പ്രതീക്ഷയോടെ റബര്‍ കര്‍ഷകര്‍; റബര്‍ ഉത്പാദനം വര്‍ധിക്കും
പ്രതീക്ഷയോടെ റബര്‍ കര്‍ഷകര്‍; റബര്‍ ഉത്പാദനം വര്‍ധിക്കും
Friday, July 3, 2015 1:44 AM IST
കോട്ടയം: സര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ടില്‍ റബര്‍ കര്‍ഷകരുടെ പ്രതീക്ഷയേറി. ഒരു കിലോ റബറിന് 150 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും റബര്‍ ബോര്‍ഡിനാണ്. റബര്‍ ബോര്‍ഡിന്റെ ലൈസന്‍സുള്ള വ്യാപാരികള്‍, റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍, റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, മാര്‍ക്കറ്റ് ഫെഡ് എന്നിവ മുഖേന കര്‍ഷകരില്‍നിന്നു വാങ്ങുന്ന ഷീറ്റിനാണു വില സ്ഥിരത ഉറപ്പാക്കുന്നത്.

റബര്‍ ബോര്‍ഡ് അതതുദിവസം പ്രസിദ്ധീകരിക്കുന്ന തുകയും റബറിന് കിലോയ്ക്ക് 150 രൂപയും തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി ബാങ്ക് മുഖേന നേരിട്ട് ലഭിക്കും.

പത്തു ലക്ഷം ചെറുകിട ഇടത്തരം റബര്‍ കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 130 രൂപ മാര്‍ക്കറ്റ് വിലയില്‍ വ്യാപാരി ഷീറ്റ് വാങ്ങിയാല്‍ ശേഷിക്കുന്ന ഓരോ കിലോയ്ക്കും 20 രൂപ അധികമായി സംസ്ഥാനസര്‍ക്കാര്‍ നല്‍കും. ഇപ്പോഴത്തെ നിലയില്‍ ഈ നിരക്കില്‍ ഒന്നര ലക്ഷം ടണ്‍ ഷീറ്റ് ഈ തുകയ്ക്കു വാങ്ങാം. അധികതുക പിന്നീട് കര്‍ഷകര്‍ക്ക് ബാങ്ക് അക്കൌണ്ടില്‍ ലഭിക്കും. കര്‍ഷകരുടെ പക്കല്‍ നാല്‍പതിനായിരം ടണ്‍ സ്റോക്കുള്ളതായാണു വ്യാപാരികളുടെ വിലയിരുത്തല്‍.

അഞ്ചു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്കു പദ്ധതിയില്‍ പേര് രജിസ്റര്‍ ചെയ്യാം. പരമാവധി രണ്ടു ഹെക്ടറിലുള്ള റബര്‍ കൃഷിക്കു സബ്സിഡി ലഭിക്കും.

ഹെക്ടറൊന്നിനു പരമാവധി 1800 കിലോഗ്രാം റബറിനാണ് ഈ ആനുകൂല്യം ലഭിക്കുക. റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഒരു ഹെക്ടര്‍ തോട്ടത്തിലെ ശരാശരി റബര്‍ ഉല്‍പാദനം 1800 കിലോഗ്രാമാണ്. സബ്സിഡിയുടെ ദുരുപയോഗം തടയാന്‍ കര്‍ശനമായ ഉപാധികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഷീറ്റ് വില്‍ക്കുന്നതിനു മുന്നോടിയായി റബര്‍ ഉല്‍പാദക സംഘത്തിലാണു കര്‍ഷകര്‍ രജിസ്റര്‍ ചെയ്യേണ്ടത്. സംഘം പ്രസിഡന്റ് സമര്‍പ്പിക്കുന്ന രജിസ്ട്രേഷനുകള്‍ റബര്‍ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ പരിശോധിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി തുക അനുവദിക്കുക. തുക രണ്ടാഴ്ചയിലൊരിക്കല്‍ ധനവകുപ്പില്‍നിന്നു കര്‍ഷകന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് നല്‍കും. ഇതിനായി എന്‍ഐസിയുടെ മേല്‍നോട്ടത്തില്‍ വിപുലമായ കംമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സംഭരണം തുടങ്ങാനാകുമെന്ന് റബര്‍ ബോര്‍ഡ് വ്യക്തമാക്കി.

റബര്‍ സംഭരണം: ആശങ്കകള്‍ ബാക്കി

കോട്ടയം: കിലോയ്ക്ക് 150 രൂപ ഉറപ്പാക്കി റബര്‍ സംഭരിക്കുമെന്നു സര്‍ക്കാര്‍ പറയുമ്പോഴും കര്‍ഷകര്‍ക്ക് ആശങ്ക ബാക്കി. ഷീറ്റ് വാങ്ങുന്ന വ്യാപാരികള്‍ കൈകാര്യച്ചെലവ് എന്ന പേരില്‍ കിലോയ്ക്കു മൂന്നു രൂപ വരെ മുമ്പു കുറച്ചിരുന്നു.


ഈ നിലപാട് തുടര്‍ന്നാല്‍ കര്‍ഷകര്‍ക്കു നഷ്ടമുണ്ടാകുമെന്നതിനാല്‍ കൈകാര്യച്ചെലവിനുള്ള നിശ്ചിത തുക റബര്‍ ബോര്‍ഡ് നിശ്ചയിക്കണം. മുമ്പു സഹകരണ ഏജന്‍സികള്‍ ഷീറ്റ് സംഭരിച്ചപ്പോള്‍ ഓരോ കിലോയ്ക്കും ഒമ്പതു രൂപ വീതം സര്‍ക്കാര്‍ കൈകാര്യച്ചെലവ് നല്‍കിയിരുന്നു. ഈ കൊള്ളയടി തുടര്‍ന്നും നടത്താന്‍ അനുവദിച്ചാല്‍ സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്ന 300 കോടി രൂപയില്‍ ഈ ചെലവും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് കര്‍ഷകര്‍ക്കു നഷ്ടമുണ്ടാക്കും.

വ്യാപാരികളുടെ സ്റോക്ക് റബര്‍ വ്യാജബില്ലില്‍ വിറ്റഴിച്ച് സര്‍ക്കാര്‍ ഫണ്ട് കൊള്ളയടിക്കാന്‍ അനുവദിച്ചുകൂടാ. വന്‍തോതില്‍ ഷീറ്റ് സ്റോക്ക് ചെയ്തിരിക്കുന്ന വന്‍കിടക്കാര്‍ ചെറുകിട കര്‍ഷകരിലൂടെ ഷീറ്റ് വിറ്റ് അധികവില വാങ്ങാന്‍ ഇടയാകരുത്.

റബര്‍ ബോര്‍ഡ് വിജിലന്‍സ് ടീം റബര്‍ കടകളില്‍ കര്‍ക്കശമായ പരിശോധന നടത്തുകയും വീഴ്ച വരുത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും വേണം.

അധികവില ഉറപ്പാക്കാന്‍ റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍മാര്‍ ആര്‍പിഎസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടണമെന്നുമാണു കര്‍ഷകര്‍ പറയുന്നത്.

റബര്‍ വില്‍പന നടപടി ഇങ്ങനെ
കോട്ടയം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസവിലയ്ക്കു റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ സംസ്ഥാന സര്‍ക്കാര്‍ റബര്‍ സംഭരണത്തിനായി തയാറാക്കുന്ന വെബ്സൈറ്റില്‍ പേരും വിലാസവും ഇതര വിവരങ്ങളും തോട്ടം സംബന്ധിച്ച രേഖകളും രജിസ്റര്‍ ചെയ്യണമെന്നു റബര്‍ ബോര്‍ഡ് കേന്ദ്രം അറിയിച്ചു. രജിസ്റര്‍ ചെയ്താലുടന്‍ മൊബൈല്‍ ഫോണില്‍ രജിസ്റര്‍ ചെയ്തതായുള്ള സന്ദേശവും രജിസ്ട്രേഷന്‍ നമ്പറും ലഭിക്കും. വൈകാതെ റബര്‍ ബോര്‍ഡ് ഫീല്‍ഡ് സ്റാഫ് തോട്ടം പരിശോധിച്ചു വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തും.

തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സികളിലോ ലൈസന്‍സുള്ള റബര്‍ കടകളിലോ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സംരംഭങ്ങളിലോ കര്‍ഷകര്‍ക്ക് ഷീറ്റ് വില്‍ക്കാം.

ഷീറ്റ് വിറ്റാല്‍ നിര്‍ബന്ധമായി ബില്‍ വാങ്ങിയിരിക്കണം. ഈ ബില്ല് അടുത്തുള്ള ആര്‍പിഎസില്‍ ഏല്‍പ്പിക്കുക. ആര്‍പിഎസില്‍ അംഗമല്ലാത്ത കര്‍ഷകരുടെ ബില്ലുകളും ആര്‍പിഎസില്‍ വാങ്ങണമെന്ന് റബര്‍ ബോര്‍ഡ് നിര്‍ദേശമുണ്ട്.

ആര്‍പിഎസുകള്‍ വഴി തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടില്‍ ഷീറ്റ് വിറ്റ ദിവസത്തെ റബര്‍ ബോര്‍ഡ് പ്രഖ്യാപിതവിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം അനുസരിച്ചുള്ള തുക എത്തും. തുക എത്തിയാലുടന്‍ കര്‍ഷകന് പ്രത്യേകം മെസേജ് മൊബൈല്‍ ഫോണില്‍ ലഭിക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.