മുഖപ്രസംഗം: മലയാളിക്കു വിഷഭക്ഷണം, അയല്‍ക്കാര്‍ക്കു പണക്കൊയ്ത്ത്
Monday, August 3, 2015 11:26 PM IST
ഭക്ഷ്യവസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ കേരളത്തില്‍ കുറഞ്ഞൊരുകാലത്തിനുള്ളില്‍ അത്യധികം വര്‍ധിച്ചിട്ടുണ്ട്. മലയാളിയുടെ ഭക്ഷണമേശയില്‍ പൊറോട്ടയും ജങ്ക് ഫുഡുമൊക്കെ പതിവായിട്ടുണ്െടങ്കിലും അരിയുപയോഗം കാര്യമായി കുറഞ്ഞിട്ടില്ല. പക്ഷേ, കഴിക്കാനുള്ള അരി ആന്ധ്രയില്‍നിന്നോ കര്‍ണാടകത്തില്‍നിന്നോ ഒക്കെ വരണം. ആന്ധ്രയില്‍നിന്നുള്ള അരിവരവ് ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്. വന്‍തുക കുടിശികയായതിന്റെ പേരിലാണ് ആന്ധ്രയിലെ അരിമില്ലുകാര്‍ കേരളത്തിലേക്കുള്ള അരിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് കോടിക്കണക്കിനു രൂപയാണ് അരി വാങ്ങിയ ഇനത്തില്‍ ആന്ധ്രയിലെ മില്ലുടമകള്‍ക്കു നല്‍കാനുള്ളതത്രേ.

പ്രതിമാസം ഏകദേശം ഒരു ലക്ഷം ടണ്‍ അരിയാണ് ആന്ധ്രാപ്രദേശില്‍നിന്നു മാത്രം കേരളത്തിലെത്തുന്നത്. ഓണക്കാലത്ത് അരിയുടെ ഉപയോഗം വര്‍ധിക്കും. മറ്റു പല ഭക്ഷ്യവസ്തുക്കളുടെയും സ്ഥിതി വ്യത്യസ്തമല്ല. തമിഴ്നാട്ടില്‍ മൃഗസംരക്ഷണ സമിതിക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് അവിടെനിന്നു മാടുകളുടെ വരവു നിലച്ചതോടെ കേരളത്തില്‍ മാട്ടിറച്ചി വില്പന പലേടത്തും നിന്നു. വില്പനയുള്ള സ്ഥലങ്ങളില്‍ വില കൂട്ടുകയും ചെയ്തു. വിഷലിപ്തമായ പച്ചക്കറി അതിര്‍ത്തി കടന്നുവരുന്നതു തടയാന്‍ കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നൊക്കെ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും കാര്യമായ പരിശോധനയൊന്നും നടക്കുന്നില്ല. തമിഴ്നാട്ടിലെ പച്ചക്കറിക്കൃഷിക്കാരും കീടനാശിനി കമ്പനികളും സംഘടിച്ചപ്പോള്‍ കേരളത്തിന്റെ കാര്യം നോക്കാന്‍ ആരുമില്ലെന്നായി. ഉള്ളി, മുളക് തുടങ്ങിയവയുടെ വിലയും കയറിക്കൊണ്ടിരിക്കുന്നു. ഇവയും അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തണം.

ഭക്ഷ്യവസ്തുക്കള്‍ക്കു കേരളം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷമേറെയായി. ഇവിടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങളുടെ അളവ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ വന്‍തോതില്‍ കുറഞ്ഞു. പ്രധാന വിളകള്‍ മാത്രമല്ല, ഇടവിളകളും കുറഞ്ഞു. നെല്‍ക്കൃഷിയുടെ ഭാരിച്ച ചെലവും കൃഷിപ്പിഴയും കുറഞ്ഞ വരുമാനവും ഈ മേഖലയെ ഉപേക്ഷിക്കാന്‍ നിരവധി കര്‍ഷകരെ പ്രേരിപ്പിച്ചു. പാടങ്ങളേറെയും തരിശു കിടക്കുന്നത് ഈ സാഹചര്യത്തിലാണ്. നെല്‍പ്പാടങ്ങള്‍ ഏറെയുണ്ടായിരുന്ന പ്രദേശങ്ങള്‍ക്കു നെടുകെയും കുറുകെയും നിരവധി റോഡുകള്‍ വന്നു. ഇതു ഗതാഗത സൌകര്യം വര്‍ധിപ്പിച്ചെങ്കിലും പാടശേഖരങ്ങള്‍ വിഭജിക്കപ്പെട്ടു. കൃഷി ലാഭകരമാകാതായപ്പോള്‍ കര്‍ഷകര്‍ നിലം തരിശിടുകയും പിന്നീടു കുറേശെയായി നികത്തുകയും ചെയ്തു. വര്‍ഷങ്ങളോളം ഇപ്രകാരം തരിശുകിടക്കുന്ന സ്ഥലത്ത് ഇപ്പോള്‍ കൃഷി ചെയ്യണമെങ്കില്‍ വലിയ തുക മുടക്കേണ്ടിവരും. അത്തരം സ്ഥലങ്ങളിലെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികളുണ്െടങ്കിലും പണി ഏറ്റെടുക്കാന്‍ തൊഴിലാളികള്‍ കുറവ്. കുടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ ചില സേവനങ്ങള്‍ ചെയ്യുന്നുണ്ട്. എങ്കിലും അരിയുടെയോ പച്ചക്കറികളുടെയോ കാര്യത്തില്‍ കേരളം സ്വയംപര്യാപ്തതയിലെത്തണമെങ്കില്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവരും.


കന്നുകാലികള്‍ക്കു പുറമേ ഇറച്ചിക്കോഴിയുടെയും പ്രധാന വരവ് തമിഴ്നാട്ടില്‍നിന്നാണ്. കേരളത്തില്‍ കോഴിയിറച്ചിയുടെ ഉപയോഗം അത്യധികം വര്‍ധിച്ചിരിക്കുകയുമാണ്. ദേശീയ തലത്തില്‍ത്തന്നെ കോഴിയിറച്ചി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. 2010ലേതിനേക്കാള്‍ 40 ശതമാനം വര്‍ധനയാണ് 2014ല്‍ ഉണ്ടായത്. ഇതിനിടെ അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴിക്കാലിനു വീണ്ടും നിരോധനം ഏര്‍പ്പടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. പക്ഷിപ്പനിയുടെ പേരിലാണ് ഇന്ത്യ അമേരിക്കയില്‍നിന്നുള്ള കോഴിക്കാലിനു നിരോധനം ഏര്‍പ്പെടുത്തിയത്. പക്ഷേ, അവര്‍ ലോകവ്യാപാര സംഘടനയെ സമീപിച്ച് നിരോധനം എടുത്തുകളയിച്ചു. ഇന്ത്യയുടെ നിരോധനത്തിനു ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നായിരുന്നു ലോകവ്യാപാര സംഘടനയുടെ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി. കോഴിക്കാല്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. കുറഞ്ഞ വിലയ്ക്ക് അവര്‍ക്ക് കോഴിക്കാല്‍ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കും. ഇതു രാജ്യത്തെ കോഴിക്കര്‍ഷകരെ ബാധിക്കും.

തമിഴ്നാട്ടിലെ പച്ചക്കറിക്കൃഷിക്കാര്‍ക്കും കോഴിക്കര്‍ഷകര്‍ക്കുംവേണ്ടി വാദിക്കാനും കാര്യങ്ങള്‍ നേടിക്കൊടുക്കാനും ആളുകളുണ്ട്. വിഷമുള്ള പച്ചക്കറിക്കു കേരളം പരിശോധന ഏര്‍പ്പെടുത്താന്‍ ആലോചിച്ചപ്പോള്‍ തമിഴ്നാട്ടില്‍ കീടനാശിനി കമ്പനികള്‍തന്നെ പ്രക്ഷോഭവുമായി രംഗത്തെത്തി. വിഷം പ്രയോഗിച്ചു മാത്രമേ തമിഴ്നാട് കേരളത്തിലേക്കു ഭക്ഷ്യവസ്തുക്കള്‍ അയയ്ക്കൂ എന്നതാണു സ്ഥിതി. ഭക്ഷ്യാവശ്യങ്ങള്‍ക്കായി എന്നും മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥ നമുക്കു പൂര്‍ണമായി ഒഴിവാക്കാനാവില്ലെങ്കിലും ഭക്ഷ്യോത്പാദന മേഖലയില്‍ കേരളം ഏറെ മുന്നേറ്റം നടത്തിയേ തീരൂ. വിഷമുള്ളതാണെങ്കിലും അല്ലെങ്കിലും തങ്ങള്‍ തരുന്ന സാധനങ്ങള്‍ കേരളീയര്‍ വാങ്ങിക്കഴിച്ചുകൊള്ളണം എന്ന നിലപാടിലാണ് അന്യസംസ്ഥാന കര്‍ഷകരും വിപണി നിയന്ത്രിക്കുന്നവരും. ഇത് അംഗീകരിക്കാനാവില്ല.

ഉത്സവകാലത്ത് എന്തും അതിര്‍ത്തി കടത്തി വിട്ടാല്‍ വിറ്റുപോകും എന്നതുകൊണ്ടാണ് അന്യസംസ്ഥാനങ്ങള്‍ ഇത്രയും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണം. അതോടൊപ്പം ഭക്ഷ്യവസ്തുക്കള്‍ പരമാവധി ഉത്പാദിപ്പിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുകയും ജനം അതിനു സര്‍വാത്മനാ പിന്തുണ നല്‍കുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.