സര്‍ക്കാര്‍ കേസുകള്‍ കോടതികളില്‍ കുടുങ്ങരുത്: കെ.എം. മാണി
സര്‍ക്കാര്‍ കേസുകള്‍ കോടതികളില്‍ കുടുങ്ങരുത്: കെ.എം. മാണി
Monday, August 3, 2015 12:13 AM IST
കൊച്ചി: സര്‍ക്കാരിന്റെ കേസുകളെന്നാല്‍ പൊതുതാത്പര്യമാണെന്നു ധന, നിയമമന്ത്രി കെ.എം. മാണി. സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം സര്‍ക്കാര്‍ കേസുകള്‍ കോടതികളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതു സര്‍ക്കാരിനു ധനനഷ്ടത്തിനും ജനത്തിനു നീതി വൈകിക്കലിനും ഇടയാക്കുന്നു. ജുഡീഷറിയെ ബഹുമാനിക്കണം. കുറ്റവും കുറവുമുണ്െടങ്കില്‍ പരസ്പരം ചര്‍ച്ചയിലൂടെ പരിഹരിക്കണം. മുഖ്യമന്ത്രിക്കു നിങ്ങളില്‍ വിശ്വാസമാണെന്നു പറഞ്ഞു. എനിക്കും നിങ്ങളില്‍ വിശ്വാസമാണ്. നീതിനിഷേധങ്ങള്‍ ഒരിക്കലും ഉണ്ടാകരുത്. ചില കേസുകള്‍ തോറ്റെന്നു വരാം, എന്നാല്‍, നിഷ്കര്‍ഷതയോടെ, ജാഗ്രതയോടെ കേസുകള്‍ നടത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മുന്നോട്ടു വരണം. ഇത്തരം കേസുകള്‍ സര്‍ക്കാരിനു സമയ-സാമ്പത്തിക നഷ്ടമില്ലാതെ തീര്‍ക്കാന്‍ അഭിഭാഷകര്‍ താത്പര്യം കാണിക്കണം.

മുമ്പ് ലോട്ടറി കേസ് നടത്താന്‍ സുപ്രീംകോടതിയില്‍നിന്നു സീനിയര്‍ അഭിഭാഷകനെ കൊണ്ടുവന്ന പാരമ്പര്യം നമുക്കുണ്ട്. ഒരു കോടി 60 ലക്ഷം രൂപ ഈ അഭിഭാഷകനു കൊടുത്തു. ഇതു കേട്ടപ്പോള്‍ വക്കീലായാല്‍ മതിയായിരുന്നു. എന്തിനാ രാഷ്ട്രീയത്തില്‍ വന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ‘കാട്ടിലെ തടി തേവരുടെ ആന പിടിയോ പിടി’ എന്നു പറഞ്ഞ പോലെയായിരുന്നു കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.


യോഗത്തില്‍ സംസാരിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി മുന്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ കോടിക്കണക്കിനു രൂപ കഴിഞ്ഞ സര്‍ക്കാര്‍ ചെലവാക്കി. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കേസും മൂന്നു തെരഞ്ഞെടുപ്പുകളിലെങ്കിലും സജീവ വിഷയവുമായിരുന്ന സൂര്യനെല്ലി കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞില്ല. ഈ സര്‍ക്കാരിന്റെ കാലത്താണു മുഴുവന്‍ പ്രതികളെയും ശിക്ഷിച്ചത്.

പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും കെ.എം. മാണിക്കുമെതിരേ വന്ന അടിസ്ഥാനരഹിതമായ കേസുകളില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് വളരെ സമര്‍ഥമായാണു കേസ് നടത്തിയത്. ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനു നേരേ ആക്രമണമുണ്ടാകുമ്പോള്‍ ചെറുത്തു നില്‍ക്കേണ്ടതു ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.