇതു ശരിയാണോ എന്നായി അദ്ദേഹം. അങ്ങനെ ഉത്തരം പറഞ്ഞിട്ടുണ്െടങ്കില്‍ അതു പരിശോധിച്ച ശേഷമേ ശരിയോ തെറ്റോ എന്നു പറയാന്‍ സാധിക്കൂ എന്നു മന്ത്രി പറഞ്ഞു.

കാത്തിരുന്ന പിടിവള്ളി കിട്ടിയ സന്തോഷത്തിലായി പ്രതിപക്ഷം. മുദ്രാവാക്യം വിളിയും ബഹളവുമായി പ്രതിപക്ഷത്തെ പിന്‍നിരക്കാര്‍ നടുത്തളത്തിലിറങ്ങി. മന്ത്രിക്കു കാര്യങ്ങള്‍ പറയാന്‍ അവസരം നല്‍കണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സ്പീക്കറുടെ അഭ്യര്‍ഥന കൂടി പരിഗണിച്ച് പ്രതിപക്ഷാംഗങ്ങള്‍ സീറ്റുകളിലേക്കു മടങ്ങി. പക്ഷേ മന്ത്രിക്കു കൂടുതലൊന്നും പറയാനില്ലായിരുന്നു. മുമ്പു പറഞ്ഞതു തന്നെ ആവര്‍ത്തിച്ചു. വീണ്ടും ബഹളമായി.

ഇതോടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എഴുന്നേറ്റു. സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വി.എസ്. ഒടുവില്‍ സമരമുറ പ്രഖ്യാപിച്ചു. ഞങ്ങള്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിക്കും. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിരുന്നു. സഭ തത്കാലത്തേക്കു നിര്‍ത്തി സ്പീക്കര്‍ ചേംബറിലേക്കു മടങ്ങി.


അരമണിക്കൂര്‍ സമയം സ്പീക്കര്‍ എന്‍. ശക്തന്‍ പ്രതിപക്ഷവുമായും ഭരണപക്ഷവുമായും ചര്‍ച്ച നടത്തി. സമവായത്തിലെത്താന്‍ സാധിച്ചില്ലെന്നു മാത്രം. പതിനൊന്നിനുശേഷം വീണ്ടും സമ്മേളിച്ചപ്പോഴേക്കും കാര്യങ്ങള്‍ വ്യക്തമായിരുന്നു. മറുപടി പറയാന്‍ വിദ്യാഭ്യാസമന്ത്രിയെ സ്പീക്കര്‍ ക്ഷണിച്ചു. മന്ത്രിയുടെ മറുപടി വേണ്െടന്നായി പ്രതിപക്ഷം. അവര്‍ക്കു വേണ്ടത് മുഖ്യമന്ത്രിയുടെ മറുപടിയാണ്. മുഖ്യമന്ത്രിയാകട്ടെ അതിനു തയാറുമല്ല.

പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത് വിദ്യാഭ്യാസമന്ത്രിക്കല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. അതിനു മന്ത്രി മറുപടി പറയും. അതുകഴിഞ്ഞ് എന്തെങ്കിലും ചോദിക്കാനുണ്െടങ്കില്‍ താന്‍ മറുപടി പറയാമെന്നായി മുഖ്യമന്ത്രി. അതാണല്ലോ കീഴ്വഴക്കം. പ്രതിപക്ഷം വഴങ്ങിയില്ല. അവര്‍ ബഹളത്തിനു കോപ്പു കൂട്ടിയപ്പോഴേ സ്പീക്കര്‍ ശൂന്യവേള റദ്ദാക്കിയതായി പ്രഖ്യാപിച്ചു. മറ്റു നടപടികളിലേക്കു കടന്നു.

മുദ്രപ്പത്രങ്ങളും രജിസ്ട്രേഷനും, ഭക്ഷ്യം, എക്സൈസ്, മത്സ്യബന്ധനം, തുറമുഖങ്ങള്‍ എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യര്‍ഥനയാണ് ഇന്നലെ പാസാക്കേണ്ടിയിരുന്നത്. ബന്ധപ്പെട്ട മന്ത്രിമാര്‍ക്കു പ്രസംഗിക്കാനുള്ള അവസരം കിട്ടാതെ പോയത് അവരുടെ മാത്രം നഷ്ടം. ചര്‍ച്ച കൂടാതെ ധനാഭ്യര്‍ഥനകള്‍ പാസാക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളു. ബജറ്റ് അവതരണം പോലും അംഗീകരിച്ചില്ലെങ്കിലും ഇത്തവണ ഇതുവരെ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നില്ല. മന്ത്രിമാരുടെ മറുപടി സമയത്ത് ബഹിഷ്കരിച്ചു പോകുക മാത്രമാണ് ചെയ്തത്. തങ്ങള്‍ ഇനി സഭ സ്തംഭിപ്പിക്കാനില്ലെന്ന് ഈ സമ്മേളനത്തില്‍ പറഞ്ഞത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു. വാക്കു തെറ്റിച്ചപ്പോള്‍ കോടിയേരി സഭയിലില്ലായിരുന്നു.

പതിവു വിഷയങ്ങള്‍ മാറ്റിപ്പിടിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ഇപ്പോഴും സരിത- സോളാര്‍- ബാര്‍കോഴ ഹാംഗ് ഓവറില്‍ തന്നെയാണ്. പാഠപുസ്തകം വൈകുന്നതിന്റെ പേരില്‍ സഭ സ്തംഭിപ്പിച്ച് മുദ്രാവാക്യം വിളിച്ചപ്പോഴും പലരും ചൊല്ലിയത് സോളാര്‍- സരിത മുദ്രാവാക്യങ്ങളായിരുന്നു. മനസിരുത്തി പഠിച്ചതു മറക്കാന്‍ എളുപ്പമല്ല.

സെന്റ് തോമസ് ദിനമായതിനാല്‍ ഇന്നു സഭ സമ്മേളിക്കില്ല. ഇനി തിങ്കളാഴ്ച മാത്രമേ സഭ ചേരൂ. ഇന്നലെ സഭാസ്തംഭനം മൂലം നേരത്തെ പിരിഞ്ഞതുകൊണ്ട് അംഗങ്ങള്‍ക്കു നേരത്തെ സ്ഥലംകാലിയാക്കാന്‍ സാധിച്ചു. പ്രതിഷേധം കനത്തപ്പോള്‍ ഭരണ- പ്രതിപക്ഷം ഒരുപോലെ സന്തോഷിച്ചത് ഇതുകൊണ്ടായിരുന്നു.

ചോദ്യോത്തരവേളയ്ക്കായി സഭ തുടങ്ങുമ്പോഴേ മുദ്രാവാക്യവും ബഹളവും ഈ സമ്മേളനത്തില്‍ പതിവാണ്. ബാര്‍കോഴയും മന്ത്രിയുടെ രാജിയുമൊക്കെ ഉയര്‍ത്തിയാണു പതിവു ബഹളം. ഇന്നലെ അതും ഒഴിഞ്ഞുനിന്നു. ഈശ്വരപ്രാര്‍ഥന ഇല്ലേ എന്നു മന്ത്രി കെ. ബാബു കളിയാക്കിച്ചോദിച്ചപ്പോള്‍ പ്രതിപക്ഷത്തുനിന്നു ചെറിയ പ്രതിഷേധമുയര്‍ന്നു. അപ്പോള്‍ത്തന്നെ അതു ശമിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.