ഡോ. പോളി മാത്യു സോമതീരം അന്തരിച്ചു
ഡോ. പോളി മാത്യു സോമതീരം അന്തരിച്ചു
Saturday, August 1, 2015 12:25 AM IST
തിരുവനന്തപുരം: ആയൂര്‍വേദ ടൂറിസത്തിന്റെ പ്രചാരകനും സോമതീരം ഹെല്‍ത്ത് ഗ്രൂപ്പിന്റെ സിഎംഡി യുമായ ഡോ. പോളി മാത്യു സോമതീരം (66) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് സംസ്കാര ശുശ്രൂഷകള്‍ സോമതീരത്തെ വസതിയില്‍ ആരംഭിക്കും. വെള്ളിയാഴ്ച്ച പുലര്‍ച്ചെ സോമതീരത്തെ വസതിയിലായിരുന്നു അന്ത്യം.

സോമതീരം ഹെല്‍ത്ത് റിസോര്‍ട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കേരളത്തിലെ ആയൂര്‍വേദ ടൂറിസത്തെ ജര്‍മനിയടക്കമുളള യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിചയപ്പെടുത്തിയവരില്‍ പ്രധാനിയാണു വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി കൂടിയായ പോളി മാത്യു . 30 വര്‍ഷം കുടുംബത്തോടൊപ്പം ജര്‍മനിയില്‍ താമസിച്ച അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കു വിനോദസഞ്ചാരികളെ എത്തിക്കുന്നതിനായി വിവിധ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്തു.


വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ളോബല്‍ ടൂറിസം ചെയര്‍മാനായും ഇന്ത്യന്‍ വേള്‍ഡ് വൈഡ് ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആയൂര്‍ ടൂറിസം ആന്‍ഡ് പ്രമോഷന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. 2010 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ദേശീയ ടൂറിസം അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. സാമൂഹ്യസേവനത്തിനും ആയുര്‍വേദ ടൂറിസം പ്രോത്സാഹിപ്പിച്ചതിനുമുള്ള നിരവധി ദേശീയ - അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആയുര്‍വേദ ടൂറിസത്തിന്റെ സാധ്യതകളെയും പ്രയോജനങ്ങളെയും പറ്റി വിവിധ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്.

സോമതീരം ഹെല്‍ത്ത് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ട്രീസ പോളിയാണു ഭാര്യ. ജയിംസ് പോളി, ജിംസണ്‍ പോളി, ജോണ്‍സ് പോളി എന്നിവര്‍ മക്കളാണ്. ജീവന്‍ ടിവി എംഡി ബേബി മാത്യു സോമതീരം സ ഹോദരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.