പാഠപുസ്തകം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു
പാഠപുസ്തകം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു
Friday, July 3, 2015 1:31 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കാതെ വിദ്യാര്‍ഥികളുടെ പഠനം മുടക്കുന്ന സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുകയാണെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തിന്റെ ബഹളത്തെത്തുടര്‍ന്നു സഭാനടപടികള്‍ നിര്‍ത്തിവച്ചു. ചര്‍ച്ചയ്ക്കുശേഷവും ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ ഇന്നലത്തെ സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞതായി സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചു.

പാഠപുസ്തക വിതരണം ഈ മാസം 20 നകം പൂര്‍ത്തിയാക്കുമെന്ന് അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറഞ്ഞ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. ഓണപ്പരീക്ഷ ഓണാവധി കഴിഞ്ഞു നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ക്യൂഐപിയാണ് സര്‍ക്കാരിനു മുന്നില്‍ ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല. എസ്എസ്എ ഫണ്ട് കഴിഞ്ഞ ദിവസം ലഭിച്ച സാഹചര്യത്തില്‍ യൂണിഫോം ഉടന്‍ വിതരണം ചെയ്യും. അധ്യാപക പാക്കേജ് അടുത്ത ആഴ്ചതന്നെ പൂര്‍ത്തിയാക്കും. പ്രീ- പ്രൈമറി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കേണ്െടന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ രാവിലെ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ അച്ചടിവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.പി. മോഹനന്‍ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ടു നല്‍കിയ ഉത്തരം എടുത്തുയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാനബഹളം. മന്ത്രി മോഹനന്‍ നല്‍കിയ മറുപടിയില്‍ കഴിഞ്ഞ ഫെബ്രുവരി 10നു മാത്രമാണു പാഠപുസ്തകങ്ങള്‍ അച്ചടിക്കാനുള്ള പ്രിന്റ് ഓര്‍ഡര്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാര്‍ പ്രസിനും കെബിപിഎസിനും നല്‍കിയതെന്നു വ്യക്തമാക്കിയിരുന്നത്.

അച്ചടിമന്ത്രി നല്‍കിയ ഉത്തരം ശരിയാണോ എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്റെ പ്രധാനചോദ്യം. എന്നാല്‍, മന്ത്രി കെ.പി. മോഹനന്‍ നല്‍കിയ ഉത്തരം ശരിയാണോ തെറ്റാണോ എന്നു പരിശോധിച്ചു മാത്രമേ തനിക്കു മറുപടി പറയാന്‍ കഴിയുകയുള്ളുവെന്നു അബ്ദു റബ് അറിയിച്ചു. മന്ത്രിയുടെ മറുപടിയെത്തുടര്‍ന്നു ബഹളമായി. തുടര്‍ന്നു പ്രസംഗിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷം സഭയില്‍ കുത്തിയിരുന്നു സമരം നടത്തുമെന്നു പ്രഖ്യാപിച്ചു. ഇതോടെ വി. ശിവന്‍കുട്ടി, വി.എസ്. സുനില്‍കുമാര്‍, എ.എം. ആരിഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി.


ബഹളം തുടര്‍ന്നതോടെ രാവിലെ 10.30നു സഭ അല്‍പനേരത്തേക്കു നിര്‍ത്തിവച്ചു. തുടര്‍ന്നു സ്പീക്കര്‍ പ്രതിപക്ഷ, ഭരണപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി. 35 മിനിറ്റിനു ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയെ മറുപടി പറയാന്‍ സ്പീക്കര്‍ ക്ഷണിച്ചു. ഇതോടെ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമുള്ള കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി മറുപടി പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്നാല്‍, വിദ്യാഭ്യാസമന്ത്രി മറുപടി പറഞ്ഞശേഷം ആര്‍ക്കെങ്കിലും സംശമുണ്െടങ്കില്‍ മാത്രമേ താന്‍ വിശദീകരിക്കുകയുള്ളൂവെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതേത്തുടര്‍ന്നു പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. തുടര്‍ന്നാണു സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചത്. നിയമസഭ സ്തംഭിപ്പിക്കില്ലെന്നു കഴിഞ്ഞദിവസം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ കോടിയേരി സഭയില്‍ എത്തിയിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.