മഴമറ, അറിയാനുണ്ട് ചില കാര്യങ്ങള്‍
ഷെഫീക്ക് പാല്‍ക്കുളങ്ങര ഗ്രീന്‍ ടെക് ഫാംസ്
മനുഷ്യന് പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പല രീതിയിലും ഭാവത്തിലുമാണ് പ്രതിഫലിക്കപ്പെടുന്നത്. അത് ചിലപ്പോള്‍ കാലാവസ്ഥാ വ്യതിയാനമാകാം, മണ്ണിന്റെ ഘടനയാകാം, ജലസ്രോതസുകളില്‍ വരുന്ന മാറ്റങ്ങളാവാം. അതില്‍ പ്രധാനമാണ് മഴ. മഴക്കാലമായാല്‍ ചെടികളില്‍ കുമിള്‍ രോഗങ്ങള്‍ പതിവാകുന്നു. പൂക്കള്‍ കൊഴിയുന്നു, ചീയുന്നു. അങ്ങനെ അതുവരെ ചെടികള്‍ക്കു നല്കിയ പരിചരണം പാഴായിപ്പോകും. അത്തരത്തില്‍ സസ്യങ്ങള്‍ നേരിടേണ്ടിവരുന്ന പ്രതികൂല കാലാവസ്ഥയില്‍നിന്ന് അവയെ രക്ഷിക്കുക എന്നതാണ് മഴമറയുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ പോളിത്തീന്‍ ആവരണം നല്കി മഴയില്‍നിന്നും സൂര്യനില്‍നിന്നുവരുന്ന ഹാനികരമായ രശ്മികളില്‍നിന്നും സസ്യങ്ങളെ സംരക്ഷിക്കാം. അതിലൂടെ ചെടിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ കൃത്രിമമായി ഒരുക്കുന്നു.
എങ്ങനെ നിര്‍മിക്കാം
പ്രതിയില്നിന്നുള്ള കമുക്, മുള തുടങ്ങിയവ ഉപയോഗിച്ചോ ജിഐ പൈപ്പുകള്‍ ഉപയോഗിച്ചോ മഴമറ തയാറാക്കാം. മുകളില്‍ പറഞ്ഞവ ഉപയോഗിച്ച് ചട്ടക്കൂട് ഉണ്ടാക്കി അതില്‍ പോളിത്തീന്‍ ഷീറ്റ് ഉറപ്പിക്കണം. പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സാമ്പത്തികച്ചെലവ് വളരെ കുറവായിരിക്കും. എന്നാല്‍ ഈടു നില്‍ക്കുന്നത് നോക്കുമ്പോള്‍ ജിഐ പൈപ്പ് ഉപയോഗിച്ചുണ്ടാക്കുന്നതാണ് മെച്ചം.
ആവശ്യമായ വസ്തുക്കള്‍
ബി ക്ളാസ് ഗ്രേഡ് ജിഐ പെപ്പ്, അള്‍ട്രാവയലറ്റ് സ്റബിലൈസ്ഡ് പോളിത്തീന്‍ ഫിലിം, ഫിലിം ലോക്ക് ചെയ്യാനുള്ള അലുമിനിയം ചാനലും അതില്‍ ഘടിപ്പിക്കുന്ന സ്പ്രിംഗും.
മട്ടുപ്പാവില്‍ അലുമിനിയം ഷീറ്റ് ഉറപ്പിക്കാന്‍ തയാറാക്കുന്ന മാതൃക തന്നെയാണ് മഴമറയുടെ ചട്ടക്കൂടിനും വേണ്ടത്. വശങ്ങളില് മൂന്നു മീറ്ററില്‍ കുറയാത്ത ഉയരം വേണം. അത് ആവശ്യത്തിനു വായു സഞ്ചാരം ഉറപ്പാക്കും. മഴമറയുടെ വലുപ്പമനുസരിച്ച് നടുവില്‍ 3.5 മുതല്‍ നാലു മീറ്റര്‍ വരെ ഉയരം നല്‍കാവുന്നതാണ്.
ചട്ടക്കൂടിന്റെ നിര്‍മാണഘട്ടത്തില്‍ത്തന്നെ വശങ്ങളില് ക്രോസ് ബാറുകള്‍ നല്‍കുന്നത് കൂടുതല്‍ ബലം നല്‍കും. ചട്ടക്കൂടിന്റെ മേല്‍ക്കൂരയുടെ പാര്‍ശ്വങ്ങളില്‍ വരുന്ന പൈപ്പുകളിലാണ് അലുമിനിയം ചാനല്‍ ഘടിപ്പിക്കുന്നത്. അവ ഉറപ്പിക്കാന്‍ സ്ക്രൂ ഉപയോഗിക്കാം. ചാനലിനു മേലെ ഫിലിം നന്നായി വലിച്ചുപിടിച്ച് സ്പ്രിംഗ് ഇട്ടുകഴിഞ്ഞാല്‍ മഴമറ റെഡി. സ്പ്രിംഗ് വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളവ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ പ്ളാസ്റിക് കവചം ഉള്ളത്. അവ കൂടുതല്‍ ഈടുനില്‍ക്കും.
ജിനെഗര് പ്ളാസ്റിക് പ്രൊഡക്ട്സ് ലിമിറ്റഡ്, സണ്‍കൂള്‍ എന്നിങ്ങനെ പ്രധാനമായും രണ്ടു കമ്പനികളാണ് ഇന്ത്യയില്‍ യുവി ഷീറ്റുകള്‍ നിര്‍മിക്കുന്നത്.
പ്രസരണം, യുവി-ഇന്‍ഫ്രാ റെഡ് രശ്മികളെ തടയല്‍ എന്നീ പ്രത്യേകതകളുള്ള ഈ ഫിലിം സൂര്യരശ്മികളെ അരിച്ചാണ് ചെടികള്‍ക്കു നല്‍കുന്നത്. അതുകൊണ്ടുതന്നെ മഴമറയ്ക്കും പോളീഹൌസിനും ഉള്ളിലുള്ള ചെടികളുടെ ആരോഗ്യം വര്‍ധിക്കും. അതിനോടൊപ്പം ആവശ്യത്തിനു പരിചരണംകൂടിയായാല് ഏറ്റവും നല്ല വിളവും ലഭിക്കും.
മഴമറയുടെ വശങ്ങള് മറയ്ക്കാന്‍ ആവശ്യമെങ്കില്‍ ഗ്രീന്‍ നെറ്റ് ഉപയോഗിക്കാം. വായു കടക്കാന്‍ വശങ്ങള് മറയയ്ക്കാത്തതാണ് ഉത്തമം.
യുവി ഷീറ്റുകള്‍ക്ക് ചതുരശ്ര മീറ്ററിനു 65 രൂപ മുതലാണ് മാര്‍ക്കറ്റില്‍ വില. അലുമിനിയം ചാനലിനു മീറ്ററിനു 50 രപയും സ്പ്രിംഗിനു മീറ്ററിനു 12 രൂപയുമാണ് ശരാശരി വില.
ഫോണ്‍: 8089632384
മഴക്കാലമായി, ഓമനപ്പക്ഷികള്ക്കു വേണം പ്രത്യേക കരുതല്‍
ഡോ. സാബിന് ജോര്‍ജ് അസിസ്റന്റ് പ്രൊഫസര്‍ വെറ്ററിനറി കോളജ്, മണ്ണുത്തി
മോഹവില നല്കി വാങ്ങി വളര്‍ത്തുന്ന അരുമപ്പക്ഷിയ്ക്ക് മഴക്കാലം പലപ്പോഴും രോഗകാലമാകാറുണ്ട്. കുടുംബാംഗങ്ങളുടെ ഓമനയായി വളര്‍ത്തുന്ന, വിപണിയില്‍ വിലയേറെയുള്ള അരുമകള്‍ക്ക് അസുഖം വരുന്നത് പക്ഷിവളര്ത്തുകാരുടെ നിത്യ പ്രശ്നമാണ് മഴക്കാലത്തെ ഈര്‍പ്പവും നനവും നിറഞ്ഞ കാലാവസ്ഥ രോഗം വരുത്തുന്ന സൂക്ഷ്മാണുക്കള്‍ക്ക് പലപ്പോഴും ഉല്‍സവകാലമാണ്.
പക്ഷിക്കൂടുകളില്‍ ഈര്‍പ്പം പടരുന്നതോടെ ബാക്ടീരിയകളും, പ്രോട്ടോസോവകളും പെരുകാന്‍ കാരണമാകും. കൂടിന്റെ കമ്പിവലകളിലും, തീറ്റ- വെള്ളപ്പാത്രങ്ങളിലും, കൂടിനുള്ളിലെ മരക്കൊമ്പുകളിലുമൊക്കെ ഇവരുണ്ടാകും. ഇവര്‍ ജലം, വായു, ആഹാരം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. അങ്ങനെ മഴക്കാലം പക്ഷികള്‍ക്ക് കഷ്ടകാലമാകുകയും ചെയ്യുന്നു.
ദഹന, ശ്വസന, വ്യൂഹങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് പലപ്പോഴും കൂടുതലായി കാണപ്പെടാറുള്ളത്. ഇതില്‍ തന്നെ കാലാവസ്ഥാമാറ്റം മൂലമോ, പോഷകന്യൂനത മൂലമോ രോഗപ്രതിരോധശേഷി കുറഞ്ഞ പക്ഷികളാകും രോഗത്തിന് പെട്ടെന്ന് അടിമപ്പെടുക.
ഓമനപ്പക്ഷികളെ പാര്‍പ്പിക്കുന്ന കൂടുകള്‍ മഴക്കാലത്ത് ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുകയാണ് ഏറെ പ്രധാനം. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവയെ കൂട്ടത്തില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കുക. ഇവയ്ക്ക് സാധാരണ കൂടിന്റെയത്ര വലിപ്പം ആവശ്യമില്ല. ഇവയ്ക്ക് ഒരു ബള്‍ബിട്ട് ചൂട് നല്‍കുന്നത് നല്ലതാണ്. രോഗബാധിതരായ പക്ഷികള്‍ ഭക്ഷണവും, വെള്ളവും ഉപേക്ഷിക്കാന്‍ താല്പര്യപ്പെടുകയും തന്മൂലം നിര്‍ജലീകരണവും, പട്ടിണിയും മൂലം ചാവുകയും ചെയ്തേക്കാം.
അസുഖ ബാധിതരായ പക്ഷികള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക്കുകളും, ആന്റി പ്രോട്ടോസോവനും അടങ്ങിയ മരുന്നുകള്‍ നിശ്ചിത അളവില്‍ കൃത്യമായ കാലയളവിലേക്ക് നല്‍കണം. കൂടാതെ വിറ്റമിന്‍, മിനറല്‍ മിക്സ്ചറുകളും നല്‍കണം. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടാന്‍ ആരോഗ്യമുള്ള പക്ഷികള്‍ക്ക് പ്രോബയോട്ടിക്കുകള്‍ നല്‍കാവുന്നതാണ്. സാധാരണ നല്കുന്ന ധാന്യത്തീറ്റയോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരം മൃദു ഭക്ഷണം (ടീള ളീീറ) നല്‍കാവുന്നതാണ്. പുഴുങ്ങിയ മുട്ടയും, റൊട്ടിപ്പൊടിയും, വൈറ്റമിന്‍ മിശ്രിതവും, പ്രോബയോട്ടിക്കുകളുമൊക്കെ ചേര്‍ത്ത് ഇത് തയ്യാറാക്കാം. അസുഖം ബാധിച്ചവരുടേയും, ആരോഗ്യമുള്ളവരുടേയും മഴക്കാല പരിചരണം, തീറ്റക്രമം, ആരോഗ്യ പരിപാലനം, മരുന്നുകളുടെ ഉപയോഗം എന്നിവ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം കൃത്യമായ ടൈം ടേബിളിള്‍ തയ്യാറാക്കി നല്‍കേണ്ടത് ഏറെ ആവശ്യമാണ്.
ഫോണ്‍: 9446203839
ഫ്ളെക്സ് പാഴാക്കേണ്ട, ഉപയോഗമുണ്ട്
ഐബിന്‍ കാണ്ടാവനം
കാലത്തിന്റെ കുത്തൊഴുക്കില്‍ ഫ്ളെക്സ് ബോര്‍ഡുകളുടെ പ്രാധാന്യം ഒന്നു വേറെതന്നെയാണ്. എന്നാല്‍, ഉപയോഗശൂന്യമായ ഫ്ളെക്സ് ഷീറ്റുകള്‍ പലപ്പോഴും പ്രകൃതിക്കും മനുഷ്യനും ഭീഷണിയാവാറുമുണ്ട്. ഉപയോഗശൂന്യമായ ഫ്ളെക്സ് പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്െടങ്കിലും കാര്‍ഷികരംഗത്തേക്ക് അധികം അങ്ങനെ അടുപ്പിച്ചിട്ടില്ല. സ്ഥലപരിമിധിയുള്ളവര് കൃഷി ചെയ്യാനായി ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുക ഗ്രോ ബാഗുകളെയാണ്. എന്നാല്‍ അവയുടെ വില പലരെയും കൃഷിയില്‍നിന്നും പിന്നോട്ട് വലിക്കാനിടവരുത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ചുരുങ്ങിയ ചെലവില്‍ ഗ്രോ ബാഗ് എങ്ങനെ നിര്‍മിക്കാം എന്നതിനെക്കുറിച്ച് ആലപ്പുഴ പുന്തല അജിത് ഭവനില്‍ അജിത് കുമാര്‍ ചിന്തിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കണം. അതുകൊണ്ടുതന്നെ അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല ഉപയോഗശൂന്യമായ ഫ്ളെക്സുകള്‍ ശേഖരിച്ച് ബാഗ് നിര്‍മിക്കാന്‍ തീരുമാനിച്ചു. അല്പം രാഷ്ട്രീയപ്രവര്‍ത്തനം ഉള്ളതിനാല്‍ ഫ്ളെക്സുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായില്ല.
ഫ്ളെക്സിന്റെ വലുപ്പം അനുസരിച്ചാണ് ബാഗ് നിര്‍മിച്ചത്. ആവശ്യമായ അളവു നോക്കി ഫ്ളെക്സ് മുറിച്ച് ചുവടു ഭാഗവും വശങ്ങളും ഫ്ളെക്സ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ ഉപയോഗിച്ച് മടക്കി ഒട്ടിച്ചു. നീര്വാര്ച്ചയ്ക്കുവേണ്ടി ബാഗിന്റെ അടിഭാഗത്ത് ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട്. മുറിക്കുമ്പോള്‍ നീളവും വീതിയും വ്യത്യാസപ്പെടുത്തി ബാഗിന്റെ വലിപ്പം ക്രമീകരിക്കാവുന്നതാണ്. 30 രൂപയുടെ ഒരു ബോട്ടില്‍ പശകൊണ്ട് ആറു ബാഗ്വരെ നിര്‍മിക്കാം. കട്ടിയുള്ള ഫ്ളെക്സാണ് ബാഗ് നിര്‍മിക്കാന്‍ ഉത്തമം. മിക്ക ഫ്ളെക്സിനും ഗ്രോ ബാഗ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഷീറ്റിന്റെ ഇരട്ടിയിലധികം ഘനം കാണും. ഫ്ളെക്സ് വെതര്‍ പ്രൂഫ് മെറ്റീരിയല്‍കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. വളരെ കാലം ഈടു നില്ക്കും. ഇഷ്ടമുള്ള വലുപ്പത്തില്‍ ബാഗു നിര്‍മിക്കാന്‍ കഴിയുന്നത് ഒരു വലിയ കാര്യംതന്നെയാണ്. കോവല്‍, പാവല്‍, പടവലം തുടങ്ങിയവയ്ക്കൊക്കെ വലിയ ബാഗുകള്‍ വേണം. പച്ചക്കറികളുടെ വേരുകള്‍ ഒരടിയില്ക്കൂടുതല് താഴോട്ട് സഞ്ചരിക്കാറില്ല. ബാഗിന് ഉയരം കൂടുതല്‍ ഉണ്ടായിട്ടു കാര്യം ഇല്ല. മാര്‍ക്കറ്റില്‍നിന്ന് രണ്ടു ബാഗുകള്‍ വാങ്ങുന്ന പണം വേണ്ട ഫ്ളെക്സുകൊണ്ടുള്ള ആറ് ബാഗുകള്‍ നിര്‍മിക്കാന്‍.
ഫ്ളെക്സ് ഉപയോഗിച്ച് അമ്പതോളം ഗ്രോ ബാഗുകള്‍ അജിത് വീട്ടിലേക്കായി തയാറാക്കിയിട്ടുണ്ട്. ഇതില്‍ പടവലം, പാവല്‍, വെണ്ട, ചീനി, തക്കാളി, പയര്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ നട്ടുവളര്ന്നു വരുന്നു.
പുന്തല ബികെവി എന്‍എസ്എസ് യുപി സ്കൂളിലെ ഓഫീസ് അറ്റന്‍ഡന്റാണ് അജിത്. ഉപയോഗശൂന്യമായ വസ്തു ഉപയോഗിച്ചുള്ള അജിതിന്റെ കൃഷിരീതി ഏവര്‍ക്കും മാതൃകയാക്കാവുന്നതാണ്.
ഫോണ്‍: 9447255398
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.