സമരം തുടരും, മാട്ടിറച്ചി ക്ഷാമവും
Sunday, August 2, 2015 12:35 AM IST
തൃശൂര്‍: തമിഴ്നാട്ടിലെ കന്നുകാലി വ്യാപാരികള്‍ നടത്തുന്ന സമരം തുടരാന്‍ തീരുമാനിച്ചതോടെ കേരളത്തില്‍ മാട്ടിറച്ചി വിപണി സ്തംഭിക്കുന്നു. ഇറച്ചിയാക്കി വില്‍ക്കാന്‍ മാടുകളെ ലോറിയില്‍ കയറ്റി കൊണ്ടുവരാനാകാത്തതിനാലാണു മാട്ടിറച്ചി കിട്ടാതായത്. ഇന്നലെ ഒട്ടംഛത്രത്തില്‍ നടന്ന കന്നുകാലി വ്യാപാരികളുടെ യോഗമാണു വിപണി ബഹിഷ്കരിച്ചുകൊണ്ടുള്ള സമരം തുടരാന്‍ തീരുമാനിച്ചത്.

മാടുകളെ കിട്ടാത്തതിനാല്‍ കേരളത്തിലെ ഇറച്ചിവിപണി നാളത്തോടെ സ്തംഭിക്കും. വ്യാപാരികള്‍ ഇറച്ചി നല്‍കാത്തതിനാല്‍ ഹോട്ടലുകളില്‍ ഏതാനും ദിവസമായി ബീഫ് ലഭ്യമല്ല. മാട്ടിറച്ചിയുടെ വില കിലോഗ്രാമിന് 20 മുതല്‍ 40 വരെ രൂപ വര്‍ധിപ്പിച്ചു. 300 രൂപയാണു മിക്കയിടത്തും വില.

കന്നുകാലി വ്യാപാരികള്‍ കഴിഞ്ഞ 19ന് ആരംഭിച്ച സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് 28, 29 തീയതികളില്‍ ചെന്നൈയില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. അന്നു തമിഴ്നാട്ടിലെ മന്ത്രിമാര്‍ക്കു നിവേദനം നല്‍കി നടത്തിയ ചര്‍ച്ച ഫലപ്രദമല്ലെന്നാണ് ഇന്നലത്തെ വ്യാപാരി യോഗത്തില്‍ നേതാക്കള്‍ വിശദീകരിച്ചത്.


കന്നുകാലികളെ കൊണ്ടുപോകുന്ന ലോറികള്‍ തടഞ്ഞുനിര്‍ത്തി കന്നുകാലികളെ വിട്ടയയ്ക്കുകയോ ഗോശാലകളിലാക്കുകയോ ചെയ്യുന്നതായാണു വ്യാപാരികളുടെ പ്രധാന പരാതി. കന്നുവ്യാപാരികള്‍ക്കെതിരേ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഭീമമായ പിഴയടപ്പിച്ചും പിടിച്ചെടുത്ത ലോറികള്‍ വിട്ടയയ്ക്കാതെ നിയമനടപടികളെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു വ്യാപാരികള്‍ സമരത്തിനിറങ്ങിയത്. ഉദ്യോഗസ്ഥര്‍ക്കു പുറമേ മൃഗപ്രേമികള്‍ ചമയുന്നവരും കന്നുലോറികള്‍ തടഞ്ഞ് അതിക്രമം നടത്തുന്നതു പെരുകുകയാണ്. ഇവര്‍ക്കെതിരേ നടപടിയെടുക്കാതെ സംരക്ഷിക്കുന്ന നടപടിയാണു പോലീസ് കൈക്കൊള്ളുന്നത്.

കന്നുകാലികളെ കയറ്റിക്കൊണ്ടുപോകുന്നതു തടസപ്പെടുത്തില്ലെന്ന് അധികാരികളില്‍നിന്ന് ഉറപ്പു ലഭിക്കാതെ വ്യാപാരം പുനരാരംഭിക്കില്ലെന്ന നിലപാടിലാണു വ്യാപാരികള്‍. കേരളത്തിലെ വിവിധ പോലീസ് സ്റേഷനുകളിലും മറ്റുയി കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുനൂറോളം ലോറികളാണു പിടിച്ചിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.