ബിജെപി നീക്കങ്ങളില്‍ ആശങ്കയോടെ മുന്നണികള്‍
Sunday, August 2, 2015 11:49 PM IST
സാബു ജോണ്‍

തിരുവനന്തപുരം: വരാനിരിക്കുന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തു മാന്യമായ സ്ഥാനമുറപ്പിക്കാന്‍ ബിജെപി നടത്തുന്ന കരുനീക്കങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതുചലനങ്ങളുണ്ടാ ക്കുന്നു. ഇരുമുന്നണികളിലായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന കേരള രാഷ്ട്രീയത്തില്‍ മൂന്നാമതൊരു ശക്തിയായി ഉയര്‍ന്നു വരാന്‍ ബിജെപിക്കു സാധിക്കുമോ എന്ന ചോദ്യത്തിനുത്തരം കൂടിയായിരിക്കും ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെര ഞ്ഞെടുപ്പും പത്തു മാസത്തിനകം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും.

പ്രബല സമുദായസംഘടന യാ യ എസ്എന്‍ഡിപിയുമായി കൈ കോര്‍ക്കാനുള്ള സാഹചര്യമൊരുങ്ങിയതു വലിയൊരു മുന്നേറ്റമായാണു ബിജെപി കാണുന്നത്. തീവ്രഹിന്ദുത്വ നിലപാടു സ്വീകരിച്ചും മറ്റു ഹൈന്ദവ സംഘടനകളെ ഒപ്പം കൂട്ടിയും ഇരുമുന്നണികള്‍ക്കിടയിലൂടെ സ്വന്തമായൊരു ഇടം കണ്െടത്തുകയാണു ബിജെപിയുടെ ലക്ഷ്യം. യുഡിഎഫും എല്‍ഡിഎഫും ബിജെപി- എസ്എന്‍ഡിപി സഖ്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. ഇതിനെതിരേ ഇതുവരെ പരസ്യമായി രംഗത്തു വന്നത് ഇടതുപാര്‍ട്ടികള്‍ മാത്രമാണ്. യുഡിഎഫ് ഇപ്പോഴും മൌനം പാലിക്കുന്നു.

ഇരുമുന്നണികളുടെയും വോട്ടു ബാങ്കില്‍ ബിജെപി കണ്ണുവയ്ക്കുന്നുണ്ട്. എങ്കിലും അവര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതു സിപിഎമ്മിന്റെയും സിപിഐയുടെയും വോട്ടുകളിലാണ്. ഇരുപാര്‍ട്ടികളുടെയും അടിത്തറ പ്രധാനമായും ഈഴവ വോട്ടര്‍മാരാണ്. എസ്എന്‍ഡിപിയുമായി ധാരണയിലെത്തിയാല്‍ ഈ അടിത്തറയില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താമെന്നു ബിജെപി കരുതുന്നു. ഈ ഭീഷണി സിപിഎമ്മും സിപിഐയും തിരിച്ചറിയുന്നുമുണ്ട്.

എന്നാല്‍, ഭീഷണി നേരിടുന്നതില്‍ തികഞ്ഞ ആശയക്കുഴപ്പമാണ് അവര്‍ക്കിടയിലുള്ളത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചു നടത്തിയ പ്രസ്താവനയിലുള്‍പ്പെടെ ഈ ആശയക്കുഴപ്പമാണു തെളിയുന്നത്.

ബിജെപിയുടെ മുന്നേറ്റം യുഡി എഫിനെ എല്‍ഡിഎഫിനോളം ബാധിക്കില്ല. ഇപ്പോള്‍ തന്നെ അവരുടെ പ്രധാന അടിത്തറ ന്യൂനപ ക്ഷ വിഭാഗങ്ങളാണ്. അവര്‍ നേരിടുന്ന പ്രധാന ആക്ഷേപവും അതാണ്. ബിജെപി ശക്തിപ്പെടുന്നതു തത്കാലം അവര്‍ക്കു നേട്ടമായി മാറുകയേയുള്ളൂ. എന്നാല്‍, ആ നേട്ടം താത്കാലികം മാത്രമായിരിക്കും എന്ന തിരിച്ചറിവു കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അതിനു പരിഹാരമെന്തെന്ന കാര്യത്തില്‍ അവര്‍ക്കിടയിലും വ്യക്തതയില്ല.

ആറു ശതമാനത്തിന്റെ ചുറ്റുവട്ടത്തായിരുന്നു കുറേ നാളുകളായി ബിജെപിയുടെ കേരളത്തിലെ വോട്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതു പത്തു ശതമാനത്തിനു മുകളിലായി. അവരെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റമായിരുന്നു ഇത്. എങ്കിലും കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ സാധിക്കാത്ത പാര്‍ട്ടി എന്ന പേരുദോഷം നീങ്ങിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ. രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തി. ലോക്സഭാ തെര ഞ്ഞെടുപ്പില്‍ വിജയപ്രതീതി ഉയര്‍ത്തിയെങ്കിലും ശശി തരൂരിനു പിന്നില്‍ രണ്ടാമതായിപ്പോയി. നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലും അപ്രതീക്ഷിത മുന്നേറ്റം നടത്താന്‍ ഒ. രാജഗോപാലിലൂടെ ബിജെപിക്കു സാധിച്ചു. എന്നാല്‍, ഇവിടെയെല്ലാം രാജഗോപാലിന്റെ വ്യക്തിപ്രഭാവവും വോട്ടായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിജെപിയുടെ യഥാര്‍ഥ ശക്തി ഇനിയും തെളിയിക്കപ്പെടേണ്ടതാണ്. രാജഗോപാലല്ലാതെ വോട്ടു പിടിക്കാന്‍ പ്രാപ്തിയുള്ള മറ്റൊരാളില്ല എന്ന പ്രശ്നവും ബിജെപിയെ കുഴക്കുന്നു.

അരുവിക്കരയില്‍ ഈഴവ വോട്ടുകള്‍ ബിജെപിയിലേക്കു ചാഞ്ഞു. അതിന്റെ ക്ഷീണമുണ്ടായതു സിപിഎമ്മിനായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വന്ന നിയമസഭാ മണ്ഡലങ്ങളിലെല്ലാം മൂന്നാം സ്ഥാനത്തേക്കു പോയത് എല്‍ഡിഎഫ് ആയിരുന്നു. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ മഞ്ചേശ്വരം, കാസര്‍ഗോഡ് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാമതായി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ രാജഗോപാല്‍ ഒന്നാമതു വന്നപ്പോള്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബിജെപി മുന്നേറുമ്പോള്‍ ചോരുന്നത് ഇടതുവോട്ടുകളാണെന്നാണു സമീപകാലത്തെ ഈ കണക്കുകള്‍ കാണിക്കുന്നത്.


കേരളത്തിന്റെ ജനസംഖ്യയില്‍ നാലിലൊന്നോളം വരുന്ന ഈഴവ സമുദായാംഗങ്ങളില്‍ നല്ലൊരു പങ്കി നെ സ്വാധീനിക്കാന്‍ നിലവിലെ എസ്എന്‍ഡിപി നേതൃത്വത്തിനു സാധിക്കുമെന്ന കണക്കുകൂട്ടലാണു ബിജെപി നേതൃത്വത്തിനുള്ളത്. ഇതുവരെ ബിജെപിക്ക് ഈഴവര്‍ക്കിടയില്‍ കാര്യമായി കടന്നു കയറാന്‍ സാധിച്ചിട്ടുമില്ല. എസ്എന്‍ഡിപിയുമായുള്ള സൌഹാര്‍ദത്തിലൂടെ എന്‍എസ്എസുമായി ധാരണയ്ക്കുള്ള സാധ്യത ഇല്ലാതാകുമെങ്കിലും മറ്റു പിന്നോക്കവിഭാഗ സംഘടനകളുമായി ധാരണയിലെത്താനുള്ള സാധ്യതകളാണു ബിജെപി പരീക്ഷിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോര്‍പറേഷനുകളിലും ഏതാനും മുനിസിപ്പാലിറ്റികളിലും ഭരണം പിടിക്കണമെന്ന കടുത്ത ലക്ഷ്യമാണു ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു മുമ്പില്‍ വച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ 62 വാര്‍ഡുകളില്‍ ബിജെപി ഒന്നാമതു വന്ന കണക്കുകള്‍ അവര്‍ക്കു മുന്നിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റവും കൂടുതല്‍ സാധ്യതയുള്ള നിയോജകമണ്ഡലങ്ങള്‍ ഇതിനകം കണ്െടത്തിക്കഴിഞ്ഞ പാര്‍ട്ടി അവിടം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അക്കൌണ്ട് തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴി ഞ്ഞു.

കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം വലിയൊരു വെല്ലുവിളിയാണ് അവര്‍ നേരിടുന്നത്. ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ചയ്ക്കു ശേഷം കേരളത്തില്‍ കൂടി പിന്തള്ളപ്പെട്ടാല്‍ അവരുടെ നിലനില്‍പ് അപകടത്തിലാകും. അതുകൊണ്ടു തന്നെ എസ്എന്‍ഡിപി- ബിജെപി ധാരണയ്ക്കെതിരേ അവര്‍ ശക്തമായി രംഗത്തിറങ്ങും.

അതേസമയം, സാമുദായിക സംഘടനകളുടെ പിന്തുണയുമായി കേരളത്തില്‍ തെരഞ്ഞെടുപ്പു വിജയം നേടുക എളുപ്പമല്ലെന്നു വാദിക്കുന്നവരുമുണ്ട്. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് എണ്‍പതുകളില്‍ നട ത്തിയ പരീക്ഷണം പരാജയപ്പെട്ടത് ഇവര്‍ ഉദാഹരണമായി പറയുന്നു. എസ്ആര്‍പിയും എന്‍ഡിപിയുമൊക്കെ കേരള രാഷ്ട്രീയത്തില്‍ കാര്യമായ ചലനങ്ങളുണ്ടാ ക്കാതെ അപ്രത്യക്ഷമാകുകയായിരുന്നു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ പിന്തുണച്ചു നില്‍ക്കാനായിരിക്കും എസ്എന്‍ഡിപി തീരുമാനിക്കുക. സമ്മര്‍ദശക്തിയായിനിന്നു പരമാവധി നേട്ടങ്ങള്‍ കൊയ്യുക എന്ന ഇക്കാലമത്രയും പയറ്റിയ അതേ തന്ത്രമായിരിക്കും ബിജെപിയുമായുള്ള ധാരണയിലൂടെയും അവര്‍ പരീക്ഷിക്കുക.

മുന്നണികളുടെ അടിത്തറയില്‍ കാര്യമായ മാറ്റം വരുത്താനെങ്കിലും ബിജെപിയുടെ പുതിയ നീക്കങ്ങള്‍ വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വരാനിരിക്കുന്ന രണ്ടു തെരഞ്ഞെടുപ്പുകളിലേക്കുള്ള നാളുകള്‍ കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാ ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.