മുഖപ്രസംഗം: അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയുടെ വിളയാട്ടം
Wednesday, July 29, 2015 11:31 PM IST
മുംബൈ ഭീകരാക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം ഗുര്‍ദാസ്പുരില്‍ ഭീകരര്‍ അഴിച്ചുവിട്ടത്. ജമ്മു-കാഷ്മീര്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമായിരിക്കേ പഞ്ചാബിലെ അപ്രധാനമായൊരു അതിര്‍ത്തിപ്രദേശത്തുകൂടി ഭീകരര്‍ നുഴഞ്ഞുകയറുകയായിരുന്നു. മൂന്നു ഭീകരരെ സുരക്ഷാസേന വകവരുത്തിയെങ്കിലും പന്ത്രണ്ടു മണിക്കൂര്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഭീകരര്‍ക്കു കഴിഞ്ഞു. പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ചു പോലീസുകാരും രണ്ടു ഗ്രാമീണരും കൊല്ലപ്പെട്ട ഈ ആക്രമണത്തില്‍ ഭീകരര്‍ക്കു പ്രാദേശിക സഹായം ലഭിച്ചിരുന്നോ എന്നു സംശയമുണ്ട്. വേറെ ചില സംശയങ്ങള്‍ക്കും ഈ സംഭവം വഴിതുറക്കുന്നു.

പഞ്ചാബില്‍ വിഘടനവാദികള്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നോ എന്നതാണ് ഇതില്‍ ഒരു സംശയം. വിഘടനവാദം ഉയര്‍ത്തിയ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിനും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പല പ്രസ്ഥാനങ്ങള്‍ക്കും പാക്കിസ്ഥാനില്‍നിന്നു സഹായം ലഭിക്കുന്നുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്കു പ്രാദേശിക സഹായം കിട്ടിയിട്ടുണ്െടന്ന ധാരണ പോലീസിനുമുണ്ട്. അത്യാധുനിക ആയുധങ്ങളും വാര്‍ത്താവിനിമയ സൌകര്യങ്ങളും ഇവര്‍ കരുതിയിരുന്നു. മാരുതി കാറിലെത്തിയാണു സംഘം ഗുര്‍ദാസ്പുര്‍ പോലീസ് സ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്റേഷന്‍ ആക്രമിക്കുന്നതിനു മുമ്പ് യാത്രാബസിനു നേരേയും ആക്രമണമുണ്ടായി. അതിനുമുമ്പ് റെയില്‍പാളത്തില്‍ ഭീകരര്‍ ബോംബ് സ്ഥാപിക്കുകയും ചെയ്തു. ചാവേറായിട്ടാണു ഭീകരരുടെ സംഘം എത്തിയതെന്നത് അവരുടെ പ്രവര്‍ത്തനശൈലി വ്യക്തമാക്കുന്നു.

വലിയ ആഭ്യന്തര കലാപങ്ങള്‍ക്കു വേദിയായിട്ടുള്ള പഞ്ചാബില്‍ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്രയും വലിയൊരു ഭീകരാക്രമണം അരങ്ങേറുന്നത്. എണ്‍പതുകളില്‍ രാജ്യത്തെയാകെ അസ്വസ്ഥമാക്കിയ പഞ്ചാബ് കലാപത്തിന്റെ ചില കനലുകള്‍ അവിടെ അവശേഷിക്കുന്നതായി ചിലര്‍ സംശയിക്കുന്നു. ഇപ്പോഴത്തെ ഭീകരാക്രമണത്തിനു പ്രാദേശികസഹായം ലഭിച്ചിരിക്കാം എന്ന സംശയം ഇതില്‍നിന്നുയരുന്നതാണ്. ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനക്കാര്‍ നടത്തിയ പോരാട്ടത്തിന് അറുതിവരുത്താന്‍വേണ്ടി രാജ്യത്തിന് ഏറെ നഷ്ടം സഹിക്കേണ്ടിവന്നിട്ടുണ്ട്.

ചില മനുഷ്യനിര്‍മിത ശക്തികള്‍ മലിനീകരണത്തോളംതന്നെ ഭൂമിയുടെ ആവാസയോഗ്യതയ്ക്കു ഭീഷണിയാണെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം തന്റെ മരണത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് പറയുകയുണ്ടായി. ഷില്ലോംഗ് ഐഐഎമ്മില്‍ നടത്താനിരുന്ന പ്രഭാഷണത്തിന്റെ വിഷയത്തെ ഗുര്‍ദാസ്പൂര്‍ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഡോ. കലാം ഇങ്ങനെ പറഞ്ഞത്. ഭീകരപ്രവര്‍ത്തനം മനുഷ്യരാശിക്കു മുന്നില്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ഉത്കടമായ ഉത്കണ്ഠയായിരുന്നു ആ നിരീക്ഷണത്തില്‍.

ഭീകരതയെ നേരിടാന്‍ ദേശീയ നയം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിനു കാര്യമായൊന്നും ചെയ്യാനില്ലെന്നുമാണു പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദല്‍ ഭീകരാക്രമണശേഷം പറഞ്ഞത്. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയുടെ സഖ്യകക്ഷിയാണു ബാദലിന്റെ അകാലിദള്‍. ഇപ്പോഴത്തെ സംഭവത്തിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനാണു ബാദലിന്റെ ശ്രമം. എന്നാല്‍ പഞ്ചാബ് പോലീസും അവരുടെ ഇന്റലിജന്‍സ് വിഭാഗവും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ആക്രമണം തടയാമായിരുന്നു. അതിര്‍ത്തിയിലുള്ള പോലീസ് സ്റേഷനായിട്ടും അവിടെ വേണ്ടത്ര സൌകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിര്‍ത്തിയിലെ കാവല്‍ കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നതിനു ന്യായീകരണമില്ല.


ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തില്‍ ചില നല്ല നീക്കങ്ങള്‍ നടക്കുന്ന അവസരമാണിത്. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ അടുത്ത വര്‍ഷം കൂടിക്കാഴ്ചയ്ക്കു ധാരണയായിരിക്കേ അതിന് ഒരുക്കമായുള്ള ഉന്നതതല ഉദ്യോഗസ്ഥചര്‍ച്ചകള്‍ തുടങ്ങാനിരിക്കുകയാണ്. അതു തീരെ സഹിക്കാതെ കാഷ്മീരില്‍ വിഘടനവാദി ഗ്രൂപ്പുകള്‍ തങ്ങളുടെ അസഹ്യത പ്രകടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈയവസരത്തില്‍ അതിര്‍ത്തിയില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ യാക്കൂബ് മേമനെ തൂക്കിക്കൊല്ലാനുള്ള തീരുമാനത്തിനു പ്രതികരണമായും ഗുര്‍ദാസ്പുര്‍ ആക്രമണത്തെ കാണുന്നവരുണ്ട്.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇപ്പോഴും നുഴഞ്ഞുകയറ്റ സാധ്യതയുണ്െടന്ന വസ്തുത വളരെ ഗൌരവമുള്ളതാണ്. നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമല്ല, അപ്രധാനമെന്നു കരുതുന്ന അതിര്‍ത്തി പ്രദേശങ്ങളിലും കനത്ത കാവല്‍ ആവശ്യമാണെന്നാണു ഗുര്‍ദാസ്പുര്‍ സംഭവം വ്യക്തമാക്കുന്നത്. അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായതോടെ പാക്ക് സര്‍ക്കാരിന് ഇന്ത്യ കര്‍ശനമായ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നടക്കുമ്പോഴെല്ലാം ഭീകരാക്രമണങ്ങള്‍ പതിവാണ്. സിവിലിയന്‍ ഭരണകൂടത്തെ മാപ്പുസാക്ഷിയാക്കി പാക് സൈന്യമാണ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിനു വഴിയൊരുക്കാറുള്ളത്. പാക് വിദേശകാര്യ മന്ത്രാലയം ഗുര്‍ദാസ്പുര്‍ ആക്രമണത്തെ അപലപിച്ചെങ്കിലും പാക് സൈന്യം ഇത്തരം ഓപ്പറേഷനുകളില്‍നിന്നു പിന്തിരിയുമെന്നു കരുതേണ്ടതില്ല. സ്വാതന്ത്യ്രദിനാഘോഷത്തിനു മുമ്പായി ഇനിയും ആഘാതം ഏല്‍പ്പിക്കാന്‍ ഭീകരര്‍ തുനിഞ്ഞേക്കും. അതിര്‍ത്തി അസ്വസ്ഥമായി തുടരണമെന്ന സ്ഥാപിതതാത്പര്യത്തിനു പുറമേ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കണമെന്ന ഗൂഢോദ്ദേശ്യവും പാക് സൈന്യത്തിനുണ്ട്. ഈ സാഹചര്യം നിസാരമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല. കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമതയും രാജ്യരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളുടെ യോജിപ്പും ജനതയുടെ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.