ഭരണങ്ങാനം ഭക്തിസാന്ദ്രമായി; അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു പതിനായിരങ്ങള്‍
ഭരണങ്ങാനം ഭക്തിസാന്ദ്രമായി; അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു പതിനായിരങ്ങള്‍
Wednesday, July 29, 2015 12:28 AM IST
സ്വന്തം ലേഖകന്‍

ഭരണങ്ങാനം: സഹനബലിയിലൂടെ വിശുദ്ധ കിരീടമണിഞ്ഞ അല്‍ഫോന്‍സാമ്മയുടെ സന്യാസജീവിതത്തിന് ആതിഥ്യമരുളിയ ഭരണങ്ങാനം ഒരിക്കല്‍കൂടി ഭക്തിസാന്ദ്രമായി.

ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ പതിനായിരങ്ങള്‍ വിശുദ്ധയുടെ കബറിടം വണങ്ങി ആത്മീയ ഉണര്‍വ് നേടി. ജീവിതം ലാളിത്യത്തിന്റെയും സഹനത്തിന്റെയും പ്രാര്‍ഥനയുടെയും വേദിയാക്കിയ ഭാരതത്തിന്റെ ആദ്യവിശുദ്ധയുടെ തിരുനാളില്‍ പങ്കെടുക്കാന്‍ അഭൂതപൂര്‍വമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. തിരുനാള്‍ പൂര്‍ണമായും പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു. വാദ്യഘോഷങ്ങളോ കരിമരുന്നു കലാപ്രകടനങ്ങളോ ഉണ്ടായിരുന്നില്ല.

ഇന്നലെ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചു. തിരുനാള്‍ റാസയ്ക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്കു നടന്ന പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ സംബന്ധിച്ചു. ജപമാല ചൊല്ലിയാണു വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചു തീര്‍ഥാടനകേന്ദ്രത്തില്‍നിന്നു പ്രധാനറോഡിലൂ ടെ ഇടവക ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം. മുത്തുക്കുടകളുടെയും പൊന്‍കുരിശിന്റെയും അകമ്പടിയോടെ നീങ്ങിയ പ്രദക്ഷിണം ജപമാലധ്വനികളാല്‍ ഭക്തിസാന്ദ്രമായി. ഭരണങ്ങാനം ഇടവകാംഗങ്ങളായ ഫാ. തോമസ് ഓലിക്കല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. അലക്സ് പൈകട തുടങ്ങിയവര്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി. പ്രദക്ഷിണം ഇടവക ദേവാലയത്തിന്റെ മുറ്റത്തെത്തിയപ്പോള്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം പള്ളിയില്‍നിന്നിറക്കി പ്രദക്ഷിണത്തെ വരവേറ്റു. തുടര്‍ന്ന് ഇടവക ദേവാല ത്തില്‍ പ്രദക്ഷിണം സമാപിച്ചു.

തിരുനാള്‍ ആരംഭിച്ചതു മുതല്‍ അല്‍ഫോന്‍സാ സവിധത്തിലേക്ക് ആയിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. ജീവിതത്തിന്റെ ഭാരവും മനസിന്റെ പ്രയാസവും ഇറക്കിവയ്ക്കാനുള്ള അഭയസങ്കേതമായി വിശുദ്ധയുടെ പുണ്യകുടീരം മാറിയതിനു തെളിവായിരുന്നു അത്. തിരുനാളിനോടനുബന്ധിച്ചു നടത്തിയ മെഴുകുതിരി-ജപമാല പ്രദക്ഷിണത്തില്‍ മതിയായ ഒരുക്കത്തോടെ പങ്കെടുത്തു പ്രാര്‍ഥിച്ചവര്‍ നിരവധിയാണ്.

വിവിധ ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മിഷന്‍ലീഗ് തീര്‍ഥാടനവും മാതൃവേദി, ഫ്രാന്‍സിസ്കന്‍ അല്മായ സംഘടന, വിവിധ ഇടവകസമൂഹം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനവും ഭരണങ്ങാനത്തെ ഭക്തനിര്‍ഭരമാക്കി. തിരുക്കര്‍മങ്ങളും ആത്മീയ ശുശ്രൂഷകളുമാണു തിരുനാളിനെ സമ്പന്നവും പ്രൌഢവുമാക്കിയത്. തുടര്‍ച്ചയായി നടത്തിയ വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നൊവേനയും, രോഗികള്‍ക്കും വയോജന ങ്ങള്‍ക്കുമുള്ള സൌഖ്യശുശ്രൂഷയും വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ് സമ്മാനിച്ചു.

തിരുനാളിന്റെ എല്ലാദിവസവും വിവിധ രൂപതാധ്യക്ഷന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. അല്‍ഫോ ന്‍സാമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള മ്യൂസിയത്തിലും വിശുദ്ധ ജീവിതത്തിന് ആതിഥ്യമരുളിയ ക്ളാരമഠത്തിലും വിശ്വാസികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, ഫൊറോന വികാരി ഫാ. അഗസ്റിന്‍ കൊഴുപ്പന്‍കുറ്റി, സഹവൈദികര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 101 അംഗ വോളന്റിയേഴ്സും പുലര്‍ച്ചെ മുതല്‍ സേവനനിരതരായിരുന്നു. പോലീസും വിവിധ സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.