കലാമിനു കേരളത്തിന്റെ പ്രത്യേക ആദരം
കലാമിനു കേരളത്തിന്റെ പ്രത്യേക ആദരം
Thursday, July 30, 2015 1:26 AM IST
സാബു ജോണ്‍

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന് ആദരമര്‍പ്പിക്കാന്‍ കേരള നിയമസഭയ്ക്ക് അപൂര്‍വമായൊരു അവസരം ലഭിച്ചു. കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്കു കലാമിന്റെ പേരു നല്‍കിക്കൊണ്ടാണു നിയമസഭ അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചത്.

രാജ്യം കലാമിന് അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്‍ സഭയുടെ പരിഗണനയ്ക്കു വന്നതു യാദൃച്ഛികമാകാം. സര്‍വകലാശാലയ്ക്കു കലാമിന്റെ പേരു നല്‍കുമെന്നു രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ പ്രഖ്യാപിച്ചു. പിന്നീട് ബില്‍ അവതരിപ്പിച്ചപ്പോള്‍ സര്‍വകലാശാലയ്ക്കു കലാമിന്റെ പേരു നല്‍കിക്കൊണ്ടുള്ള ഭേദഗതി സര്‍ക്കാര്‍ തന്നെ കൊണ്ടുവന്നു.

കലാമിന്റെ പേരു നല്‍കുന്നതിനുള്ള തീരുമാനത്തോട് ആര്‍ക്കും വിയോജിപ്പില്ലായിരുന്നു. എങ്കിലും സ്വാശ്രയ കോളജുകള്‍ അഫിലിയേറ്റ് ചെയ്ത സര്‍വകലാശാലയ്ക്കു കലാമിന്റെ പേരു കൊടുക്കുന്നതില്‍ സ്വകാര്യവത്കരണ വിരോധിയായ ജി. സുധാകരന്‍ ശേലുകേടു കണ്ടു. കൊച്ചിന്‍ യൂണിവേഴ്സിറ്റിക്കു കലാമിന്റെ പേരു കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകളുമുണ്െടന്നു പറഞ്ഞു സുധാകരന്റെ വാദം മുഖ്യമന്ത്രി തള്ളി.

കലാമിന്റെ പേരു സര്‍വകലാശാലയ്ക്കു നല്‍കുന്ന വിവരം സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ മുമ്പേ മാധ്യമങ്ങളിലൂടെ പൊട്ടിച്ചു. നിയമസഭാ ചേര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നിയമസഭയില്‍ ബില്ലില്‍ കൊണ്ടുവരുന്ന ഭേദഗതി മുഖ്യമന്ത്രി മുമ്പേ പറഞ്ഞതു സമ്മതിക്കാം. പക്ഷേ പിവിസി പറയുന്നതു സഹിക്കാന്‍ പ്രതിപക്ഷം തയാറല്ല. പിവിസിയുടെ നടപടി ക്രമവിരുദ്ധമാണെന്നു സ്പീക്കര്‍ എന്‍. ശക്തന്‍ റൂള്‍ ചെയ്തു. സര്‍ക്കാര്‍ വിശദീകരണം ചോദിക്കുമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. അതുപോരാ, പിവിസിയെ വിളിച്ചുവരുത്തി ശാസിക്കണമെന്നായിരുന്നു പ്രതിപക്ഷത്തെ സി. ദിവാകരന്റെ ആവശ്യം. അത്രയും വേണ്െടന്നു സ്പീക്കറും പറഞ്ഞു. അല്‍പസമയത്തെ ഒച്ചപ്പാടിനു ശേഷം പ്രതിപക്ഷം അയഞ്ഞു.

ധനകാര്യ ചര്‍ച്ചയിലെ പ്രഖ്യാപിത നിലപാടില്‍ പ്രതിപക്ഷം ഇന്നലെയും ഉറച്ചുനിന്നു. എങ്കിലും പ്രതിഷേധം വഴിപാടായി മാറുന്നോ എന്നൊരു സംശയം. ചര്‍ച്ചയിലൂടനീളം മന്ത്രി കെ.എം. മാണിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട പ്രതിപക്ഷം മന്ത്രിയുടെ മറുപടിക്കു കാത്തുനിന്നില്ല. പ്രതിഷേധം എവിടെ വച്ചെങ്കിലുമൊന്ന് അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമായി പരിഗണിച്ച് ഇന്നെങ്കിലും മറുപടി കേള്‍ക്കാന്‍ നില്‍ക്കണമേ എന്നു ജോസഫ് വാഴയ്ക്കന്‍ അഭ്യര്‍ഥിച്ചതാണ്. ആരു കേള്‍ക്കാന്‍. ആക്ഷേപങ്ങള്‍ പറഞ്ഞിട്ടു മറുപടി കേള്‍ക്കാന്‍ ധൈര്യമില്ലാത്തതു കൊണ്ടു പ്രതിപക്ഷം ഒളിച്ചോടുകയാണെന്നായിരുന്നു സണ്ണി ജോസഫിന്റെ ആക്ഷേപം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ജനകീയാംഗീകാരമുണ്െടന്നതിനു തെളിവായി അരുവിക്കര ഫലമാണ് സണ്ണി ജോസഫ് ഉയര്‍ത്തിക്കാട്ടിയത്.

പ്രതിപക്ഷത്തു ചെറിയ മാറ്റമൊക്കെ ബെന്നി ബഹനാന്‍ കാണുന്നുണ്ട്. ആദ്യമാദ്യം ചോദ്യോത്തരവേളയില്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിയോടെ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ മറുപടി പ്രസംഗ സമയത്തു വെറും ഇറങ്ങിപ്പോക്കില്‍ ഒതുങ്ങിയത്രെ. ഈ പ്രതിഷേധം പ്രതിപക്ഷത്തിന്റെ തന്ത്രമല്ല, ഗതികേടാണെന്നും ബെന്നി അഭിപ്രായപ്പെട്ടു. ധനമന്ത്രിയുടെ ഓഫീസ് പ്യൂണിന്റെയും ഡ്രൈവറുടെയും നിയമനത്തില്‍ വരെ ഇടപെടുകയാണെന്നു തോമസ് ഐസക്ക് കുറ്റപ്പെടുത്തി.


സാമ്പത്തിക കെടുകാര്യസ്ഥതയുടെ പേരില്‍ ധനവകുപ്പിനെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാണ് എം.എ. ബേബി നാളുകളുടെ ഇടവേളയില്‍ നടത്തിയ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത്.

സാജു പോളിനാണെങ്കില്‍ മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം, കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ എന്നൊക്കെ കേട്ടു മടുത്തു. ജനസമ്പര്‍ക്ക പരിപാടിയിലും കാരുണ്യയിലുമൊക്കെ ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. നടക്കാത്ത കാര്യങ്ങളെക്കുറിച്ചു പറയാനായിരുന്നു സാജു പോളിനു താല്‍പര്യം. തര്‍ക്കവും വിവാദവും തീര്‍ന്നിട്ടു സര്‍ക്കാരിനു ഭരിക്കാന്‍ സമയമില്ലെന്നാണ് എ.കെ. ബാലന്റെ പക്ഷം. ബാലന്റെ കൈയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഇത്തരം വിവാദപ്രസ്താവനകള്‍ 1500 എണ്ണം ഇരിപ്പുണ്ട്. സമയപരിമിതി മൂലം അദ്ദേഹം അതു പുറത്തെടുക്കാതിരുന്നതിനാല്‍ ഭരണപക്ഷവും സഭയും രക്ഷപ്പെട്ടു.

പ്രതിപക്ഷം പാര്‍ലമെന്ററി മര്യാദ കാണിക്കുന്നില്ലെന്നു മാണി കുറ്റപ്പെടുത്തി. സഭ തന്നെ പ്രതിപക്ഷ നടപടിയെ അപലപിക്കേണ്ടതാണ്. ആരോപണമുന്നയിച്ചവര്‍ മറുപടി കേള്‍ക്കാനില്ലെങ്കിലും ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മാണി വിശദമായി മറുപടി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചു മോന്‍സ് ജോസഫ് പ്രസംഗിച്ചു വന്നപ്പോള്‍ പ്രതിപക്ഷ ഇടപെടലായി. കഴിഞ്ഞ സര്‍ക്കാരില്‍ മോന്‍സ് കൂടി ഭാഗമായിരുന്ന കാലത്തും വിഴിഞ്ഞത്തിനായി പലതും നടത്തിയിട്ടില്ലേ എന്നായിരുന്നു ചോദ്യം. ഉദ്ഘാടനം പലതു നടന്നു എന്നു മോന്‍സ് മറുപടി പറഞ്ഞു. അതു റോഡ് പണിയുടേതായിരുന്നു എന്നു ബെന്നി ബഹനാന്‍. അതു മുടങ്ങിയെങ്കില്‍ അന്നു പൊതുമരാമത്തു മന്ത്രിയായിരുന്ന മോന്‍സിന്റെ കുഴപ്പമല്ലേ എന്നായി പ്രതിപക്ഷം. താന്‍ മന്ത്രിയായിരുന്നതു കൊണ്ട് അതെങ്കിലും പൂര്‍ത്തിയായി എന്നായി മോന്‍സ്.

ധനമന്ത്രി കെ.എം. മാണിയും പി.സി. ജോര്‍ജും സഭയില്‍ വലിയ സ്നേഹത്തിലായിരുന്നു. അതുകണ്ട സ്പീക്കര്‍ എന്‍. ശക്തനു പോലും സംശയം. പുതിയ സഹകരണത്തിന്റെ ധാരണ വല്ലതുമാണോ എന്നു സ്പീക്കര്‍ ചോദിക്കുകയും ചെയ്തു.

മന്ത്രി മാണി മറുപടി പറയുന്നതിനിടെ ചോദ്യവുമായി എഴുന്നേറ്റതാണു ജോര്‍ജ്. എന്റെ പ്രിയപ്പെട്ട പി.സി. ജോര്‍ജ് എന്നോടു ചോദ്യം ചോദിക്കാന്‍ തയാറായതു സന്തോഷകരം എന്നു പറഞ്ഞുകൊണ്ടാണു ജോര്‍ജിനു വേണ്ടി മാണി വഴങ്ങിക്കൊടുത്തത്. വര്‍ധിപ്പിച്ച ഭൂനികുതി കുറച്ചതായി പ്രഖ്യാപിച്ചുകൊണ്ടു കര്‍ഷകരുടെ കണ്ണീരൊപ്പുമോ എന്നായിരുന്നു ജോര്‍ജിന് അറിയേണ്ടിയിരുന്നത്.

മന്ത്രിയെങ്ങാനും ഉറപ്പുകൊടുത്താലോ എന്നു പേടിച്ചതു കേരള കോണ്‍ഗ്രസുകാര്‍ തന്നെയാണ്. റോഷി അഗസ്റിന്‍ ചാടിയെണീറ്റ് ഇതേ ആവശ്യം ഒന്നുകൂടി ചോദിച്ചു. ബജറ്റിലാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നായിരുന്നു മാണിയുടെ മറുപടിയുടെ കാതല്‍. പക്ഷേ മറുപടി ജോര്‍ജിനും മനസിലാകാത്ത ഭാഷയില്‍ മാണി പറഞ്ഞു: പ്രഖ്യാപിക്കുന്ന സന്ദര്‍ഭത്തില്‍ പ്രഖ്യാപിക്കുന്നുണ്െടങ്കില്‍ പ്രഖ്യാപിക്കും. ജോര്‍ജ് വീണ്ടും എഴുന്നേറ്റെങ്കിലും മാണി പിന്നീട് അധികം പ്രോത്സാഹിപ്പിച്ചില്ല.

ഉപധനാഭ്യര്‍ഥനകള്‍ കൂടാതെ കേരള കശുവണ്ടി ഫാക്ടറികള്‍ ഭേദഗതി ബില്ലും കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബില്ലും സഭ പാസാക്കി. സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ച പൂര്‍ത്തിയാക്കി സഭ പിരിയുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. ഇന്നുകൊണ്ടു സമ്മേളനം അവ സാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.