മുഖപ്രസംഗം: ആദരവു കാട്ടാന്‍ അധികജോലി, അതു വെറും പ്രഹസനമാവരുത്മ
Saturday, August 1, 2015 11:24 PM IST
മഹാന്മാരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത് അവരുടെ ജീവിതവും ആദര്‍ശങ്ങളും മാതൃകയാക്കിക്കൊണ്ടാവണം. അതു പൂര്‍ണമായി പ്രാവര്‍ത്തികമാക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും അവരുടെ ദര്‍ശനങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളാനെങ്കിലും സാധിക്കണം. രാജ്യത്തിന് ഏറെ അഭിമാനമായിരുന്ന നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗം എല്ലാവരിലും ദുഃഖമുളവാക്കി. തികച്ചും സാധാരണമായൊരു സാഹചര്യത്തില്‍ ജനിച്ച് സ്വപ്രയത്നത്താല്‍ ഉയരങ്ങള്‍ കീഴടക്കിയ ആ ബഹുമുഖപ്രതിഭ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും എന്നും പ്രചോദനമാണ്. അത്തരമൊരു മഹാത്മാവിന്റെ മരണവാര്‍ത്ത വന്നപ്പോഴും ഏറെപ്പേര്‍ ആദ്യം അന്വേഷിച്ചത് അടുത്ത ദിവസം അവധിയായിരിക്കുമോ എന്നാണ്. ചില സംസ്ഥാനങ്ങളില്‍ അവധി പ്രഖ്യാപനമുണ്ടായി. കേരളത്തില്‍ സിബിഎസ്ഇ സ്കൂളുകളുടെ ഒരു മാനേജ്മെന്റ് അസോസിയേഷനും അവധിപ്രഖ്യാപനം നടത്തി. ഇതു പലേടത്തും ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു. പല സിബിഎസ്ഇ സ്കൂളുകളും അന്നു പ്രവര്‍ത്തിച്ചു. പ്രവര്‍ത്തിക്കാത്ത സ്കൂളുകള്‍ പകരം ഇന്നു ക്ളാസ് നടത്തുമെന്ന് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

അവധിയെക്കുറിച്ചുള്ള ആധി കേരളത്തിലാണ് ഏറെ കൂടുതലെന്നു തോന്നുന്നു. മലയാളിയുടെ അധ്വാനശീലത്തെയും ജോലിയിലുള്ള കാര്യക്ഷമതയെയും പലരും ശ്ളാഘിക്കാറുണ്ട്. നാടു വിട്ടുകഴിഞ്ഞാല്‍ ഈ കഴിവുകള്‍ നാം നന്നായി പ്രകടിപ്പിക്കും. അതേസമയം നാട്ടില്‍ ജോലി ചെയ്യുമ്പോള്‍ എത്രമാത്രം അലസതയാകാം എന്നതാണു പലരുടെയും ചിന്ത. നമ്മുടെ പല സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ അതു ബോധ്യമാകും. വൈകി ഓഫീസിലെത്തുകയും നേരത്തേ സ്ഥലംവിടുകയും ചെയ്യുന്നവര്‍ പലേടത്തുമുണ്ട്. കൂടുതല്‍ സമയം ജോലിയെടുക്കുന്ന അപൂര്‍വം ചിലരെ വിസ്മരിക്കുന്നില്ല. പഞ്ചിംഗ് സമ്പ്രദായവും മറ്റും നടപ്പിലാക്കിയതോടെ ഇത്തരം വൈകിയോടലിനു കുറെയൊക്കെ മാറ്റമുണ്ടായിട്ടുണ്െടങ്കിലും പഴയ ശീലം പലരും മറന്നിട്ടില്ല.

തന്റെ മരണത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിക്കരുതെന്ന് എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞിരുന്നു. മുന്‍ രാഷ്ട്രപതിയായിരുന്നതിനാല്‍ പതിവു നടപടിക്രമമനുസരിച്ച് അവധി പ്രഖ്യാപനത്തിനു സാധ്യതയുണ്െടന്നു മനസിലാക്കിയതിനാലാവും ഇത്തരമൊരു കാര്യം അദ്ദേഹം നേരത്തേ സൂചിപ്പിച്ചത്. ഒരു മണിക്കൂറെങ്കിലും കൂടുതല്‍ ജോലിചെയ്തുകൊണ്ടാവണം തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിനുവേണ്ടിയും സമൂഹത്തിന്റെ സര്‍വതോമുഖമായ വികസനത്തിനുവേണ്ടിയും കഠിനാധ്വാനം ചെയ്ത ഒരു ശാസ്ത്രജ്ഞന് ഇപ്രകാരമേ പറയാനാവൂ. വിദ്യാര്‍ഥികളെയും യുവജനങ്ങളെയും പ്രചോദിപ്പിക്കാന്‍ വാക്കുകള്‍ കൊണ്ടുള്ള ഉദ്ബോധനങ്ങള്‍ നല്‍കുന്ന ഒരു പ്രചോദനാന്മക പ്രഭാഷകന്‍ മാത്രമായിരുന്നില്ല അദ്ദേഹം. സ്വന്തം ജീവിതകര്‍മങ്ങളിലൂടെ ഓരോ നിമിഷവും ഫലദായകമായി മാറ്റുന്നതിന്റെ സജീവ മാതൃക അദ്ദേഹം നമുക്കു കാട്ടിത്തന്നു.


ഡോ. കലാമിന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു അവധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട്. അവധിത്വര അലസതയുടെ പ്രതിഫലനമാണ്. ആരോടെങ്കിലുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് നാം സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അവര്‍ക്ക് അപമാനമുണ്ടാക്കുന്നതാവരുത്. കേരളത്തില്‍ അവധി പ്രഖ്യാപനം ആഹ്ളാദവേളയായി മാറുകയാണു പതിവ്. അതു മറ്റേതെങ്കിലും പൊതു അവധിയോടു ചേര്‍ന്നു കിട്ടിയാല്‍ ഏറെ സന്തോഷമായി. ദുഃഖാചരണവേള ആഘോഷിക്കാനുള്ള അവസരമായി മാറുന്ന സംസ്കാരത്തിലേക്കു കേരളം അധഃപതിക്കുന്നുണ്ട്. അവധിദിനങ്ങള്‍ക്കു തൊട്ടുമുമ്പ് ബിവറേജസ് കോര്‍പറേഷന്‍ ചില്ലറ വില്പന ശാലകള്‍ക്കു മുന്നില്‍ കാണുന്ന വലിയ ക്യൂ ഇതിനുദാഹരണമാണ്. ഹര്‍ത്താലും പണിമുടക്കും ആരെങ്കിലുമൊന്ന് ആഹ്വാനം ചെയ്താല്‍ മതി, നമ്മുടെ നിരത്തുകള്‍ വിജനമാകും, കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇത്തരമൊരു ദിനം സമ്മാനിക്കുന്നതെന്ന കാര്യം ആരും ഓര്‍ക്കുന്നില്ല. ദിവസക്കൂലികൊണ്ടു ജീവിക്കുന്ന ഒട്ടേറെ ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഒരു ദിവസം പണി മുടങ്ങിയാല്‍ അവരുടെ വീടുകളില്‍ എങ്ങനെ തീ പുകയും? വികസനവെളിച്ചം കടന്നുചെല്ലാത്ത നിരവധി പ്രദേശങ്ങള്‍ ഇനിയുമുണ്െടന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.

ഡോ. കലാമിന്റെ ആഗ്രഹപ്രകാരം അധികജോലി ചെയ്ത് അദ്ദേഹത്തോട് ആദരവു പ്രകടിപ്പിക്കന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. ചില സംഘടനകളും സ്ഥാപനങ്ങളും ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തി. പക്ഷേ, അവരില്‍ ചിലരുടെയെങ്കിലും ഉദ്ദേശ്യം അതിലൂടെ കിട്ടുന്ന മാധ്യമശ്രദ്ധ മാത്രമായിരുന്നു. ചില വ്യാപാരസ്ഥാപനങ്ങള്‍പോലും അവരുടെ അവധിദിനം വെട്ടിക്കുറച്ച് പ്രവൃത്തിദിവസമാക്കി. എല്ലാവരുടെയും ആത്മാര്‍ഥത ചോദ്യം ചെയ്യുന്നതു ശരിയല്ല. ഇത്തരമൊരു തൊഴില്‍ മനോഭാവം വളര്‍ന്നുവരുന്നതു നല്ലതുതന്നെ. സേവനപ്രവര്‍ത്തനങ്ങളിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെയുമൊക്കെ ഇത്തരം അവസരങ്ങള്‍ നമുക്കു ഫലപ്രാപ്തിയുള്ളതാക്കാം. ഗാന്ധിജയന്തിദിനത്തില്‍ നാം ഇത്തരം ചില സത്കര്‍മങ്ങള്‍ ചെയ്യാറുണ്ട്.

പല വികസിതരാജ്യങ്ങളിലും പൊതു അവധി ദിനങ്ങള്‍ കുറവാണ്. എന്നാല്‍, വാരാന്ത്യത്തില്‍ ആവശ്യത്തിനു വിശ്രമം ലഭിക്കാനുള്ള അവസരമുണ്ടാകും. ചില രാജ്യങ്ങളില്‍ പ്രതിഷേധസമരങ്ങള്‍പോലും കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്തുകൊണ്ട് നടത്തുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. അവധി വാങ്ങിച്ചെടുക്കുന്നത് സംഘടിതശക്തിയുടെ കരുത്തായി കാണുന്നവരുമുണ്ട്. 'ഒരു ജോലി കിട്ടിയിട്ടുവേണം, രണ്ടുദിവസത്തെ അവധിയെടുക്കാന്‍' എന്ന നമ്മുടെ തൊഴില്‍ സംസ്കാരത്തെ സൂചിപ്പിക്കുന്ന പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗുണ്ട്. ആദരിക്കാനുള്ള അവധിയെ സംബന്ധിച്ച ഡോ. കലാമിന്റെ ചിന്തകള്‍ പുതിയൊരു തൊഴില്‍ സംസ്കാരത്തിനു നാന്ദി കുറിക്കുന്നതാകട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.