ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കലല്ല ജഡ്ജിയുടെ ജോലി: ജസ്റീസ് കുര്യന്‍ ജോസഫ്
ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കലല്ല ജഡ്ജിയുടെ ജോലി: ജസ്റീസ് കുര്യന്‍ ജോസഫ്
Sunday, August 2, 2015 12:23 AM IST
കോഴിക്കോട്: ജനാധിപത്യത്തിലെ നിര്‍ണായകമായ പദവിയാണു ജഡ്ജിമാരുടേതെന്നും ഇതു വഹിക്കുന്നവര്‍ നീതിനിര്‍വഹണമാണു നടത്തേണ്ടതെന്നും സുപ്രീം കോടതി ജസ്റീസ് കുര്യന്‍ ജോസഫ്. ന്യായാധിപ പദവി രാഷ്ട്രീയനയം നടപ്പാക്കാന്‍ ഉപയോഗിക്കരുത്. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട്ടു സംഘടിപ്പിച്ച ജുഡീഷറിയും അഭിഭാഷക വൃത്തിയും നേരിടുന്ന പ്രശ്നങ്ങള്‍ എന്ന സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.

ജൂഡീഷറിക്കും എക്സിക്യൂട്ടീവിനും അവരുടേതായ അതിരുകളുണ്ട്. ഈ ലക്ഷ്മണ രേഖ ആരും മറികടക്കരുത്. ജഡ്ജിമാര്‍ക്കു സ്വന്തമായ വിശ്വാസവും രാഷ്ട്രീയവും ഉണ്ടാകാം. എന്നാല്‍, ജോലി ചെയ്യുമ്പോള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതു ഭരണഘടന മാത്രമാണ്. ഏറ്റവും വലിയ കോടതി മനഃസാക്ഷിയാണെന്നും ജസ്റീസ് പറഞ്ഞു. വാദം കേട്ട കേസുകളില്‍ ജഡ്ജിമാര്‍ ഒരു മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ വിധി പുറപ്പെടുവിച്ചില്ലെങ്കില്‍ ചീഫ് ജസ്റീസ് മുന്നറിയിപ്പ് നല്‍കണം. രണ്ടു മാസം കഴിഞ്ഞാല്‍ വീണ്ടും മുന്നറിയിപ്പ് നല്‍കണം. മൂന്നു മാസം കഴിഞ്ഞിട്ടും വിധി വന്നില്ലെങ്കില്‍ ദൈനംദിന നിയമപ്രവര്‍ത്തനം ആ ജഡ്ജിയെ ഏല്‍പ്പിക്കരുത്. വിഷയം ചീഫ് ജസ്റീസ് നിരന്തരമായി നിരീക്ഷിക്കണം. യുക്തിപരമായി മാത്രമേ വിധിയെഴുതാവൂ.

വാദം കേള്‍ക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മാത്രം നടത്തിയാല്‍ മതിയാവും. രാഷ്ട്രീയക്കാര്‍ അവരുടെ പണി എടുത്തുകൊള്ളും. ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കലല്ല ജഡ്ജിയുടെ പണി. ജഡ്ജി അനാവശ്യമായി പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കണം.


കേസ് പഠിക്കുന്നതിനു പകരം രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് അവസാനിക്കണം. മറ്റു താത്പര്യങ്ങള്‍ ഉണ്െടങ്കില്‍ ജഡ്ജിമാര്‍ ആ മേഖലയിലേക്കു പോകുകയാണു വേണ്ടത്. മറ്റൊരു മേഖലയില്‍നിന്നു വന്നാണു താന്‍ ജഡ്ജിയായതെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. ജഡ്ജിമാരെ അച്ചടക്കം പഠിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കുവഹിക്കാനാകും.

എന്നാല്‍, വിചാരണയും അപ്പീലും പൂര്‍ത്തിയാകാത്ത കേസുകളിലെ മാധ്യമവിചാരണ കോടതിയലക്ഷ്യമാണുെം അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കു നീതി നല്‍കാന്‍ ശ്രമിക്കേണ്ട അഭിഭാഷകര്‍ സമരം ചെയ്യരുത്. അഞ്ചു വര്‍ഷം ഹൈക്കോടതിയില്‍ പരിചയമുള്ളവര്‍ മാത്രമേ സുപ്രീംകോടതിയില്‍ എത്താവൂ എന്ന വ്യവസ്ഥയുണ്ടാകണം. അഞ്ചു വര്‍ഷമുള്ള നിയമപഠനം അവസാനിപ്പിക്കണമെന്നും മൂന്നു വര്‍ഷത്തെ ബിരുദത്തിനു ശേഷമുള്ള മൂന്നുവര്‍ഷ നിയമപഠനമാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹൈക്കോടതി ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രചന ശ്രീവാസ്തവ, ആര്‍.കെ.പി ശങ്കര്‍ദാസ്, ജോണ്‍ വര്‍ഗീസ്, കെ.എന്‍ ഭട്ട്, പ്രശാന്ത് കുമാര്‍, കെ.എ ദേവരാജന്‍, മുതിര്‍ന്ന അഭിഭാഷകന്‍ എം.എന്‍ കൃഷ്ണമണി, ശേഖര്‍ നാഫഡെ, രാജുരാമചന്ദ്രന്‍, ഗാതാ ലുത്റ, ആര്‍. വെങ്കട്ടരമണി, ബി.വി ആചാര്യ, പിങ്കി ആനന്ദ്, മഞ്ചേരി സുന്ദര്‍രാജ്, പി.എം ആതിര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.