നെഹ്റു ട്രോഫി വള്ളംകളി: ചൈനീസ് സ്ഥാനപതി പ്രത്യേകാതിഥി
നെഹ്റു ട്രോഫി വള്ളംകളി:  ചൈനീസ് സ്ഥാനപതി പ്രത്യേകാതിഥി
Wednesday, July 29, 2015 12:22 AM IST
തിരുവനന്തപുരം: ആലപ്പുഴയില്‍ ഓഗസ്റ് എട്ടിനു നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി വീക്ഷിക്കാന്‍ ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലി യുഷെംഗ് പ്രത്യേക അതിഥിയായെത്തും. ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ക്ഷണം സ്വീകരിച്ച് ലീ നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് കേരളത്തിലെത്തുന്നത്.

സ്ഥാനപതി ഉള്‍പ്പെടെ നാലംഗ സംഘമാണു കേരളത്തിലെത്തുക. ഓഗസ്റ് ഏഴിനെത്തുന്ന സംഘം അന്ന് കുമരകത്തു തങ്ങിയശേഷം അടുത്ത ദിവസം ആലപ്പുഴയില്‍ വള്ളംകളിക്കെത്തും. ഇവര്‍ക്ക് വള്ളംകളി കാണാനായി ഹൌസ് ബോട്ട് സജ്ജീകരിക്കും. എട്ട്, ഒന്‍പത് തിയതികളില്‍ കൊച്ചിയില്‍ തങ്ങുന്ന സംഘം അന്നുതന്നെ ഡല്‍ഹിക്കുമടങ്ങും.

പ്രതിവര്‍ഷം 10.7 കോടി ചൈനക്കാരാണ് വിദേശരാഷ്ട്രങ്ങളിലേക്കു പറക്കുന്നതെന്ന് 2013ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സഞ്ചാരികള്‍ ചൈനക്കാരാണ്. ചൈനീസ് വിദേശകാര്യമന്ത്രാലയത്തില്‍ നിരവധി സുപ്രധാന തസ്തികകള്‍ വഹിച്ചിട്ടുള്ള ലീ നയ ആസൂത്രണ വകുപ്പിന്റെ ചുമതലക്കാരനുമായിരുന്നു.


കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരികളുടെ എണ്ണം തലേവര്‍ഷത്തെ അപേക്ഷിച്ച് 33.45 ശതമാനം കൂടുതലായിരുന്നു. കേരള ടൂറിസത്തിന്റെ ചൈനയിലെ വിപണനപരിപാടികളും ചൈനീസ് സ്ഥാനപതിയുടെ സന്ദര്‍ശനവും കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നാണു പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.