കുട്ടികളുടെ പരാതികളില്‍ നടപടി സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരേ നടപടി: ബാലാവകാശ കമ്മീഷന്‍
Wednesday, July 29, 2015 12:20 AM IST
കണ്ണൂര്‍: കുട്ടികള്‍ പറയുന്ന പരാതികളില്‍ നടപടി സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാകുമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി. പരാതിക്കാര്‍ പിന്‍വാങ്ങുന്ന സാഹചര്യം നിരീക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബാലാവകാശ കമ്മീഷന്‍ സിറ്റിംഗിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ കോശി.

കുട്ടികള്‍ക്കു നേരേയുണ്ടാകുന്ന ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണം. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ഇരയ്ക്കു വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ ബാലാവകാശ നിയമത്തില്‍ (പോക്സോ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നീതി ലഭിക്കാന്‍ വൈകുന്നത് നീതിനിഷേധത്തിനു തുല്യമാണ്.

ചില സംഭവങ്ങളിലെങ്കിലും ഇരയേക്കാള്‍ പരിഗണന കുറ്റാരോപിതര്‍ക്കു ലഭിക്കുന്ന സാഹചര്യമുണ്ട്. ഇതു മാറണം. അന്വേഷണ ഉദ്യോഗസ്ഥന്റെ പിഴവുകൊണ്ടല്ലാതെയും വിചാരണ നീണ്ടുപോകുന്നുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ കാലതാമസം, കുറ്റാരോപിതര്‍ ഒളിവില്‍ പോകുക, പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും പിടികൂടാന്‍ കഴിയാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം വിചാരണ നീണ്ടുപോകുന്നുണ്െടന്ന് അവര്‍ പറഞ്ഞു.

കാലതാമസം ഒഴിവാക്കാന്‍ കുട്ടികള്‍ നല്‍കുന്ന പരാതികളില്‍ മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തും. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിരവധി വേദികളും നിയമങ്ങളുമുണ്ട്. ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ആരെ സമീപിക്കണമെന്നും ആര്‍ക്ക് പരാതി നല്‍കണമെന്നുമുള്ള ധാരണ കുട്ടികളിലുണ്ടാക്കണം. അതിനുള്ള ആത്മധൈര്യം അവരില്‍ വളര്‍ത്താന്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും മുന്നോട്ടുവരണം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പോലീസുകാര്‍, തദ്ദേശ സ്ഥാപന അംഗങ്ങള്‍ എന്നിവര്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ നടത്തുന്നുണ്ട്. സംസ്ഥാന ജുവൈനല്‍ പോലീസ് യൂണിറ്റ് രൂപീകരിക്കാനുള്ള നടപടികളും ഊര്‍ജിതമാണ്.

ട്രെയിനുകളിലും വിമാനത്തിലും കുട്ടികള്‍ക്ക് പകുതി ടിക്കറ്റിന് റിസര്‍വേഷന്‍ സംവിധാനം ലഭ്യമാണെങ്കിലും കെഎസ്ആര്‍ടിസി ബസുകളില്‍ ഇത് അനുവദിക്കുന്നില്ല. റിസര്‍വേഷനില്‍ സീറ്റ് സൌകര്യം ഒരുക്കണമെന്നു കാണിച്ച് കെഎസ്ആര്‍ടിസി എംഡിക്കും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ തന്നെ ഒന്നു മുതല്‍ എട്ടാംക്ളാസ് വരെ സൌജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുണ്െടങ്കിലും പുസ്തകം ലഭിക്കാത്തതിനാല്‍ ബന്ധപ്പെട്ട സൈറ്റില്‍നിന്നും പണം ചെലവഴിച്ച് പ്രിന്റ് എടുക്കേണ്ടിവന്ന സാഹചര്യം ഗൌരവമായാണു കമ്മീഷന്‍ കാണുന്നത്. ഡിപിഐയ്ക്ക് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കില്‍ നോട്ടീസ് അയയ്ക്കും.


കണ്ണൂരിലെ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം അണിഞ്ഞ് സ്കൂളില്‍ പ്രവേശിക്കുന്നതില്‍ വിലക്കുണ്െടന്ന പരാതിയില്‍ സിബിഎസ്ഇ ഡയറക്ടറോടും സ്കൂള്‍ അധികൃതരോടും കമ്മീഷന്‍ വിശദീകരണം തേടി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവയുടെ അടിസ്ഥാന സൌകര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ കണ്ണൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയോടും ആവശ്യപ്പെട്ടു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിക്കു നേരിട്ട ചികിത്സാ അവഗണനയ്ക്കെതിരേയുളള പരാതിയില്‍ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, ജില്ലാ പോലീസ് മേധാവി എന്നിവരില്‍നിന്നു റിപ്പോര്‍ട്ട് തേടി.

കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റലില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. ആദിവാസികള്‍ കൂടുതലുള്ള മലയോര പ്രദേശങ്ങളില്‍നിന്നും തീരപ്രദേശങ്ങളില്‍നിന്നുമാണ് പെണ്‍കുട്ടികള്‍ക്കു നേരേ അതിക്രമങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, സി.യു. മീന, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അഞ്ജു, ഡിവൈഎസ്പി പ്രേമരാജന്‍ എന്നിവരും സിറ്റിംഗില്‍ ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.