തൊഴിലാളികള്‍ക്കു കൂച്ചുവിലങ്ങിടാന്‍ നീക്കം: ഐടിയുസി
തൊഴിലാളികള്‍ക്കു കൂച്ചുവിലങ്ങിടാന്‍ നീക്കം: ഐടിയുസി
Sunday, August 2, 2015 12:12 AM IST
കൊച്ചി: തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തിരുത്തല്‍ ശക്തിയായി നിലകൊള്ളുമെന്ന പ്രഖ്യാപനത്തോടെ അന്തര്‍ദേശീയ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ (ഐടിയുസി) ഏഷ്യ പസഫിക് സമ്മേളനത്തിനു കൊച്ചിയില്‍ തുടക്കമായി. തൊഴിലാളികള്‍ക്കു സംഘടിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഐടിയുസി പ്രസിഡന്റും ഐഎന്‍ടിയുസി ദേശീയ അധ്യക്ഷനുമായ ഡോ.ജി സഞ്ജീവ് റെഡ്ഡി പറഞ്ഞു.

അടിച്ചമര്‍ത്തലിനെതിരേ ആഗോളതലത്തില്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കണം. വിദേശനിക്ഷേപത്തിന്റെ പേരു പറഞ്ഞു കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശം പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കണം. ട്രേഡ് യൂണിയനുകളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ശക്തമായ പോരാട്ടം ആവശ്യമാണെന്നും സഞ്ജീവ് റെഡ്ഡി അഭിപ്രായപ്പെട്ടു.

ഉദ്ഘാടനച്ചടങ്ങില്‍ എച്ച്എംഎസ് ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ് സിദ്ദു, ഐഎല്‍ഒ ഡയറക്ടര്‍ മരിയ ഹെലെന ആന്ദ്രെ, സേവ ജനറല്‍ സെക്രട്ടറി ജ്യോതി മക്വാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അസംഘടിത മേഖലയെ സംഘടിത മേഖലയാക്കുക, ഈ മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി സാധാരണക്കാര്‍ക്കു സമഗ്ര പുരോഗതി കൈവരുത്തുക, സാധാരണ തൊഴിലാളികള്‍ക്കു വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം എന്നിവ ലഭ്യമാക്കുക തുടങ്ങിയ ദേശീയ- അന്തര്‍ദേശീയ തൊഴിലാളി പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും.


ഇന്ത്യയിലെ തൊഴിലാളി പ്രശ്നങ്ങളും കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കല്‍ ബില്ല്, കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരേ ഐഎന്‍ടിയുസി ഐഎല്‍ഒയ്ക്കു നല്‍കിയ പരാതി തുടങ്ങിയവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഡല്‍ഹിയില്‍ നടന്ന ഐഎല്‍സി സമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങളും ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിക്കും.

ഐടിയുസി ഏഷ്യ പസഫിക് റീജണിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. നിലവില്‍ ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഡോ.സഞ്ജീവറെഡ്ഢി പ്രസിഡന്റും ജപ്പാനില്‍നിന്നുള്ള സുസുക്കി ജനറല്‍ സെക്രട്ടറിയുമാണ്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ മുന്‍കൈ എടുത്താണു സമ്മേളനം കേരളത്തില്‍ നടത്തുന്നത്.

ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, മലേഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ശ്രിലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍, ഗള്‍ഫ്, നെതര്‍ലന്‍ഡ് ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍നിന്നായി 215 പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.