ഞായര്‍ പ്രവൃത്തിദിനമെന്ന ചീഫ് സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ് പിന്‍വലിച്ചു
Thursday, July 30, 2015 1:21 AM IST
തിരുവനന്തപുരം: വരുന്ന ഞായറാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും പ്രവൃത്തിദിനമാണെന്ന ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഫേസ്ബുക്ക് പോസ്റ് വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെത്തുടര്‍ന്നു പിന്‍വലിച്ചു.

താന്‍ മരിച്ചാല്‍ അവധി നല്‍കാതെ ഒരു ദിവസം കൂടുതല്‍ ജോലിയെടുക്കണമെന്ന അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി വരുന്ന ഞായറാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്നാണു ജിജി തോംസണ്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

സര്‍ക്കാരുമായി ആലോചിക്കാതെ പ്രവൃത്തിദിനം പ്രഖ്യാപിച്ച ചീഫ് സെക്രട്ടറിക്കെതിരേ പ്രതിഷേധം വ്യാപകമായി. ഇതേത്തുടര്‍ന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. തുടര്‍ന്നു ചീഫ് സെക്രട്ടറി ഫേസ്ബുക്ക് പോസ്റ് പിന്‍വലിച്ചു. ഒരു നല്ല ഉദ്ദേശ്യത്തോടെയാണു പോസ്റ് ചെയ്തതെന്നാണു ചീഫ് സെക്രട്ടറിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.


കലാമിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഐടി സ്ഥാപനങ്ങള്‍ അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ മണിക്കൂറുകള്‍ അധികം പണിയെടുത്ത് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.