ജെഎസ്എസ് ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമം; കെ.കെ. ഷാജുവിനു മര്‍ദനമേറ്റു
ജെഎസ്എസ് ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമം; കെ.കെ. ഷാജുവിനു മര്‍ദനമേറ്റു
Wednesday, July 29, 2015 12:18 AM IST
ആലപ്പുഴ: ആലപ്പുഴയില്‍ ജെഎസ്എസ് ഓഫീസ് പിടിച്ചെടുക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. നഗരത്തില്‍ ചുങ്കം ഫയര്‍സ്റേഷനു സമീപമുള്ള ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാന്‍ രാജന്‍ബാബു വിഭാഗം നടത്തിയ നീക്കം ഗൌരിയമ്മ വിഭാഗവും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാജന്‍ ബാബു വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജുവിനു സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കെഎസ്ആര്‍ടിസി സ്റാന്‍ഡിനു സമീപത്തുനിന്നും കെ.കെ. ഷാജു, സംസ്ഥാന സെക്രട്ടറി ആര്‍. പൊന്നപ്പന്‍, വൈസ് പ്രസിഡന്റ് കെ.ടി. ഇതിഹാസ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ നേതാക്കളടക്കം മുപ്പതോളം പേര്‍ ജെഎസ്എസ് കൊടികളുമായി പാര്‍ട്ടി ഓഫീസിനു മുമ്പിലേക്കു പ്രകടനമായെത്തി. വിവരം മുന്‍കൂട്ടിയറിഞ്ഞ ഗൌരിയമ്മ വിഭാഗം സംസ്ഥാന സെക്രട്ടറി ബി. ഗോപന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ഓഫീസിനു മുമ്പില്‍ കാവല്‍ നില്പുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസിനെ തള്ളിമാറ്റി ഓഫീസിലേക്കു കടക്കാനുള്ള ഷാജുവിന്റെയും കൂട്ടരുടെയും ശ്രമം എതിര്‍വിഭാഗം തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലാണ് ഷാജുവിനു മര്‍ദനമേറ്റത്. ഇതോടെ ഷാജുവും കൂട്ടരും ഓഫീസിനു മുമ്പില്‍ ഇരിപ്പുറപ്പിച്ചു. പാര്‍ട്ടി ഓഫീസില്‍നിന്നെടുത്ത കസേരകളില്‍ മറുകൂട്ടരും ഇരുന്നതോടെ ആരും പിരിഞ്ഞുപോകില്ലെന്ന അവസ്ഥയായി. ഒടുവില്‍ സ്ഥലത്തെത്തിയ ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ഷാജുവിനെയും പ്രവര്‍ത്തകരെയും അറസ്റ് ചെയ്തു നീക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ ഓഫീസിനു മുമ്പിലെ കൊടിമരത്തില്‍നിന്ന് ജെഎസ്എസ് പതാക ചിലര്‍ അഴിച്ചുമാറ്റി.


പാര്‍ട്ടി വിട്ടവര്‍ക്ക് ഓഫീസില്‍ എന്തു കാര്യം: ഗൌരിയമ്മ

ആലപ്പുഴ: തന്റെ നയവും നിലപാടും ശരിയല്ലെന്നു പറഞ്ഞു പാര്‍ട്ടി വിട്ടു പോകുകയും തന്നെ ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കു താന്‍ വാങ്ങിയ ഓഫീസുകളില്‍ എന്തു കാര്യമെന്ന് കെ.ആര്‍. ഗൌരിയമ്മ.

തനിക്ക് മറ്റു ചെലവുകളൊന്നും ഇല്ലാത്തതുകൊണ്ടു കിട്ടുന്ന പണം സ്വരൂപിച്ചു വാങ്ങിയ തന്റെ പേരിലുള്ള ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ വരുന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നത് നീതിക്കു നിരക്കുന്നതല്ലെന്നും ഗൌരിയമ്മ ആലപ്പുഴയില്‍ പറഞ്ഞു.

സിപിഎമ്മില്‍നിന്നു പുറത്തായ കാലത്ത് തനിക്കും ഒപ്പമുള്ളവര്‍ക്കും ഇരിക്കാന്‍ ഒരിടം എന്ന നിലയിലാണ് ഓഫീസുകള്‍ വാങ്ങിയത്. അവകാശപ്പെടുന്നവര്‍ എന്തു മുടക്കിയെന്നാണു പറയുന്നത്. പലരും തന്നെക്കൊണ്ടു പലതും നേടിയതാണ്. കെ.കെ. ഷാജു തന്നെ പുകഴ്ത്തി നടന്ന കാലമുണ്ടായിരുന്നു. തനിക്കൊപ്പമല്ലാതെ മറ്റെങ്ങും പോവില്ലെന്നായിരുന്നു പറഞ്ഞുനടന്നത്. അത് പല കാര്യങ്ങള്‍ക്കും വേണ്ടിയാണെന്ന് തന്നെപ്പോലെ നാട്ടുകാര്‍ക്കും ബോധ്യമായി. ഷാജു, രമേശ് ചെന്നിത്തലയുടെ ശിങ്കിടി പ്പണിയുമായി നടക്കുന്നുമുണ്ട്. പോലീസ് മന്ത്രി ആരുടെയെങ്കിലും ആളായി മാറുന്നതു ശരിയല്ല. അങ്ങനെയുള്ളവര്‍ ആ കസേരയില്‍ ഇരിക്കാനും പാടില്ല. പോലീസ് മാത്രം വിചാരിച്ചാല്‍ എല്ലാ കാര്യവും നടക്കുമെന്നാണെങ്കില്‍ നാട്ടില്‍ എന്തൊക്കെ നടന്നേനെ. തന്റെ പേരിലുള്ള ഓഫീസ് മറ്റുള്ളവര്‍ക്കു പിടിച്ചുകൊടുക്കലല്ല പോലീസിന്റെ പണിയെന്നും ഗൌരിയമ്മ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.