എ ജി ഓഫീസിനെതിരേ വീണ്ടും ഹൈക്കോടതി
എ ജി ഓഫീസിനെതിരേ വീണ്ടും ഹൈക്കോടതി
Saturday, August 1, 2015 12:16 AM IST
നിയമകാര്യ ലേഖകന്‍

കൊച്ചി: അഡ്വക്കറ്റ് ജനറല്‍(എ ജി) ഓഫീസിനെതിരേ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എ ജി ഓഫീസിനെ ഒരാഴ്ചമുമ്പു നിശിതമായി വിമര്‍ശിച്ച ജസ്റീസ് അലക്സാണ്ടര്‍ തോമസാണ് ഇത്തവണയും രൂക്ഷവിമര്‍ശനം നടത്തിയത്.

അഡ്വക്കറ്റ് ജനറല്‍ ഓഫീസിലെ കേസ് നടത്തിപ്പിലെ കുഴപ്പമെന്തെന്നു ചീഫ് സെക്രട്ടറി അന്വേഷിച്ചു രണ്ടാഴ്ചയ്ക്കകം ഹൈ ക്കോടതി രജിസ്ട്രാര്‍ക്കു നേരിട്ടു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ജസ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. സര്‍ക്കാര്‍ കക്ഷിയായ കോടതി വ്യവഹാരങ്ങളില്‍ അഡ്വക്കറ്റ് ജന റല്‍ ഓഫീസിന്റെ കേസ് നടത്തിപ്പ് ദുഃഖിപ്പിക്കുന്നതാണെന്നു വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് എജി ഓഫീസ് പുനഃസംഘടിപ്പിക്കണമെന്നു വാക്കാല്‍ പറഞ്ഞു.

കണ്ണൂര്‍ പെരിങ്ങളം വില്ലേജിലെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടു കുറ്റാരോപിതരായ കണ്ണൂരിലെ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി. രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ആഴ്ചയില്‍ ഒരു കൂട്ടം അബ്കാരി കേസുകള്‍ പരിഗണിക്കുമ്പോഴും ഇതേ ബെ ഞ്ച് എജിയുടെ ഓഫീസിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

സര്‍ക്കാരിന്റെ കേസ് നടത്തിപ്പു ശരിയായ രീതിയിലല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാനായി, റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയെ അമിക്കസ്ക്യൂറിയായി നിയമിച്ചു നടപടി മുന്നോട്ടു കൊണ്ടുപോകണ്ടി വരും. കേസ് നടത്തിപ്പില്‍ കെടുകാര്യസ്ഥതയാണ്. ഈ ഹര്‍ജികളില്‍ നാലു തവണ വസ്തുത പരിശോധിച്ചു നല്‍കാന്‍ നിര്‍ദേശിച്ചിട്ടും എജിയുടെ ഓഫീസ് അതു നല്‍കിയിട്ടില്ല. ഇക്കാരണത്താല്‍ കോടതിയലക്ഷ്യ നടപടികളാണു സ്വീകരിക്കേണ്ടത്. കോടതിയുടെ ഉത്തരവ് പലപ്പോഴും പാലിക്കുന്നില്ല- ഉത്തരവ് പറയുന്നു.

ഇന്നലെ ഹൈക്കോടതി ഹര്‍ജികള്‍ പരിഗണിക്കവെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടു സംസ്ഥാന റവന്യൂ വകുപ്പ് 2015 ഫെബ്രുവരി 26നു പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം നടപടി സ്വീകരിക്കാനാവുമോയെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഹര്‍ജിയുമായി ബന്ധപ്പെട്ടു നിരവധി തവണ സര്‍ക്കാരില്‍നിന്നു വിശദീകരണം തേടിയിരുന്നുവെന്നും തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതു ദൌര്‍ഭാഗ്യകരമാണെന്നും ജസ്റീസ് അലക്സാണ്ടര്‍ തോമസ് ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ കോടതി പരിഗണിക്കുന്ന ഹര്‍ജിയില്‍ റവന്യൂ വകുപ്പിന്റെ ഉത്തരവ് ബാധകമാകുമോ എന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി ജി പി) ടി.അസഫലി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി ഉച്ചകഴിഞ്ഞു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.


പിന്നീടു ഡിജിപി ഹാജരായ ശേഷം ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് എജിയുടെ ഓഫീസിനെതിരേ ഹൈക്കോടതി വീണ്ടും വിമര്‍ശനം നടത്തിയത്. വിജിലന്‍സ് അന്വേഷണം സ്റേ ചെയ്യണമെന്നാണു ഹര്‍ജിക്കാരന്റെ ഇടക്കാല ആവശ്യമെന്നു കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ മറുപടി നല്‍കാന്‍ അഡ്വക്കറ്റ് ജനറല്‍ ഓഫീസ് തയാറാകുന്നില്ല. ഹര്‍ജി പരിഗണിക്കുമ്പോള്‍ മുതല്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ നാലിനും 30നും ഹര്‍ജികള്‍ പരിഗണനയ്ക്കെത്തിയപ്പോള്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിച്ചില്ല. ഈ സാഹചര്യത്തിലും കേസിലെ എതിര്‍കക്ഷിയായ സര്‍ക്കാരിനു അതിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടതുണ്െടന്നതു കോടതി പരിഗണിച്ചു. സര്‍ക്കാരിന്റെ ഒരു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു വകുപ്പിനു ബാധകമാകുന്നതാണോ എന്നതില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സര്‍ക്കാരിനു വളരെയെളുപ്പത്തില്‍ വ്യക്തമാക്കാവുന്ന കാര്യമാണുള്ളത്.

ക്രിമിനല്‍ കേസുകളില്‍ പ്രത്യേകിച്ചു സര്‍ക്കാരിന്റെ വാദം കേട്ട് ഉചിതമായ തീരുമാനം എടുക്കാന്‍ കോടതിക്കു കഴിയണമെങ്കിലും ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്േടായെന്നു പരിശോധിക്കണമെങ്കിലും സര്‍ക്കാര്‍ നിലപാട് വേണം. ഏതെങ്കിലും ഒരു ഉത്തരവ് സര്‍ക്കാരിനു പ്രതികൂലമാണെങ്കില്‍ അതിനെ പ്രതിരോധിക്കാനും സര്‍ക്കാരിനു നടപടി സ്വീകരിക്കേണ്ടതുണ്ട്- കോടതി പറഞ്ഞു.

നിയമവിരുദ്ധമായ പട്ടയം നല്‍കിയെന്നാരോപിച്ചു കണ്ണൂരിലെ വിജിലന്‍സ് രജിസ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി മുന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി. രാമചന്ദ്രന്‍, ര ണ്ടാംപ്രതി റവന്യൂ ഇന്‍സ്പെക്ടര്‍ കെ.കെ ഗോപാലകൃഷ്ണന്‍, മൂന്നാംപ്രതി വില്ലേജ് ഓഫീസര്‍ രാമചന്ദ്രന്‍ നായര്‍, നാലാം പ്രതി മുന്‍ വില്ലേജ് ഓഫീസര്‍ സി.കെ ഷാജിമോന്‍, അഞ്ചാംപ്രതി വില്ലേജ് അസിസ്റന്റ് എം. ദിവാകരന്‍ എന്നിവരുടെ ഹര്‍ജികളാണു പരിഗ ണിക്കുന്നത്.

മുമ്പ് ഇതേ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനെതിരേ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ സീനിയറായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ അഴിച്ചുപണി നടത്തണമെന്നും ഭരണഘടനാ പദവിയുള്ള എജി തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഹര്‍ജികളില്‍ വിശദീകരണം നല്‍കുന്നതിനു രണ്ടു ദിവസം സമയം ഡിജിപി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഹര്‍ജി മാറ്റുകയായിരുന്നു. കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്കു നല്‍കുമെന്നും ഡിജിപി അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.