ദക്ഷിണേന്ത്യന്‍ കാര്‍ഷികമേള 16 മുതല്‍
Saturday, August 1, 2015 12:27 AM IST
കണ്ണൂര്‍: സംസ്ഥാനതല കര്‍ഷക ദിനാഘോഷവും ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയും ഈ മാസം 16 മുതല്‍ 26 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കും. 16ന് വൈകുന്നേരം ആറിനു കേന്ദ്ര കൃഷിമന്ത്രി രാധ മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി കെ.പി. മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞു മൂന്നിനു സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൌണ്ടില്‍നിന്ന് ഘോഷയാത്ര തുടങ്ങും. വിവിധ കലാപരിപാടികള്‍, നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ ഘോഷയാത്രയിലുണ്ടാകും. 2,500 ഓളം ഹരിതസേനാംഗങ്ങള്‍, അഗ്രോ സര്‍വീസ് സെന്റര്‍ അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കും. കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുളള സ്റാളുകളും കാര്‍ഷിക മേളയിലുണ്ടായിരിക്കും. 2016 അവസാനത്തോടെ ജൈവകാര്‍ഷിക സംസ്ഥാനമായി മാറുന്നതിനു കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ദക്ഷിണേന്ത്യന്‍ കാര്‍ഷികമേള വലിയ കുതിപ്പു നല്‍കുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.