വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇടുക്കിയില്‍ പെഡല്‍ ബോട്ട് സവാരി
Sunday, August 2, 2015 12:12 AM IST
ചെറുതോണി: ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്കു പുതിയ രൂപവും ഭാവവും കൈവരുന്നു. ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ എട്ടുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന ബോട്ടിംഗ് സംവിധാനത്തിനു തുടക്കമായി. ഹില്‍വ്യൂ പാര്‍ക്കിലെ കൃത്രിമ ജലാശയത്തിലാണ് ബോട്ടിംഗ് സംവിധാനം തുടങ്ങിയിരിക്കുന്നത്. പെഡല്‍ ബോട്ടുകളാണ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. 50 രൂപയാണ് സര്‍വീസ് ചാര്‍ജ്. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡിനെയും നിയമിച്ചിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതിനാല്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ലൈഫ് ഗാര്‍ഡുകളെ നിയമിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. മൂന്നാര്‍, മാട്ടുപ്പെട്ടി ഡാമില്‍ രണ്ടുപേരെയും പഴയമൂന്നാര്‍ വാഗമണ്‍, ഇടുക്കി എന്നിവിടങ്ങളില്‍ ഓരോരുത്തരെയും സഞ്ചാരികളുടെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്.


ഹില്‍വ്യൂ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പാര്‍ക്കില്‍തന്നെ ബോട്ടിംഗിന്റെ ടിക്കറ്റുകള്‍ വാങ്ങുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്‍സൂണ്‍ സീസണ്‍ ആയതിനാലും സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നതിനാലും മാറ്റിയിട്ടിരുന്ന രണ്ടു ബോട്ടുകള്‍ എട്ടുമുതല്‍ മാട്ടുപ്പെട്ടിയില്‍ സര്‍വീസ് നടത്തും.

ഓണത്തിന് മുന്‍പായി പഴയ മൂന്നാറില്‍ 11 സീറ്റുകളോടുകൂടിയ ബോട്ടിന്റെ സര്‍വീസും ആരംഭിക്കുമെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞു. ഓണാഘോഷങ്ങളോടനുബന്ധിച്ചും മണ്‍സൂണ്‍ സീസണ്‍ കുറഞ്ഞുവരുന്നതിനാലും സഞ്ചാരികളുടെ ഒഴുക്ക് മുന്‍കൂട്ടികണ്ടാണ് ഇപ്പോള്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.