തോല്‍വിയില്‍ അസ്വസ്ഥത പൂണ്ട് ഇടതുമുന്നണി
Friday, July 3, 2015 1:32 AM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പു തോല്‍വി സിപിഎം സംഘടനാതലത്തില്‍ പരിശോധിക്കാനിരിക്കെ ഇടതുമുന്നണിയില്‍ പരാജയത്തിന്റെ പേരില്‍ അസ്വസ്ഥത ഉടലെടുക്കുന്നു. തെരഞ്ഞെടുപ്പു പരാജയം സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതിഫലനങ്ങള്‍ക്കു സമാനമായിത്തന്നെ ഇടതുമുന്നണിയുടെ മുന്നോട്ടുള്ള രാഷ്ട്രീയപ്രസക്തിയെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.

നിര്‍ണായക തെരഞ്ഞെടുപ്പു ഫലം യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുമ്പോള്‍ ഇടതുമുന്നണിയെ അതു കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ്. തോല്‍വിയെ സംബന്ധിച്ചു മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പു തന്നെ വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചുവിളിച്ച് ഇടതുമുന്നണിയെ ശക്തിപ്പെടുത്തണമെന്നു സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഈ ആവശ്യം നേരത്തേ സിപിഐ ഉന്നയിച്ചിരുന്നതാണെങ്കിലും മുന്നണി ശക്തിപ്പെടുത്താതെ ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സൂചനയാണു നേതാക്കള്‍ നല്‍കുന്നത്.

വരാനിരിക്കുന്ന അപായസൂചന മനസിലാക്കി ജനതാദള്‍-എസും ഇനിയും മുന്നണിയില്‍ പ്രവേശനം ലഭിക്കാത്ത ഫോര്‍വേഡ് ബ്ളോക്കും ഇടതുമുന്നണി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തോല്‍വിയുടെ ആഘാതത്തില്‍നിന്ന് ഉണരാത്ത സിപിഎം നേതാക്കള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെയും മകന്‍ കെ.ബി ഗണേഷ്കുമാറിനെയും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിച്ചതില്‍ ഇടതുമുന്നണിക്കുള്ളില്‍ അമര്‍ഷമുണ്ട്. സര്‍ക്കാരിന്റെ അഴിമതി മുഖ്യപ്രചാരണായുധമാക്കിയ ഇടതുമുന്നണി അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ബാലകൃഷ്ണപിള്ളയുമായി സഹകരിച്ചത് ആദ്യഘട്ടത്തില്‍ തന്നെ പ്രചാരണത്തിന്റെ മുനയൊടിച്ചുവെന്ന അഭിപ്രായമാണു സിപിഐക്കും ജനതാദള്‍-എസിനുമുള്ളത്. ഇവര്‍ രണ്ടുപേരെയും പങ്കെടുപ്പിച്ചതിലുള്ള നീരസം സിപിഎം നേതാക്കളുമായി ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പങ്കുവച്ചെങ്കിലും തീരുമാനത്തില്‍ മാറ്റംവരുത്താന്‍ അവര്‍ തയാറായില്ലെന്ന പരാതിയും മറ്റു പാര്‍ട്ടികള്‍ക്കുണ്ട്. സിപിഎം ഏകപക്ഷീയമായ നിലപാടെടുത്തുവെന്നാണു ഘടകക്ഷികളുടെ പരാതി.

സര്‍ക്കാരിനെതിരേ അഴിമതിപോലെ മറ്റൊരു മുഖ്യപ്രചാരണായുധമായിരുന്നു സോളാര്‍ കേസ്. ഈ കേസില്‍ മുഖ്യ പ്രതിസ്ഥാനത്തുള്ള സരിതയുമായി ഗണേഷ്കുമാറിനു ബന്ധമുണ്െടന്ന കാര്യം അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അങ്ങനെയുള്ള ഒരാളെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ പങ്കെടുപ്പിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ സോളാര്‍ കേസും നനഞ്ഞ പടക്കം പോലെയായി. നിഷ്പക്ഷരായ വോട്ടര്‍മാര്‍ക്കിടയിലും പുതിയ വോട്ടര്‍മാര്‍ക്കിടയിലും ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുമുദ്രാവാക്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. ഇതു യുഡിഎഫിനും വലിയ രീതിയില്‍ ബിജെപിക്കും ഗുണം ചെയ്തുവെന്ന വിലയിരുത്തലിലാണു ഇടതുമുന്നണി ഘടകകക്ഷികള്‍. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തോല്‍വിയുടെ പേരില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനാണു മറ്റു പാര്‍ട്ടികളിലെ ഒരുവിഭാഗം നേതാക്കളുടെ ആലോചന.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണി വികസിപ്പിക്കണമെന്നതായിരുന്നു തീരുമാനം. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പു മുന്നണി വികസനവുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങള്‍ക്കു വേഗം കുറച്ചു. വീരേന്ദ്രകുമാറുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനടക്കമുള്ള സിപിഎമ്മിലെ ചില നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഇങ്ങനെയൊരു നീക്കം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്നും ചര്‍ച്ചയ്ക്കായി പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാനനേതൃത്വം വ്യക്തമാക്കിയത്.

അഴിമതിയുടെ പങ്കുപറ്റാനാണു വീരനും ആര്‍എസ്പിയും യുഡിഎഫില്‍ തുടരുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം കൂടി വന്നതോടെ അനൌപചാരിക ചര്‍ച്ചകളും അവസാനിച്ചു. പിണറായി വിജയനും കോടിയേരിയും മത്സരിച്ചു വീരനെയും ആര്‍എസ്പിയെയും കുറ്റംപറഞ്ഞുകൊണ്േടയിരുന്നു. ഇതിനിടെയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. തെരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം യുഡിഎഫ് നേടിയതോടെ എല്‍ഡിഎഫിലേക്കെന്നുള്ള ശേഷിച്ച ചിന്തയും ഇവര്‍ ഉപേക്ഷിച്ചമട്ടാണ്.

സിപിഎം നേതാക്കളുടെ അനവസരങ്ങളിലുള്ള പ്രസ്താവനകളും നിലപാടുകളുമാണു മുന്നണിയെ ശിഥിലമാക്കിയതെന്ന അഭിപ്രായം നേരത്തേ തന്നെ വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണു സിപിഐ. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ളയെ ക്ഷണിച്ചുവരുത്തി, രാഷ്ട്രീയ ആനുകൂല്യം നഷ്ടപ്പെടുത്തിയെന്ന വിലയിരുത്തലാകും സിപിഐ യോഗങ്ങളില്‍ ഉണ്ടാകുക. നിലവിലെ മുന്നണി സംവിധാനം വച്ചു മുന്നോട്ടുപേകാന്‍ സാധിക്കില്ലെന്ന തിരിച്ചറിവു സിപിഐക്ക് ഉണ്ട്.

മുസ്ലീംലീഗും യുഡിഎഫിലെ ചില നേതാക്കളും സിപിഐയെ അവരുടെ പക്ഷത്തേക്കു ക്ഷണിച്ചതും സിപിഎമ്മിലെ ഒരു എംഎല്‍എ അടുത്തുതന്നെ യുഡിഎഫിലേക്കു വരുമെന്ന പ്രചരണവും എല്‍ഡിഎഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ പ്രചരണം വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ യുഡിഎഫ് ചര്‍ച്ചയ്ക്കു വിധേയമാക്കിയാല്‍ എല്‍ഡിഎഫില്‍ കാര്യങ്ങള്‍ കുടുതല്‍ കുഴപ്പത്തിലാകും.

അരുവിക്കര തോല്‍വി പരിശോധിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ എത്തുമെന്നാണ് അറിയുന്നത്. ബിജെപിയുടെ വളര്‍ച്ചയെ മുന്‍നിര്‍ത്തി കേരളത്തിലെ പാര്‍ട്ടിയെ ഏതു തരത്തിലുള്ള തിരുത്തലിനു യെച്ചൂരി വിധേയമാക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇടതുമുന്നണിയുടെ രാഷ്ട്രീയഭാവി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.