ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ വിഴിഞ്ഞം നടപ്പാകില്ല: ഡോ. സൂസപാക്യം
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ വിഴിഞ്ഞം നടപ്പാകില്ല: ഡോ. സൂസപാക്യം
Sunday, August 2, 2015 12:32 AM IST
തിരുവനന്തപുരം: ഇന്നത്തെ രീതിയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുന്നതു തടയുമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം. വിശ്വാസികള്‍ക്കായി പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിമൂലം തൊഴിലും വാസസ്ഥലവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് ആര്‍ച്ച്ബിഷപ് ഇടയലേഖനത്തിലൂടെ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

തീരദേശമേഖലയുമായി ബന്ധപ്പെട്ട ഭയാശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. തുറമുഖ പദ്ധതി പൂര്‍ത്തിയാവുന്നതോടെ 32 തീരഗ്രാമങ്ങളിലെ അര ലക്ഷത്തിലേറെ വരുന്ന മത്സ്യത്തൊഴിലാളികള്‍ക്കു തൊഴിലും വാസസ്ഥലവും നഷ്ടപ്പെടും. ഈ പശ്ചാത്തലത്തില്‍ ഇവരുടെ ആശങ്കകള്‍ പരിഹരിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കൂ.

വിഴിഞ്ഞം തുറമുഖം വരുന്നതോടെ പ്രത്യാഘാതം നേരിടേണ്ടിവരുന്നതു വിഴിഞ്ഞം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറിനുമാണ്. തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും ഉപജീവനത്തെ ഇതു ഗുരുതരമായി ബാധിക്കും. ആശങ്കപ്പെടുന്നവരെ വികസനവിരോധികളെന്നാണു മുദ്രകുത്തുന്നത്. എന്നാല്‍, പൊതുസമൂഹത്തിനു ഗുണം ചെയ്യുമെന്നു കരുതിയാണ് ഇതുവരെ പ്രതിഷേധ പരിപാടികള്‍ക്കു മുതിരാതിരുന്നത്. അതു തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെയും മത്സ്യത്തൊഴിലാളികളുടെയും ബലഹീനതയായി കാണരുതെന്ന് ഇടയലേഖനം പറയുന്നു. ഇന്ത്യന്‍ പൌരന്മാരെന്ന നിലയ്ക്കു തുല്യനീതിക്കു തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അര്‍ഹരാണെന്ന വസ്തുതയും ആരും വിസ്മരിക്കരുത്. മാത്രവുമല്ല, സാമ്പത്തികലാഭത്തിനുവേണ്ടി മാനവ ഐക്യവും സാമൂഹ്യബന്ധങ്ങളും തകര്‍ത്തുകൊണ്ടു പരിസ്ഥിതിസംരക്ഷണം നടപ്പിലാക്കാന്‍ കഴിയില്ലെന്നും വാണിജ്യവ്യവസായ ശക്തികൊണ്ടു മാത്രം പ്രകൃതിയെ രക്ഷിക്കാനാവില്ലെന്നും മാര്‍പാപ്പയുടെ പരിസ്ഥിതി സംബന്ധിച്ച ചാക്രിക ലേഖനം ഉദ്ധരിച്ച് ഇടയലേഖനം പറയുന്നു.


നിലവിലുള്ള തീരപരിപാലന നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും ലംഘിച്ചു വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട ആഘാതപഠനം ശരിയായ രീതിയില്‍ നടത്താതെയും വസ്തുതകള്‍ മറച്ചുവച്ചു റിപ്പോര്‍ട്ട് തയാറാക്കിയും നടപ്പിലാക്കുന്ന ഈ വികസന പദ്ധതി തീരദേശത്തെ ജനജീവിതവും കടലോര പരിസ്ഥിതിയും പാടേ തകര്‍ക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഒരിക്കലും വികസന പദ്ധതികള്‍ക്ക് എതിരല്ലെന്നും ഇടയലേഖനം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.